വാടകവീട്ടിൽ രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് വിവരം. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ലോറിക്കൽ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരൻ പ്രമോദിനെ കാണാനില്ല. കഴിഞ്ഞ മൂന്നു വർഷമായി ഇവർ അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാർ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചിരുന്നു. ഇതനുസരിച്ച് ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയിൽ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങൾ. പ്രമോദിനെ ഫോണിലും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ആദ്യം റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് ഓഫാക്കിയിരിക്കുന്നതായുള്ള സന്ദേശമാണ് ഫോണിൽ വിളിച്ചപ്പോൾ ലഭിച്ചതെന്ന് അയൽവാസികൾ അറിയിച്ചു.
വാടക വീടിനടുത്തുളള ആശുപത്രിയിൽ ചില രോഗങ്ങൾക്കായി ചികിത്സ തേടി വന്ന സഹോദരിമാരാണ് ശ്രീജയയും പുഷ്പയുമെന്നാണ് അയൽവാസികൾ പറയുന്നത്. പ്രമോദിന്റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് ഫോൺ ഓഫ് ചെയ്യുന്നതിനു മുൻപ് ഇയാൾ ഫറോക്ക് ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Leave a Reply