ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈയെടുത്തതിനെ പ്രശംസിച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രസ്താവന പുറപ്പെടുവിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു എന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. വെള്ളിയാഴ്ച അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വെടിനിർത്തൽ കരാറിലെത്താൻ പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും യുദ്ധാവസാനത്തിലേക്ക് എക്കാലത്തേക്കാളും നാം അടുത്തിരിക്കുന്നു എന്നാണ് ഉച്ചകോടിയെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.
ഉച്ചകോടി റഷ്യ – ഉക്രയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വൻ ചുവടുവെയ്പ്പായാണ് ലോകമെങ്ങും കൊണ്ടാടിയത്. എന്നാൽ വലിയ പുരോഗതി ഉണ്ടായി എന്ന് മുൻപ് പറഞ്ഞിട്ടും വ്യക്തമായി കരാറിൽ എത്തിച്ചേരാൻ നേതാക്കൾക്ക് ആയില്ല. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയില്ലാതെ സമാധാന കരാറിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് ശ്രദ്ധേയമായി. നിലവിൽ യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഉക്രയിന് വലിയ പിൻതുണയാണ് നൽകുന്നത്.
കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ട്രംപിനെ കാണാൻ സെലെൻസ്‌കി തിങ്കളാഴ്ച വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുന്നുണ്ട്. ആങ്കറേജ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, ശനിയാഴ്ച രാവിലെ സർ കെയർ സ്റ്റാർമർ പാശ്ചാത്യ സഖ്യകക്ഷികളുമായി സംസാരിച്ചിരുന്നു .ഏതൊരു കരാറിന്റെയും ഭാഗമായി ഉക്രെയ്നിന് ശക്തമായ സുരക്ഷാ ഗ്യാരണ്ടി നൽകുന്നതിന് യൂറോപ്പിനൊപ്പം അമേരിക്കയും കാണിക്കുന്ന തുറന്ന മനസ്സിനെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഒരു ഇടക്കാല വെടി നിർത്തലല്ല യുദ്ധത്തിൻറെ ശാശ്വത പരിഹാരമാണ് വേണ്ടതെന്നാണ് ശനിയാഴ്ച ട്രംപുമായുള്ള ഒരു ഫോൺ സംഭാഷണത്തിന് ശേഷം സെലെൻസ്‌കി പ്രതികരിച്ചത്.
Leave a Reply