ആലപ്പുഴയിലെ ജൈനമ്മയുടെ തിരോധനവുമായി ബന്ധപ്പെട്ട് ചേർത്തല പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സെബാസ്റ്റ്യന്റെ വീട്ടു വളപ്പിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയിൽ വസ്ത്രത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനയിൽ മനുഷ്യ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വീടിന്‍റെ തറയിളക്കിയും പരിശോധിക്കുമെന്നാണ് സൂചന.
ആദ്യഘട്ടത്തിൽ വീടിന്റെ പിറകിലുള്ള ശൗചാലയത്തിലേക്കായിരുന്നു കെഡാവർ നായ ഓടിക്കയറിയത്. ശേഷം പറമ്പിലുള്ള കുളത്തിനരികിലേക്ക് വരികയായിരുന്നു. ഇതോടെ കുളത്തിൽ മൃതദേഹം തള്ളിയെന്ന സംശയത്തിലാണ് കുളം വറ്റിച്ചുള്ള പരിശോധന നടത്തിയത്. വെള്ളം പൂർണമായും വറ്റിച്ച് ചെളി ജെസിബി ഉപയോഗിച്ച് മാറ്റിയുള്ള പരിശോധനയിലാണ് സ്ത്രീൾ ഉപയോഗിക്കുന്ന ബാഗും കൊന്ത പോലെയുള്ള വസ്തുവും വസ്ത്ര ഭാഗങ്ങളും കണ്ടെത്തിയത്. മണ്ണിൽ മനുഷ്യ ശരീരഭാഗങ്ങളുണ്ടോ എന്നും കെഡാവർ നായകളെ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. വസ്ത്രങ്ങൾ ആരുടേതാണെന്നത് വ്യക്തമല്ല. ഇത് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.
2.15 ഏക്കർ വരുന്ന പറമ്പ് കാടുമൂടിക്കിടക്കുന്ന നിലയിലാണ്. ഇതിൽ ഒന്നിലധികം കുളങ്ങളുമുണ്ട്. ആഫ്രിക്കൻ മുഷിയടക്കമുള്ള മത്സ്യങ്ങളും കുളത്തിലുണ്ട്. മൃതദേഹങ്ങൾ കുളത്തിൽ തള്ളിയിട്ടുണ്ടോ എന്ന സംശയം ബലപ്പെടാൻ ഇതും കാരണമായി. ലൈറ്റുകളടക്കം എത്തിച്ച് പരിശോധന രാത്രിയിലും തുടരും. സെബാസ്റ്റ്യന്‍റെ വീടിന്‍റെ തറയിളക്കിയും പരിശോധന നടത്തുമെന്നാണ് സൂചന.
കെഡാവർ നായ പോകുന്ന സ്ഥലങ്ങളിലൊക്കെ ജെസിബി ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ പരിശോധന വൈകുന്നേരവും തുടർന്നു കൊണ്ടിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ചോദ്യം ചെയ്യലിനോട് ഇയാൾ സഹകരിക്കുന്നില്ലെന്നാണ് വിവരം.
രാവിലെ പറമ്പിൽ നടത്തിയ പരിശോധനയിൽ ആറ് കഷണം അസ്ഥികൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അസ്ഥിഭാഗങ്ങൾ കിട്ടയ സ്ഥലത്തുനിന്ന് അമ്പതോളം മീറ്റർ മാറിയാണ് ഇന്ന് അസ്ഥികൾ ലഭിച്ചത്. ഇവ രണ്ടു ഒരാളുടേത് തന്നെയാണോ എന്നത് ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
Leave a Reply