ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിലെ കൂടുതൽ കുട്ടികൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ യുകെ ആരംഭിച്ചു. ഇതിൻറെ ഭാഗമായി ഗുരുതരമായി രോഗബാധിതരായ അല്ലെങ്കിൽ പരിക്കേറ്റ കുട്ടികളെ ഗാസയിൽ നിന്ന് മാറ്റി വൈദ്യചികിത്സയ്ക്കായി യുകെയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു. എത്ര കുട്ടികൾക്ക് വൈദ്യസഹായം ലഭ്യമാകും എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും 300 യുവാക്കൾക്ക് വരെ സൗജന്യ വൈദ്യചികിത്സ ലഭിക്കാനായി യുകെയിൽ പ്രവേശിക്കാൻ സർക്കാർ അനുമതി നൽകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രൊജക്റ്റ് പ്യുവർ ഹോപ്പിന്റെ ഒരു സംരംഭത്തിലൂടെ ഗാസായിലെ ചില കുട്ടികളെ ഇതിനകം സ്വകാര്യമായി യുകെയിലേക്ക് വൈദ്യചികിത്സയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ സംഘർഷത്തിനിടയിൽ സർക്കാർ ഇതുവരെ സ്വന്തം പദ്ധതിയിലൂടെ ആരെയും ഒഴിപ്പിച്ചിട്ടില്ല. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ ഗാസയിൽ നിന്ന് ഒഴിപ്പിക്കുക എന്നതാണ് പദ്ധതിയെന്ന് ഞായറാഴ്ച ഒരു സർക്കാർ വക്താവ് പറഞ്ഞു. കഴിയുന്നത്ര വേഗത്തിൽ അത് ചെയ്യാൻ ഞങ്ങൾ വേഗത്തിൽ പ്രവർത്തിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം 50,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ് യുഎൻ ചാരിറ്റിയായ യൂണിസെഫ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് .
ജൂലൈ അവസാനം പ്രസിദ്ധീകരിച്ച ഒരു വിദേശകാര്യ കമ്മിറ്റി റിപ്പോർട്ടിലാണ് ഗാസയിലെ കുട്ടികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ വിശദമാക്കിയത്. യാത്രാ പെർമിറ്റുകൾ, മെഡിക്കൽ വിസകൾ, യുകെയിലേക്കുള്ള സുരക്ഷിത ഗതാഗതം എന്നിവ ഏകോപിപ്പിക്കുക, കുട്ടികൾക്ക് ഗാസയിൽ ലഭ്യമല്ലാത്ത പ്രത്യേക പരിചരണം നൽകുക എന്നിവയൊക്കെയാണ് നടപ്പിലാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്ന പ്രധാന കാര്യങ്ങൾ . ഗുരുതരമായ വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചതായി ഈ വിഷയത്തിൽ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. സർക്കാർ പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിക്കും ഒരു രക്ഷിതാവ് അനുഗമിക്കേണ്ടതുണ്ട്. അവർ യാത്ര ചെയ്യുന്നതിന് മുമ്പ് ഹോം ഓഫീസ് ബയോമെട്രിക്, സുരക്ഷാ പരിശോധനകൾ നടത്തും. സ്വമേധയാ സേവനം നൽകുന്ന മെഡിക്കൽ പ്രൊഫഷണലുകൾ ഉൾപ്പെടുന്ന ബ്രിട്ടീഷ് സംഘടനയായ പ്രോജക്റ്റ് പ്യുർ ഹോപ്പ് ഇതുവരെ മൂന്ന് കുട്ടികളെ ചികിത്സയ്ക്കായി യുകെയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
Leave a Reply