ആലുവയിലെ ലോഡ്ജില്‍ യുവതിയെ കഴുത്തില്‍ ഷോള് മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്താണ് കൊലപാതകം നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേര്യമംഗലം സ്വദേശിയായ ബിനുവെന്ന യുവാവിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് ശേഷം ഇയാള്‍ തന്റെ സുഹൃത്തുക്കളെ വീഡിയോ കോള്‍ മുഖേനെ കാര്യങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നത്.
ആലുവ നഗരത്തിലെ തോട്ടുങ്ങല്‍ എന്ന ലോഡ്ജിലാണ് കൊലപാതകം നടന്നത്. ലോഡ്ജില്‍ ആദ്യമെത്തിയത് ബിനുവാണ്. പിന്നാലെ അഖിലയും അവിടേക്കെത്തി. പിന്നീട് കൂറച്ചുകഴിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പോലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന അഖിലയുടെ ആവശ്യത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.
തര്‍ക്കം മൂര്‍ഛിച്ചതോടെ അഖിലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ താന്‍ അഖിലയെ കൊന്നുവെന്ന് തന്റെ സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയും വീഡിയോ കോളിലൂടെ മൃതദേഹം കാണിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇത് കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കളിലൊരാളാണ് ആലുവ പോലീസിനെ വിവരമറിയിച്ചത.
പിന്നാലെ പോലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമെ അഖിലയുടെ മൃതദേഹം ലോഡ്ജില്‍ നിന്ന് മാറ്റു. അഖിലയും ബിനുവും ഇടയ്ക്കിടെ ഈ ലോഡ്ജിലെത്തി താമസിക്കാറുണ്ടെന്നാണ് ഇവിടുത്തെ ജീവനകകാര്‍ പറയുന്നത്.
Leave a Reply