വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു. രഞ്ജിത്തിന്റെ രചനയില്‍ സംവിധാനംചെയ്യുന്ന ചിത്രം സിബി മലയില്‍ പ്രഖ്യാപിച്ചു. കോക്കേഴ്‌സ് മീഡിയയുടെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മാണം. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. 27 വര്‍ഷങ്ങള്‍ക്കുശേഷം എന്ന് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററാണ് സിബി മലയില്‍ പങ്കുവെച്ചത്.
‘പൂച്ചയ്ക്ക് മണികെട്ടിയതാര്? എന്തോ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കൂ’, എന്ന കുറിപ്പിനൊപ്പമാണ് സിബി മലയില്‍ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവെച്ചത്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ഒരു ചില്ലുകൂടും അടുത്തൊരു പൂച്ചയേയും പോസ്റ്ററില്‍ കാണാം.
മുമ്പ് ‘മായാമയൂരം’, ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’, ‘ഉസ്താദ്’ എന്നീ ചിത്രങ്ങളിലാണ് രഞ്ജിത്തും സിബി മലയിലും ഒന്നിച്ചത്. ‘സമ്മര്‍ ഇന്‍ ബെത്‌ലഹേമി’ന്റെ രണ്ടാംഭാഗമാണോ ചിത്രം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രഖ്യാപനത്തിലെ സൂചനകള്‍ പൂരിപ്പിക്കുമ്പോള്‍ ആരാധകര്‍ എത്തിച്ചേര്‍ന്നതും ഈ നിഗമനത്തിലേക്കാണ്. ഡെന്നിസും രവിശങ്കറും ആമിയും വീണ്ടും വരികയാണോ എന്നാണ് ആരാധകരുടെ ചോദ്യം.
1998-ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ 2025-ല്‍ 27 വര്‍ഷം പിന്നിടും. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചത് സിയാദ് കോക്കര്‍ തന്നെയായിരുന്നു. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി, അഗസ്റ്റിന്‍ തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങള്‍ ഒന്നിച്ച ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. ചിത്രത്തിന്റെ രണ്ടാംഭാഗമാണോ എന്ന് ചോദിക്കുന്ന ആരാധകര്‍, കലാഭവന്‍ മണി ഉള്‍പ്പെടെയുള്ളവരുടെ വിയോഗവും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Leave a Reply