ന്യൂസ് ഡെസ്ക്, മലയാളം യുകെ
സറേയിലെ ഒരു ആഡംബര ഹോട്ടലിൽ മുൻ പങ്കാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷമാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത് . 61 കാരനായ ജെയിംസ് കാർട്ട്റൈറ്റ് ആണ് പ്രതി. 54 കാരിയായ സാമന്ത മിക്കിൾബർഗ് ആണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്.
തൻറെ 60-ാം ജന്മദിനത്തിൽ പങ്കെടുക്കാനാണ് ഇയാൾ മുൻ പങ്കാളിയെ ക്ഷണിച്ചത്. എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു . ഹോട്ടലിൽ വച്ച് ഇയാൾ തൻറെ മുൻപങ്കാളിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ പ്രതി കൊലപാതകം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തു . മിക്കിൾബർഗ് കിടക്കയിൽ നിന്ന് വീണതിനെ തുടർന്ന് മരിച്ചുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
വിചാരണയിൽ ഒരിക്കലും ഇയാൾക്ക് മനംമാറ്റം ഉണ്ടാവുകയോ കുറ്റം സമ്മതിക്കുകയോ ചെയ്തില്ല. ഇയാൾക്ക് കുറഞ്ഞത് 28 വർഷം തടവ് അനുഭവിക്കേണ്ടിവരും. തനിക്ക് ജന്മദിനം ആഘോഷിക്കാൻ ആരുമില്ലെന്നും തന്റെ ഒറ്റപ്പെടലും പറഞ്ഞാണ് ജെയിംസ് കാർട്ട്റൈറ്റ് തന്റെ മുൻ പങ്കാളിയെ തന്ത്രപൂർവ്വം ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ വിരുന്നിനിടെ കാർട്ട്റൈറ്റ് അവളെ ബലാത്സംഗം ചെയ്യുകയും കഴുത്തു ഞെരിച്ച് കൊല്ലുകയും തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ തന്റെ അടുത്തുള്ള കിടക്കയിൽ അവളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് അദ്ദേഹം ആംബുലൻസ് വിളിക്കുകയായിരുന്നു.
Leave a Reply