സോണി കെ. ജോസഫ്
മുണ്ടക്കയം: സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ കുറച്ച് പേര്‍ മാത്രം. അങ്ങനെ സ്വപ്നം കണ്ടവരായിരുന്നു അവരും. എന്നാല്‍ എങ്ങനെ സിനിമയിലെത്തുമെന്നോ ആരെ കാണാണമെന്നോ എന്ത് ചെയ്യണമെന്നോ അവര്‍ക്കറിയില്ലായിരുന്നു. പക്ഷെ ആ അറിവില്ലായ്മയില്‍ ഒതുങ്ങി നില്‍ക്കാതെ തങ്ങളുടെ അറിവുകളെ വേറെ ആളുകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അവര്‍ തീരുമാനിച്ചു. ആ തീരുമാനത്തില്‍ നിന്നാണ് ‘ഗോഡ്‌സ് ഓണ്‍ സിനിമാ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി’ എന്ന സംഘടനയുടെ ഉദയം.

‘തിരക്കഥാ പരിശീലനവും ഹൃസ്വ ചിത്ര നിര്‍മ്മാണവും സ്‌കൂള്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുക, അവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെയ്യുക, കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പരിപാടികളായിരുന്നു സൊസൈറ്റിയുടെ പ്രഥമ അജണ്ട. ജനുവരി 18 ന് സൊസൈറ്റി തങ്ങളുടെ ആദ്യ ചുവട് വെച്ചെന്ന് ഭാരവാഹികള്‍ പറയുന്നു. മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തിരക്കഥ പഠിക്കാനും സിനിമ നിര്‍മ്മിക്കാനും താല്‍പര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സൊസൈറ്റിയുടെ ഭാരവാഹികള്‍ സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂടെ ചിന്നാര്‍ വന്യ ജീവി സങ്കേതം സന്ദര്‍ശിക്കുകയും അവിടെ വെച്ച് വെറും ഒരു ദിവസം കൊണ്ട് ഏഴ് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ഹൃസ്വ സിനിമ നിര്‍മ്മിക്കുകയും ചെയ്തു.

1

വിദ്യാര്‍ത്ഥികള്‍ തന്നെ ചിത്രത്തിന്റെ കഥ രചിച്ച് അവരെ വെച്ച് തന്നെ ഷൂട്ട് ചെയ്യിപ്പിച്ച് അവരെ തന്നെ അഭിനയിപ്പിച്ച് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഒരു ദിവസം കൊണ്ട് എഡിററിംഗ് ഒഴികെയുള്ള സിനിമയുടെ മുഴുവന്‍ ജോലിയും പൂര്‍ത്തിയാക്കുകയായിരുന്നു. ‘പൊതിച്ചോര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തെ 24 ഹവര്‍ 0 ബഡ്ജറ്റ് എന്ന അടിസ്ഥാനത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു രൂപ പോലും ചിലവാകാതെ സാധാരണ മൊബൈല്‍ ക്യാമറയില്‍, ഉള്ള സ്ഥലത്ത് വെച്ച്, കിട്ടിയ പരിമിതമായ സൗകര്യത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ‘പൊതിച്ചോറിന്റെ’ ഔദ്യോഗിക റിലീസ് ഇക്കഴിഞ്ഞ 11-ാം തീയതി മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു തുണ്ടിയില്‍, മാനേജര്‍ ഫാദര്‍ ഫിലിപ്പ് മഞ്ചാടിയില്‍, വൈസ് പ്രിന്‍സിപ്പല്‍ സെലിന്‍ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. നന്ദി വാക്കില്‍ ഈ സംരംഭത്തിന് ഭാവിയില്‍ എല്ലാ വിധ പ്രോത്സാഹനങ്ങളും പിന്തുണയും നല്‍കുന്നതായി ഫാദര്‍ മാത്യു തുണ്ടിയില്‍ പറഞ്ഞു.

3

ഇതേ വിദ്യാര്‍ത്ഥികളുടെ തന്നെ സൃഷ്ടിയായ ‘വെളിച്ചം’ എന്ന തിരക്കഥ, സൊസൈറ്റി ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ ചിത്രീകരിക്കുമെന്നും അതിന് വേണ്ടി സഹകരിക്കുമെന്നും ഫാദര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഒരുപക്ഷെ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത് പോലെയൊരു സംരംഭം.

2

നിലവില്‍ ഒരുപാട് സ്‌കൂളുകള്‍ ഇത്തരം ആവശ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. അതേസമയം തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹകരിച്ച് സ്വദേശത്തും വിദേശത്തുമുള്ള സ്‌കൂളുകളിലേക്ക് ഈ സംരംഭത്തെ വ്യാപിപ്പിക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. അതിന് വേണ്ടി ഒരുപാടുപേര്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സൊസൈറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കൂടുതള്‍ വിവരങ്ങള്‍ക്ക്: 9496226485.