ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഷെപ്പി ദ്വീപിലെ ലെയ്സ്ഡൗൺ-ഓൺ-സീയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി മൂന്ന് കുട്ടികളെ അറസ്റ്റ് ചെയ്തു. 16 വയസ്സുള്ള ഒരു പെൺകുട്ടിയെയും 14 ഉം 15 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെയും ആണ് കെൻ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് എട്ടു മണിക്കാണ് തർക്കത്തെ തുടർന്ന് ഒരാൾ ആക്രമിക്കപ്പെട്ടതായുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് വാർഡൻ ബേ റോഡിലേക്ക് ഉദ്യോഗസ്ഥരെയും എയർ ആംബുലൻസിനെയും വിളിച്ചുവരുത്തിയതായി കെന്റ് പോലീസ് പറഞ്ഞു.
40 വയസ്സുള്ള ആൾക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു എന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും പോലീസ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു. അറസ്റ്റിലായ കുട്ടികൾ നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വക്താവ് പറഞ്ഞു. ദൃക്സാക്ഷികളായവരോ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
Leave a Reply