ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വിദ്യാർത്ഥി വിസയിൽ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദ്യാർത്ഥി വിസകളുടെ എണ്ണത്തിൽ 11ശതമാനം കുറവ് ആണ് ഉണ്ടായിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ആണ് യുകെയിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാകുന്നതിന് കാരണമായത്.
വ്യാഴാഴ്ച പുറത്തിറക്കിയ ഹോം ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ബിരുദാനന്തര കോഴ്സുകളാണ് തിരഞ്ഞെടുക്കുന്നത്. 2025 ജൂണിൽ അവസാനിച്ച വർഷത്തിൽ 98,014 വിസ ഗ്രാന്റുകൾ ലഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ ഇതേ കാലയളവിൽ കഴിഞ്ഞ വർഷം 99,919 വിസ ഗ്രാന്റുകൾ നേടിയിരുന്നു. ചൈനീസ് വിസ ഗ്രാന്റുകൾ ഇതിന് തൊട്ടുപിന്നിലാണ്. എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരു രാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്ക് യഥാക്രമം 11 ശതമാനവും 7 ശതമാനവും കുറവുണ്ടായി. വരും വർഷങ്ങളിലും സ്റ്റുഡൻറ് വിസ അപേക്ഷകരിൽ കാര്യമായ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ കാരണം യുകെയിൽ തടങ്കലിൽ വച്ചിരിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായതായാണ് കണക്കുകൾ കാണിക്കുന്നത്. 2022 മുതൽ തടങ്കലിൽ കഴിയുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ അൽബേനിയക്കാരാണ്. പക്ഷേ അവരുടെ എണ്ണം നമീപ വർഷങ്ങളിൽ കുറഞ്ഞുവരികയാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ബ്രസീലിയൻ, ഇന്ത്യൻ പൗരന്മാരുടെ എണ്ണം ഇരട്ടിയായി യഥാക്രമം 91 ശതമാനവും 108 ശതമാനവും ആയി വർദ്ധിച്ചു എന്നാണ് ഹോം ഓഫീസ് പറയുന്നത് .
Leave a Reply