ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനായി ഫ്രാൻസുമായി ഉണ്ടാക്കിയ പദ്ധതികൾ കടുത്ത പരാജയമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ നടപടികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയെങ്കിലും ഈ വർഷം ഇംഗ്ലീഷ് ചാനൽ കടന്ന് ബോട്ടുകളിൽ എത്തുന്നവരുടെ എണ്ണം കൂടി. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 50 ശതമാനം വർദ്ധനവ് ആണ് ഉണ്ടായത്.
2025 – ൽ ഇതുവരെ 21,000 പേരാണ് ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തിയ അനധികൃത കുടിയേറ്റക്കാർ. ഇരു രാജ്യങ്ങളും സംയുക്തമായി നടപ്പിലാക്കിയ നിയന്ത്രണങ്ങൾ അനധികൃത കുടിയേറ്റക്കാരെ ഫലപ്രദമായി തടയുന്നതിന്റെ പരാജയമാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിൽ യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കാനുള്ള കരാറിൽ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചിരുന്നു. ചിലരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കുമ്പോൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ എണ്ണം അഭയാർത്ഥികളെ ഫ്രാൻസിൽ നിന്ന് യുകെയും സ്വീകരിക്കും. പദ്ധതിപ്രകാരം ആഴ്ചയിൽ 50 പേരെ വരെ തിരിച്ചയയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പുറത്തുവന്ന കണക്കുകൾ പ്രകാരം 2018 മുതൽ, 170,000 ൽ അധികം ആളുകൾ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട്.
Leave a Reply