ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെറു ബോട്ടുകളിൽ യുകെയിൽ എത്തിയ 100 – ലധികം അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിൽ എടുത്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇവരെ വൺ ഇൻ വൺ ഔട്ട് പദ്ധതി പ്രകാരം ഫ്രാൻസിലേയ്ക്ക് മാറ്റുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച കാലാവസ്ഥ അനുകൂലമായതിനാൽ 200 ലധികം പേർ ചാനൽ കടന്ന് ചെറിയ ബോട്ടുകളിൽ ബ്രിട്ടനിലേയ്ക്ക് കടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അനധികൃതമായി യുകെയിൽ എത്തുന്നവരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കുമ്പോൾ യുകെയിലേയ്ക്ക് വരാൻ നിയമപരമായി സാധുതയുള്ളവർ തിരിച്ച് എത്തുന്നുണ്ട്. അതായത് വൺ ഇൻ വൺ ഔട്ട് പദ്ധതി പ്രകാരം തത്വത്തിൽ കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നില്ല . അനധികൃത കുടിയേറ്റം രാജ്യത്ത് കൂടുന്നതിനെ കുറിച്ച് കടുത്ത വിമർശനമാണ് ലേബർ സർക്കാർ അഭിമുഖീകരിക്കുന്നത്. രാജ്യത്തിൻ്റെ വ്യവസ്ഥാപിത കുടിയേറ്റ നയങ്ങൾക്കെതിരെ ശക്തമായ വാദമുഖങ്ങളുമായി റിഫോം യുകെ നേതാവ് നിഗൽ ഫാരേജ് രംഗത്ത് വന്നിരുന്നു.
അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. എസെക്സിലെ ബെൽ ഹോട്ടൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് കൗൺസിൽ അധികാരികൾ. വിധി സമ്പാദിച്ചിതാണ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. പട്ടണത്തിൽ 14 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവിടെ താമസിക്കുന്ന ഒരു അഭയാർത്ഥിക്കെതിരെ കുറ്റം ചുമത്തിയതിനെ തുടർന്ന് സമീപ ആഴ്ചകളിൽ ആയിരക്കണക്കിന് ആളുകൾ ഹോട്ടലിന് സമീപം പ്രതിഷേധിച്ചിരുന്നു . സിറിയൻ പൗരനായ മുഹമ്മദ് ഷർവാർഖ് (32) ആണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്.
Leave a Reply