നിയമസഭയ്ക്ക് ശേഷിക്കുന്ന എട്ടുമാസത്തിനുള്ളില്‍ ചേരാന്‍സാധ്യയുള്ളത് രണ്ടു സമ്മേളനങ്ങള്‍. പരമാവധി 25-30 ദിവസങ്ങള്‍. കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ ഫലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ ‘നിശ്ശബ്ദന്‍’ ആകും.
ആരോപണങ്ങളുടെ തീവ്രത ഇതേപടി നിലനിന്നാല്‍ സഭാസമ്മേളനം നടക്കുന്ന കാലത്ത് അദേഹം അവധിയെടുത്തേക്കാം. അല്ലെങ്കില്‍ പേരിനുവന്ന് ഒപ്പിട്ട് മടങ്ങാം. നിയമസഭാകക്ഷിയോഗത്തിന് ക്ഷണിക്കില്ല. ആരോപണങ്ങള്‍ വ്യാജമാണെന്നോ, ഗൂഢാലോചനയുടെ ഫലമാണെന്നോ രാഹുലിന് തെളിയിക്കാനായാലേ രാഷ്ട്രീയമായി അദ്ദേഹത്തിന് ഒരു തിരിച്ചുവരവിന് സാധ്യതയുള്ളൂ.
പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനോ, പുറത്താക്കലോ നേരിട്ടാലും മറ്റംഗങ്ങള്‍ക്കെന്നപോലെത്തന്നെ എല്ലാ അവകാശങ്ങളും സാങ്കേതികമായി ഒരു എംഎല്‍എക്കുണ്ടാകും. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ചകളില്‍ പ്രസംഗിക്കാന്‍ ഓരോ പാര്‍ട്ടിക്കും അംഗബലമനുസരിച്ച് ആനുപാതികമായാണ് സമയം അനുവദിക്കുക. പാര്‍ട്ടിയാണ് സമയം വിഭജിച്ച് നല്‍കുക. ഒറ്റയംഗങ്ങള്‍ക്കുള്ള പരിഗണനയില്‍ രാഹുല്‍ ഏതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചാലും അത് സ്പീക്കറുടെ വിവേചനാധികാരമാണ്.
പൊതുകാര്യങ്ങള്‍ ഉന്നയിക്കാന്‍ സബ്മിഷന്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയാലും അനുവദിക്കുന്നത് സ്പീക്കറാണ്. എന്നാല്‍, ചോദ്യംചോദിച്ച് രേഖാമൂലമുള്ള മറുപടി വാങ്ങുന്നതിന് തടസ്സമുണ്ടാകില്ല.
പാര്‍ട്ടി അച്ചടക്കലംഘനത്തിന് സിപിഎമ്മില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഒട്ടേറെപ്പേര്‍ എംഎല്‍എമാരായിരിക്കെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷന്‍ നേരിട്ടിട്ടുണ്ട്. അതൊന്നും ധാര്‍മികതലത്തില്‍ ചോദ്യംചെയ്യപ്പെടുന്നതായിരുന്നില്ല. പാലക്കാട് മണ്ഡലത്തിലും എംഎല്‍എ എന്നനിലയ്ക്ക് രാഹുലിന് പ്രവര്‍ത്തിക്കുന്നത് ദുഷ്‌കരമാകും. സിപിഎമ്മും ബിജെപിയും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭപാതയിലാണ്. പാര്‍ട്ടിയുടെ സംരക്ഷണംകൂടി ഇല്ലാതാകുമ്പോള്‍ പ്രതിരോധിക്കുക അസാധ്യമാകും.
നിയമസഭാംഗങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള പ്രിവിലേജ് കമ്മിറ്റിക്ക് സമാനമായി അവരുടെ ഭാഗത്തുനിന്നുള്ള അധാര്‍മിക പെരുമാറ്റങ്ങള്‍ പരിശോധിക്കാന്‍ എത്തിക്സ് കമ്മിറ്റിയുണ്ട്. കമ്മിറ്റിക്ക് മുന്‍പാകെ എംഎല്‍എതന്നെ പരാതിപ്പെടണമെന്നില്ല. ആര്‍ക്കും പരാതി നല്‍കാം. നേരത്തെ ഗൗരിയമ്മയ്‌ക്കെതിരേയും കന്യാസ്ത്രീകള്‍ക്കെതിരേയും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് പി.സി ജോര്‍ജിനെ സമിതി രണ്ടുപ്രാവശ്യം താക്കീത് ചെയ്തിട്ടുണ്ട്.
Leave a Reply