ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഓരോ ദിവസവും ലോകം കൺതുറക്കുന്നത്   കോവിഡ് -19ന്റെ ഭീകര കഥകൾ കേട്ടുകൊണ്ടാണ്. കേരളത്തിൽ സ്ഥിതി മെച്ചപ്പെടുന്നെങ്കിലും ലോകമെമ്പാടും പ്രവാസികൾ അധിവസിക്കുന്ന പലസ്ഥലങ്ങളിലും ഓരോ ദിവസവും മരണ നിരക്ക് കൂടുകയും പല രാജ്യങ്ങളിൽനിന്നും പ്രവാസിമലയാളികളുടെ പേരുകൾ അതിലുൾപ്പെടുകയും ചെയ്യുന്നതിൻെറ ഞെട്ടലിലാണ് മലയാളികൾ എല്ലാവരും. കോവിഡ് -19 അറുപത് വയസ്സിനുമുകളിലുള്ളവരെ കൂടുതലായി ബാധിക്കുമെന്ന കണക്കുകളും പഠനങ്ങളും പുറത്തു വന്നിരുന്നു. പല രാജ്യങ്ങളിലും ആതുരശുശ്രൂഷ രംഗത്ത് പ്രായാധിക്യം ഉള്ളവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കുന്നില്ല എന്നുള്ള പരാതികൾ പരക്കെ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആതുരശുശ്രൂഷ രംഗത്ത് പ്രത്യാശയുടെ പൊൻകിരണങ്ങൾ സമ്മാനിച്ച് ബ്രിട്ടനിൽ 101 വയസ്സുള്ള കീത്ത് വാട്സൺ കൊറോണാ വൈറസിനെ അതിജീവിച്ചത്. ഇതോടുകൂടി യുകെയിലെ കൊറോണാ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായമുള്ള വ്യക്തിയായി അദ്ദേഹം. കഴിഞ്ഞ മാസം റെഡ്ഢിച്ചിലുള്ള അലക്സാഡ്ര ആശുപത്രിയിൽ ഒരു ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചപ്പോഴാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്

ഇതേസമയം കൊറോണ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം ചെന്ന വ്യക്തി 107 വയസ്സുകാരിയായ ഡച്ച് വനിത കോർനെലിയ റാസ്ആണ്. അവരുടെ കൂടെ നഴ്സിങ് ഹോമിൽ ഉണ്ടായിരുന്ന 40 പേർക്ക് വൈറസ് ബാധ കണ്ടെത്തുകയും അതിൽതന്നെ 12 പേർ കോവിഡ് -19 മൂലം മരിക്കുകയും ചെയ്തു. അതേസമയം വൈദ്യശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോർനെലിയ റാസ് തന്റെ 107 -ആം വയസ്സിലും കോവിഡ് -19 അതിജീവിച്ചു.

ഇന്ത്യയിൽ കേരളത്തിൽനിന്നുള്ള റാന്നി സ്വദേശിയായ 93 വയസ്സുകാരനായ തോമസ് എബ്രഹാമാണ് കൊറോണാ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി. അദ്ദേഹത്തിനും ഭാര്യയായ 88 വയസ്സുകാരിയായ മറിയാമ്മയും കൊറോണ വൈറസ് ബാധിതരായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യയും രോഗമുക്തി ആയി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പ്രായമായ ഈ വ്യക്തികളുടെ അത്ഭുതകരമായ അതിജീവനം ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഊർജവും ആത്മവിശ്വാസവും നൽകുന്നതാണ് .