ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകര സംഘടനയായി നിരോധിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച 100 -ൽ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ, ബ്രിസ്റ്റൽ, ട്രൂറോ എന്നിവിടങ്ങളിൽ ശനിയാഴ്ച പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ പിന്തുണച്ച് പ്രകടനങ്ങൾ നടന്നിരുന്നു. വെസ്റ്റ്മിൻസ്റ്ററിൽ നടന്ന പ്രകടനങ്ങളിൽ പലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചതിന് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ച് 55 പേരെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഈ മാസം ആദ്യമാണ് 2000 ലെ തീവ്രവാദ നിയമപ്രകാരം സർക്കാർ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ നിരോധിച്ചത്. ഇതോടെ ഈ ഗ്രൂപ്പിൽ അംഗത്വം നേടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. എന്നിരുന്നാലും രാജ്യത്തുടനീളം നിരവധി പേരാണ് പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻറെ പ്രകടനത്തിൽ സജീവമായി പങ്കെടുക്കുന്നത്. ലണ്ടനിൽ പാർലമെന്റ് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപവും പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു. പ്ലക്കാർഡുകൾ പിടിച്ച് സമരത്തിൽ പങ്കെടുക്കുന്ന മിക്കവരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് . ബ്രിസ്റ്റലിലെ കോളേജ് ഗ്രീനിൽ നടന്ന പ്രകടനത്തിന് ശേഷം തീവ്രവാദ നിയമപ്രകാരം 17 പേരെ അറസ്റ്റ് ചെയ്തതായി ആവോൺ ആൻഡ് സോമർസെറ്റ് പോലീസ് പറഞ്ഞു.


ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത്.