പാക് വംശജയായ പെണ്‍കുട്ടിയുടെ ബലാത്സംഗപരാതിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഹൈദര്‍ അലി യുകെയില്‍ അറസ്റ്റില്‍. പാകിസ്താന്റെ എ ടീം- പാകിസ്താന്‍ ഷഹീന്‍സിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസാണ് ഹൈദര്‍ അലിയെ അറസ്റ്റുചെയ്തത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഹൈദറിനെ ജാമ്യത്തില്‍വിട്ടു. പിന്നാലെ താരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു.
ഓഗസ്റ്റ് മൂന്നിന് യുകെയിലെ ബെക്കന്‍ഹാം ഗ്രൗണ്ടില്‍ എംസിഎസ്എസി ടീമിനെതിരേയുള്ള മത്സരത്തിനിടെയാണ് അറസ്‌റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാക് വംശജയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. ജൂലായ് 17 മുതല്‍ ഓഗസ്റ്റ് ആറുവരെയായിരുന്നു ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരവുമായിരുന്നു ടീമിനുണ്ടായിരുന്നത്. ക്യാപ്റ്റനൊഴികെ മുഴുവന്‍ താരങ്ങളും ബുധനാഴ്ച തിരിച്ചെത്തിയിരുന്നു.
അന്വേഷണത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നുവെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വക്താവ് പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കും. ബോര്‍ഡ് സ്വന്തം നിലയ്ക്കും യുകെയില്‍ അന്വേഷണം നടത്തും. അന്വേഷണവിധേയമായാണ് ഹൈദര്‍ അലിയുടെ സസ്പന്‍ഷന്‍ എന്നും ബോര്‍ഡ് വ്യക്തമാക്കി.
പാകിസ്താനുവേണ്ടി രണ്ട് ഏകദിനങ്ങളും 35 ടി20കളും കളിച്ച താരമാണ് ഹൈദര്‍ അലി. നേരത്തേയും താരം ബോര്‍ഡിന്റെ നടപടിക്ക് വിധേയനായിരുന്നു. 2021-ല്‍ അബുദാബിയില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ലീഗിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു സസ്‌പെന്‍ഷന്‍. ഇതേത്തുടര്‍ന്ന് അതേവര്‍ഷം ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.
Leave a Reply