അഖിൽ പുതുശ്ശേരി
ഓണമിങ്ങെത്തി പൊന്നോണം
പൊന്നിൻ ചിങ്ങത്തിൻ തിരുവോണം
മലയാള നാടിന്റെ മാനസത്തിൽ
തുമ്പപ്പൂ പൂക്കുന്ന നാളുകളായ്.
അത്തം നാളിലെ ഉദയമോടെ
അങ്കണമെല്ലാം ഒരുങ്ങുമെല്ലോ
തെറ്റിയും മുല്ലയും മന്താരവും
നാണിച്ചു നിൽപ്പൂ തുമ്പപ്പെണ്ണും
സുന്ദരി നീയോ ഞാനോ
മുറുമുറുപ്പുകൾ കോലാഹലങ്ങൾ
രണ്ടും മൂന്നും നാലും
പിന്നാലെയോരോ ദിനങ്ങളും പോകെ
തുമ്പയിതകളുകൾ പെരുമയിൽ ഗരിമയിൽ
പൂവിളിച്ചോണത്തിൻ പാതയൊരുക്കെ
പാട്ടുപാടാൻ കിളികൾ വന്നണയെ
ഊഞ്ഞാലാടും മാവും തണൽ നല്കി,
കനിവോടെ കാറ്റു മൂളി സ്നേഹമുറക്കേ
അത്തപ്പൂവിനിടയിൽ ചിരികൾ പൂത്തു,
ആരൊക്കെയോ ഓർമ്മകളിൽ വരവറിയിക്കെ
ഓണസദ്യ വിളിച്ചോതി മനസ്സിലീശൽ,
ഏകതയുടെ കാവ്യമത് പിറവിയെടുക്കെ
നെഞ്ചുനീറും കണ്ണീരൊ പുഞ്ചിരിയാകവേ
കുഞ്ഞുചുണ്ടിൽ ഓണപ്പാട്ടുകൾ നിറയവേ
പാടിയൊരുങ്ങുന്നു ജീവിത രാഗങ്ങൾ.
പാരമ്പര്യ വേഷങ്ങൾ , കസവു ചേലകൾ
ചിരികളിൽ ചേലോടെ വിളങ്ങി നിൽക്കവേ
സദ്യതൻ പക്കത്തിലൊ കഥകൾ എഴുതവേ
സ്നേഹത്തിൻ സുഗന്ധവും ചുമന്ന് പോകുന്നു.
കഴിഞ്ഞുപോകും കാലങ്ങൾ എങ്കിലും,
ഓണം വരുമത് ഹൃദയം തളിർക്കുവാൻ
സാംസ്കാരിക ഒത്തുചേരലോ
സമൃദ്ധിതൻ നിറവോ
ഓർമകളെ വിളിച്ചോതി നമുക്കൊരു ഉത്സവം!
വര : അനുജ സജീവ്
അഖിൽ പുതുശ്ശേരി : 1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
2010 – ൽ ഐ എസ് ആർ ഒയിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു . ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
അൻഡു
പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ് സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം
Leave a Reply