പുതിയ ടോറി നേതാവിനെ കണ്ടെത്താൻ ബ്രിട്ടൻ ഒരുങ്ങിക്കഴിഞ്ഞു. വോട്ടുകൾ നേടാൻ വേണ്ടി സ്ഥാനാർത്ഥികൾ ആയ ബോറിസ് ജോൺസനും ജെറമി ഹണ്ടും പല പദ്ധതികളും വാഗ്ദാനങ്ങളും മുന്നോട്ടുവയ്ക്കുന്നു. നേതാവാകാൻ ഹണ്ടിനേക്കാൾ സാധ്യത മുൻ മേയറായിരുന്ന ബോറിസ് ജോൺസനാണെന്നാണ് വിലയിരുത്തൽ. പ്രധാന വിഷയം ബ്രക്സിറ്റ് തന്നെ. ഒക്ടോബർ 31 കൊണ്ട് തന്നെ ഒരു തീരുമാനം ആകും എന്ന് ജോൺസൺ പറയുമ്പോൾ, ഈ സമയപരിധി തെറ്റാണെന്നും ഒരു തെരഞ്ഞെടുപ്പിനുള്ള സാധ്യതകൾ കാണുന്നു എന്നും ഹണ്ട് പറയുന്നു. ഇന്നലെ നടന്ന ഒരു ലൈവ് ബ്രോഡ്കാസ്റ്റ് മീറ്റിംഗിൽ സ്ഥാനാർത്ഥികൾ രണ്ടും അവരുടെ ഭാവി പദ്ധതികൾ വെളിപ്പെടുത്തി.കഴിവുള്ള വ്യക്തികൾക്കും കുടിയേറ്റക്കാർക്കും ബ്രിട്ടനിലേക്ക് പ്രവേശിക്കാം എന്നാണ് ജോൺസൺ പറഞ്ഞത്. എന്നാൽ ഇത് നിയന്ത്രണവിധേയം ആയിരിക്കും. ഇതിനുവേണ്ടി ഒരു ഓസ്ട്രേലിയ രീതിയിലുള്ള പോയിന്റ് ബേസ്ഡ് സിസ്റ്റം കൊണ്ടുവരുമെന്നും ജോൺസൻ പറഞ്ഞു . ഇത് യുകെ സമ്പത്ത് വ്യവസ്ഥയുടെ ആവശ്യങ്ങളെ നിറവേറ്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “കാർഷിക മേഖലയും മുന്നേറണം. കഴിവുള്ള ആളുകൾ ബ്രിട്ടനിലേക്ക് വരണം. എന്നാൽ ഇതൊക്കെ നിയന്ത്രണവിധേയം ആയിരിക്കും.” ജോൺസൺ കൂട്ടിച്ചേർത്തു.


സ്വന്തമായി വ്യവസായം ആരംഭിക്കുന്ന യുവാക്കളുടെ യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് കടം എഴുതിത്തള്ളും എന്ന വാഗ്ദാനമാണ് ഹണ്ട് നൽകിയത്. “അവർ കൂടുതലായി മുന്നേറണം. യുവാക്കൾ സ്വന്തം വ്യവസായം തുടങ്ങുകയും മറ്റുള്ളവർക്ക് ജോലി നൽകുന്നവരായും മാറണം. എന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.” ഹണ്ട് കൂട്ടിച്ചേർത്തു. സ്കൂളുകളിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകും, നിരക്ഷരത തുടച്ചുനീക്കാൻ വിദ്യാഭ്യാസ വ്യവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരും, പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ 15 ബില്യൺ പൗണ്ട് ചെലവഴിക്കും, വാണിജ്യ നികുതി കുറക്കും എന്നിവയാണ് ഹണ്ട് നൽകിയ വാഗ്ദാനങ്ങൾ.

എൻഎച്ച്എസിനെ കൂടുതൽ ശക്തിപ്പെടുത്തും, യൂറോപ്യൻ യൂണിയനിലേക്ക് നൽകുന്ന പണം എൻഎച്ച്എസിന്റെ പുരോഗതിക്കായി ഉപയോഗിക്കും, തൊഴിലിനായി ഗാട്ട് 24 സംവിധാനം കൊണ്ടുവരും, ഇരുപതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും, വേഗതയേറിയ ഇന്റർനെറ്റ് കണക്ഷൻ ഒരുക്കും എന്നീ വാഗ്ദാനങ്ങളാണ് ജോൺസൺ നൽകിയത്. യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവർക്ക് യുകെയിൽ നിൽക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കുമെന്നും ഇരുവരും പറഞ്ഞു. ജൂലൈ 23നാണ് തിരഞ്ഞെടുപ്പ്.   ജൂലൈ 24ന് പുതിയ നേതാവ് സ്ഥാനമേൽക്കുന്നതുമാണ്.