ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും യഥാക്രമം മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും നിർവഹിച്ചു. ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ നടന്ന പ്രകാശന കർമ്മത്തിലും തുടർ ചടങ്ങുകളിലും മുൻ എംപി ജോസഫ് ചാഴിക്കാടൻ നവജീവൻ ട്രസ്റ്റ് രക്ഷാധികാരി പി.യു.തോമസ്, ഫാ. ബിജു കുമരനാൽ, ഫാ . സണ്ണി മാത്യു എസ്. ജെ, അബ്ദുൽ മജീദ് മരയ്ക്കാർ, പി. എൻ. സിബി പള്ളിപ്പാട്, സിബി കെ. ചാഴിക്കാടൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം. ഒരു പ്രവാസിക്ക് താൻ ജീവിക്കുന്ന സമൂഹത്തെയും താൻ വിട്ടുപോന്ന ദേശത്തെയും കുറിച്ച് മനസ്സിൽ ഉടലെടുക്കുന്ന നിരീക്ഷണങ്ങളും ആകുലതകളും ആണ് മിക്ക ലേഖനങ്ങളിലെയും പ്രതിപാദ്യ വിഷയം. നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ ഒരു നല്ല സാമൂഹിക നിരീക്ഷകനെന്ന നിലയിൽ ശരിയുടെ ഭാഗത്തുനിന്ന് ഇതിലെ ലേഖനങ്ങളിൽ എഴുത്തുകാരൻ വിലയിരുത്തിയിരുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ വിങ്ങൽ മഴമേഘങ്ങളിലെ മിക്ക ലേഖനങ്ങളുടെയും പൊതുസ്വഭാവമാണ്. ഒരു പ്രവാസി മലയാളിയുടെ ജന്മനാടിനോടുള്ള പൊക്കിൾകൊടി ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലായി ഇത് വായനക്കാർക്ക് അനുഭവപ്പെടും.
Leave a Reply