ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയും ഇന്ത്യയുമായി നിലവിൽ വന്ന സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഉപകാരപ്രദമാകുമെന്ന കാര്യത്തിൽ തർക്കമില്ല. വിവിധ ബിസിനസ് മേഖലകളെ അത് എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ ആ രംഗങ്ങളിലെ വിദഗ്ധരുടെ ഇടയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷനുകൾ ഉൾപ്പെടെയുള്ളവർക്ക് കൂടുതൽ സാധ്യതകൾ യുകെയിൽ ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും കരാർ പുതിയ വിസ റൂട്ടുകൾ ഒന്നും അവതരിപ്പിക്കുന്നില്ല. ഏതൊക്കെ രീതിയിലുള്ള കുടിയേറ്റവും രാജ്യത്തിൻറെ പൊതു നയത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് കരാറിൽ പറയുന്നത്.


വ്യാപാര കരാർ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ ചൂടുള്ള ചർച്ചകൾ നടക്കുകയാണ്. രണ്ട് വർഷം മുമ്പ് നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായി ഇന്ത്യൻ യൂണിവേഴ്സിറ്റികൾ ബിരുദ തല കോഴ്സുകളുടെ ദൈർഘ്യം നാലുവർഷമായി കൂട്ടിയിരുന്നു . യുകെ യുഎസ് പോലുള്ള രാജ്യങ്ങളുടെ വിദ്യാഭ്യാസ നയങ്ങളുമായി ചേർന്നു പോകുന്നതിനായി ആണ് നാഷണൽ എഡ്യൂക്കേഷൻ പോളിസി നടപ്പിലാക്കിയത്. ഇത് മൂലം മറ്റ് രാജ്യങ്ങളിൽ തുടർ പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഇത് ഉപകാരപ്രദമാകും. കടുത്ത കുടിയേറ്റ നയങ്ങളും പിആർ കിട്ടാനുള്ള നിയന്ത്രണങ്ങളും കാരണം യുകെയിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കുറഞ്ഞതായാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും വൻ തിരിച്ചടിയാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ വിലയിരുത്തുന്നത്. സ്വകാര്യ മേഖലയിലുള്ള യൂണിവേഴ്സിറ്റികളും കോളേജുകളും ഇതിനകം തന്നെ യുകെ പോലുള്ള രാജ്യങ്ങളിലെ യൂണിവേഴ്സിറ്റുകളുമായി സഹകരണത്തിനായുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. യുകെയിൽ പോകുന്നതിനു പകരം ഇവിടെ നിന്നു തന്നെ യുകെ യൂണിവേഴ്സിറ്റികളുടെ ഡിഗ്രി കരസ്ഥമാക്കാനുള്ള സാഹചര്യം നിലവിൽ വരുന്നത് പല കോളേജുകളും യൂണിവേഴ്സിറ്റികളും അടച്ചുപൂട്ടുന്നതിന് കാരണമാകും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിന്ന് നല്ലൊരു വിഹിതം ഈ രീതിയിൽ യുകെയിലെ യൂണിവേഴ്സിറ്റികളിലേയ്ക്ക് എത്തിപ്പെടും. കഴിഞ്ഞ ഒരു ദശകമായി നമ്മുടെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ യുകെയിൽ കൊണ്ട് നിക്ഷേപിക്കുന്ന പണം അവർ ഇവിടെ വന്ന് സമ്പാദിക്കുന്ന സ്ഥിതി നിലവിൽ വരും. വിദേശ യൂണിവേഴ്സിറ്റികൾക്ക് അനുകൂലമായ നിലപാട് കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. സ്കോച്ച് വിസ്കികൾക്ക് വിലകുറയും എന്നു കരുതി സന്തോഷിക്കുന്ന നമ്മൾ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്ര സ്ഥാപനങ്ങളും അടച്ചുപൂട്ടുന്ന സാഹചര്യം കൂടി മുന്നിൽ കാണണമെന്നതാണ് യുകെ – ഇന്ത്യ വ്യാപാര കരാറിന്റെ പിന്നാമ്പുറം.