ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിൻെറ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മലയാളി നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും പങ്ക് വളരെ വലുതായിരുന്നു. പല മലയാളി ജീവനക്കാരും തങ്ങളുടെ ആരോഗ്യം പോലും മറന്നാണ് കോവിഡ് രോഗികളെ ശ്രുശ്രൂഷിക്കാനായി ഓടി എത്തിയത്. കുടുംബങ്ങളുടെ സുരക്ഷയ്ക്കായി താമസം പോലും താത്കാലികമായി മാറ്റിയവരാണ് പൂരിപക്ഷം പേരും. അതുകൊണ്ട് തന്നെയാണ് പുതിയ റിക്രൂട്ട്‌മെന്റില്‍ കഴിവതും മലയാളികള്‍ വരട്ടെ എന്ന നിലപാടിലേക്ക് എന്‍എച്ച്എസ് എത്തിയിരിക്കുന്നത്. പത്തു വര്‍ഷത്തിലധികം എൻഎച്ച്എസിൽ സേവനമനുഷ്ഠിച്ച മിക്ക മലയാളികൾക്കും സ്‌ഥാനകയറ്റത്തിൻെറ അനുഭവം പങ്കിടാൻ ഉണ്ടാവും. ഇത്തരത്തിലുള്ള നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് നഴ്സിങ് രംഗത്തെ ഉയര്‍ന്ന ബഹുമതിയായ ചീഫ് നഴ്സിങ് ഓഫിസര്‍ ബഹുമതി രണ്ടു മലയാളികളെ തേടി എത്തിയത്.

ഷെഫീല്‍ഡില്‍ നിന്നുമുള്ള ലീന ഫിലിപ്പിന് കഴിഞ്ഞ മാസമാണ് ഈ ബഹുമതി തേടിയെത്തിയത്. ഇപ്പോള്‍ ഈ അംഗീകാരം സൗത്താംപ്ടണിലെ മലയാളി നഴ്‌സായ സൈമണ്‍ ജേക്കബിനാണ് ലഭിച്ചിരിക്കുന്നത്. കോവിഡിൻെറ രണ്ടുഘട്ടങ്ങളിലും മനോധൈര്യം കൈവിടാതെ യൂണിറ്റിനെ സൈമൺ നോക്കിനടത്തി. കോവിഡ് രൂക്ഷമായിരുന്ന കാലയളവിൽ രാജ്യം ഓക്‌സിജന്‍ ക്ഷാമം നേരിട്ടിരുന്നു. വെന്റിലേറ്ററിലേക്കുള്ള ആവശ്യത്തിന് പോലും ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. സിലിണ്ടര്‍ ഓക്‌സിജനും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മറ്റും വഴിയാണ് ഈ പ്രതിസന്ധി രാജ്യം നേരിട്ടത്. കോവിഡിൻെറ ആദ്യ തരംഗത്തിൽ മരണ നിരക്ക് ഉയര്‍ന്നു നിന്ന സൗത്താംപ്ടണില്‍ രണ്ടാം തരംഗത്തിൽ ദേശീയ ശരാശരിയേക്കാള്‍ താഴ്ത്തി നിര്‍ത്താന്‍ സാധിച്ചത് സൈമണ്‍ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ രാപകല്‍ അധ്വാനം വഴിയാണ്.

സൈമണിൻെറ യൂണിറ്റിലെയും എച്ച്ഡിയു വിഭാഗത്തിലെയും ജീവനക്കാര്‍ക്ക് ഒരുമിച്ച് കോവിഡ് വന്ന സാഹചര്യത്തിൽ അവധി പോലും എടുക്കാതെയാണ് അദ്ദേഹം ജോലി ചെയ്തത്. സൂം മീറ്റിങ്ങുകളും മറ്റും സംഘടിപ്പിച്ച്‌ ജീവനക്കാരുടെ പ്രശനങ്ങള്‍ കേൾക്കാനും അവർക്ക് മാനസിക പിന്തുണ നൽകാനും സൈമണും സംഘവും ശ്രദ്ധിച്ചിരുന്നു. ആ സമയങ്ങളിൽ തൻെറ ഭാര്യയും കുടുംബവും നല്‍കിയ പിന്തുണ കാരണമാണ് തനിക്ക് ഈ അംഗീകാരം നേടാനായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.