ഒ . സി . രാജു
കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍ ഒന്നായ മണിമലയിലെ മുക്കട എന്ന പ്രദേശത്തുനിന്നുമാണ് എന്റെ തുടക്കം. ജനിച്ചത് ആറുകിലോമീറ്റര്‍ തെക്കുള്ള പഴയിടം എന്ന സ്ഥലത്തായിരുന്നുവെങ്കിലും ഏഴുവയസ്സുള്ളപ്പോള്‍ മുക്കടയിലേക്ക് ജീവിതം പറിച്ചു നടപ്പെടുകയായിരുന്നു. പഴയിടത്ത് മണിമലയാറിന്റെ തീരത്ത് പാലത്തിനോട് ചേര്‍ന്നുള്ള ഒരു വീട്ടിലായിരുന്നു ഞാന്‍ പിറന്നുവീണത്. ഓലമേഞ്ഞ, പലക മറകളുള്ള വീട്. മുറ്റത്തു വളര്‍ന്ന തെങ്ങുകള്‍ പുഴയിലേക്ക് കുലച്ച വില്ലുപോലെ. വീടിന് മുകളില്‍ മോര്‍ണിംഗ് സ്റ്റാറും കവലയ്ക്കനും ആനവണ്ടിയുമൊക്കെ സര്‍വ്വീസു നടത്തുന്ന പൊന്‍കുന്നം മണിമല റോഡ്. അവിടെനിന്നും താഴേയ്ക്ക് തിരിഞ്ഞ് പഴയിടം പാലത്തിലൂടെ വളഞ്ഞ് അക്കരെ, കയറ്റത്തേയ്ക്കു നീളുന്ന മുക്കട എരുമേലി റോഡ്.
കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കെല്ലാം ആകാശത്തിന്റെ നീല നിറമായിരുന്നു. നീലയിലേക്ക് അല്പം പച്ച കൂടി കലര്‍ത്തിയാല്‍ മണിമലയാറിന്റെ നിറവുമായി, കോരിയെടുത്താല്‍ സ്ഫടിക തുല്ല്യവും. ഉയരം കുറഞ്ഞ, പുഴയിലേയ്ക്ക് ഇറങ്ങിനില്‍ക്കുന്ന പഴയിടം പാലത്തിന്റെ കൈവരിയില്‍ ചേര്‍ന്നുനിന്ന് ആഴത്തിലേയ്ക്ക് നോക്കിയാല്‍ പരല്‍മീന്‍ പറ്റങ്ങള്‍ മിന്നുന്നതു കാണാം. കൊള്ളിയാന്‍ പോലെ ഒരു ക്ഷണനേരം മാത്രമാകും ആ കാഴ്ച്ച. പിന്നെയും നിന്നാല്‍ ഒഴുക്കിനൊത്ത് നീണ്ടുവളരുന്ന പായല്‍ പറ്റങ്ങള്‍ക്കിടയില്‍ ഊളിയിട്ടുപോകുന്ന ഓറഞ്ചും കറുപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന ചേറുമീനുകളെ കാണാം. പാറക്കൂട്ടങ്ങളില്‍ മുട്ടിയുരുമ്മുന്ന കല്ലേമുട്ടികളെയും.
കുട്ടിക്കാലത്ത് പലപ്പോഴും ഒപ്പമുണ്ടാകാറുള്ളത് ഒരു കളിക്കൂട്ടുകാരിയായിരുന്നു. സഹപാഠിയുമായിരുന്നു അവള്‍. കാപ്പി പൂക്കു മ്പോഴൊക്കെ അവള്‍ ഓര്‍മ്മകളുടെ സുഗന്ധമാകും. കുന്നിറങ്ങി വന്നപ്പോഴൊക്കെ അവള്‍ ആ മണവും കൊണ്ടുവന്നിരുന്നു. ഡിസംബറിലെ കുളിരുള്ള പ്രഭാതങ്ങളില്‍ ഇലച്ചാര്‍ത്തുകളില്‍ കാപ്പിപൂക്കള്‍ മഞ്ഞിന്‍ തൂവലുകള്‍ വിടര്‍ത്തും. ഞാറാഴ്ചകളില്‍ ഈ പൂക്കള്‍ പള്ളിയില്‍ പോകുന്ന സ്ത്രീകളുടെ ഓര്‍മ്മകളും കൊണ്ടുവരും. വെള്ള വസ്ത്രധാരികളായ ആ പെണ്ണുങ്ങള്‍ക്കും ഈ പൂക്കള്‍ക്കും ഒരേനിറം. പ്രഭാതങ്ങളില്‍ മണിമലയാറിന് കുറുകെയുള്ള പാലത്തിലൂടെ കുന്നിന്‍ മുകളിലുള്ള പള്ളിയിലേയ്ക്ക് അവര്‍ നടന്നുപോകും. ദൂരെ മലമുകളില്‍ മണിമുഴങ്ങുമ്പോള്‍ അവര്‍ നടത്തത്തിന്റെ വേഗത കൂടുകയും ചെയ്യും.
ആറ്റുവഞ്ചി പൂത്തുനില്‍ക്കുന്ന തീരത്തുകൂടി ഞങ്ങള്‍ നടക്കുകയായിരുന്നു. അന്നും ഒരു ഞായറാഴ്ച്ചയായിരുന്നു. പാലത്തില്‍ വെള്ളസാരിയുടുത്ത സ്ത്രീകള്‍ നടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഞങ്ങളെ ഇറച്ചി വാങ്ങുവാനായി വീട്ടില്‍ നിന്നും പറഞ്ഞുവിട്ടതായിരുന്നു. പുഴയ്ക്കക്കരെ പോത്തിനെ കശാപ്പുചെയ്യുന്ന ഒരു സ്ഥലമുണ്ട്. അവിടെ ചെന്നു വാങ്ങണം. കടുംപച്ച നിറമുള്ള വള്ളിപ്പടലുകള്‍ പടര്‍ന്നുകിടക്കുന്ന റബര്‍തോട്ടം കടന്നു പിന്നെയും കുറേദൂരം നടക്കണം. തോട്ടത്തിനു തണുപ്പു നല്‍കുവാന്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന പടലിന്റെ പപ്പടവട്ടമുള്ള ഇലകളില്‍ റബ്ബറിനു തുരിശടിക്കുമ്പോള്‍ വീഴുന്ന നീലയും വയലറ്റും നിറമുള്ള കണികകള്‍ പച്ചപ്പിനുമുകളില്‍ പ്രിന്റുചെയ്ത ഫോട്ടോഷോപ്പ് ഡിസൈന്‍ പോലെ. വഴിയിലൊക്കെ വെള്ളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന കല്ലന്‍മുളകളുടെയും ഒട്ടലിന്റെയും കൂട്ടങ്ങള്‍ ഒരുപാട്. ചാരും മരുതും വെണ്‍തേക്കും പിന്നെ പേരറിയാത്ത അനേക മനേകം സസ്യജാലങ്ങള്‍ വേറെയും. വെള്ളത്തിലേക്ക് നോക്കിയാല്‍ വേരുകളില്‍ ചുറ്റിപിണയുന്ന പനയാരകന്മാരുള്‍പ്പടെ ചെറുതും വലുതുമായ മീന്‍പറ്റങ്ങളെയും കാണാം.
കാപ്പിയും കൊക്കോയും വളര്‍ന്നുനില്‍ക്കുന്ന ഒരു പുരയിടത്തിലാണ് കശാപ്പു നടക്കുന്നത്. ഹോളിവുഡ് ഫാന്റസി സിനിമകളിലെ കാഴ്ചകളെ ഓര്‍മ്മിപ്പിക്കുന്ന അന്തരീക്ഷം. കാപ്പിച്ചെടികളുടെ കുറ്റികള്‍ കണ്ടാല്‍ തന്നെ മറ്റൊരു ലോകത്തെത്തും. വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ചെടികള്‍ വേനലിനെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിച്ച് സ്വാഭാവികമായ എല്ലാ വളര്‍ച്ചയും നഷ്ടപ്പെട്ട് ആരുടെയോ ശാപവും പേറി ചുക്കിച്ചുളിഞ്ഞു ബാലമാസികകളിലെ ദുര്‍മന്ത്രവാദിനികളെപ്പോലെ!
ബീഡിപ്പുകയുടെ മണം കെട്ടിനില്‍ക്കുന്ന, കാറ്റുപോലും കടന്നു വരാത്ത കശാപ്പുസ്ഥലം അതീവ രഹസ്യമായ ആഭിചാരക്രിയ ചെയ്യുന്ന ഒരു ഇടം തന്നെ. കാപ്പിക്കഴകളില്‍ തൂക്കിയിട്ടിരിക്കുന്ന ഇറച്ചിത്തുണ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന കശാപ്പുകാരന്‍ പക്ഷെ ആ അന്തരീക്ഷത്തിന് ഒട്ടും ചേര്‍ച്ചയില്ലാത്ത ഒരു രൂപത്തില്‍ കരുണയോടെ ഞങ്ങളെ നോക്കി. അച്ചാച്ചന്‍ എന്ന് ഞാനും അനിയനും വിളിച്ചുശീലിച്ച എന്റെ അമ്മയുടെ അച്ഛന്റെ കൂടുകാരന്‍ കൂടിയായ ആ മനുഷ്യന്‍ അളവിലും കൂടുതല്‍ ഇറച്ചി തൂക്കിയെടുത്ത് വലിയ വട്ടയിലകളില്‍ പൊതിഞ്ഞ് സ്‌നേഹത്തോടെ തന്നു. അത് സഞ്ചിയിലാക്കി ഞങ്ങള്‍ തിരികെ നടന്നു.
വേനല്‍ക്കാലമായിരുന്നതുകൊണ്ട് മടക്കയാത്ര പുഴയിലെ പഞ്ചാര മണലിലൂടെയായിരുന്നു. നടന്നുനടന്ന് ഒരു പാറക്കൂട്ടത്തിനടുത്തെത്തിയപ്പോള്‍ അവള്‍ ആറ്റുവഞ്ചിയുടെ തണലിലേയ്ക്ക് ഒതുങ്ങിനിന്ന് കൈവിരലിലെ ചുവപ്പുനിറമുള്ള പ്ലാസ്റ്റിക് മോതിരം ഊരിയെടുത്തു. എന്തിനാണ് മോതിരം ഊരുന്നതെന്ന് മനസ്സിലാകാതെ നിന്ന എന്റെ കൈവിരലിലേക്ക് അവള്‍ ആ മോതിരം ഇട്ടു. മോതിരത്തിനുള്ളില്‍ വേളാങ്കണ്ണി മാതാവ് ഒരു അര്‍ദ്ധചന്ദ്രക്കലയോടൊപ്പം പുഞ്ചിരിച്ചു. മോതിരം ഇട്ടത്തിന്റെ കാരണം ഞാന്‍ ചോദിച്ചില്ല, അവള്‍ പറഞ്ഞുമില്ല. വെള്ളത്തിലൂടെ ആറ്റുവഞ്ചി പൂക്കള്‍ ഒഴുകിക്കൊണ്ടിരുന്നു.
മണിമലയാറ്റിലൂടെ പിന്നെയും ഒരുപാട് ജലമൊഴുകി…
ചിലപ്പോള്‍ കരകവിഞ്ഞും കലങ്ങിമറിഞ്ഞും,
അങ്ങനെയങ്ങനെ…
ഇപ്പോള്‍ നാലുപതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. പിന്നീട് ആ കൂട്ടുകാരിയെ കണ്ടിട്ടില്ല, ആറ്റുവഞ്ചി പൂക്കള്‍ ഒഴുകുന്ന വെള്ളത്തില്‍, പുഴയാഴങ്ങളില്‍ എല്ലാ പ്രണയങ്ങളും നഷ്ടപ്പെട്ടുപോകുന്നു.
(ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മയുടെ ലിറ്റ്മസ് കാലാസുകൾ’ എന്ന പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം)
ഒ.സി. രാജു : കോട്ടയം ജില്ലയില്‍ മണിമലയില്‍ 1972 ഏപ്രില്‍ 18-ന് ജനനം. പത്രപ്രവര്‍ത്തനം, കാര്‍ട്ടൂണ്‍, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളില്‍ ഇടപെട്ടു. രാഷ്ട്രദീപിക ദിനപ്പത്രത്തില്‍ ദീര്‍ഘകാലം ആര്‍ട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സില്‍ കാര്‍ട്ടൂണിസ്റ്റും കാലിഗ്രഫി ആര്‍ട്ടിസ്റ്റുമായും പ്രവര്‍ത്തിച്ചു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികള്‍ എന്നീ ബാലനോവലുകള്‍ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥകള്‍ തയാറാക്കിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവല്‍ – ഷാജി പറഞ്ഞ കഥ. കൂടാതെ കഥ 2022 എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി പുറത്തിക്കിയ സമാഹാരങ്ങളുടെ എഡിറ്റര്‍ കൂടിയാണ്. ഇപ്പോള്‍ നാട്ടകത്ത് താമസം. ഭാര്യ ശോഭന, മകള്‍ ചാരുത.
വിലാസം:
ഒട്ടയ്ക്കല്‍ വീട്, പള്ളം പി.ഒ., പന്നിമറ്റം, കോട്ടയം- 686007
ഇ- മെയില്‍:
[email protected]
Leave a Reply