ലണ്ടന്‍: ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ യുകെയില്‍ കസ്റ്റഡിയിലാകുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇവയില്‍ മൂന്നിരട്ടി വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ യുകെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ 3699 യൂറോപ്യന്‍ പൗരന്‍മാരെ എത്തിച്ചുവെന്നാണ് ഹോംഓഫീസിന്റെ കണക്ക്. 2015നെ അപേക്ഷിച്ച് 1000 പേരെ അധികമായി കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വ്യക്തമാകുന്നത്.

ഈ വര്‍ഷം ഈ സംഖ്യ ഉയരാനാണ് സാധ്യത. വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തെ കണക്കുകളില്‍ കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തിലെ കണക്കുകളേക്കാള്‍ 19 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2010ല്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സമയത്തേക്കാള്‍ ആറിരട്ടി വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ബ്രാന്‍ഡണ്‍ ലൂയിസ് ആണ് ഈ വിവരങ്ങള്‍ അറിയിച്ചത്.

യുകെ പൗരന്‍മാരല്ലാത്ത എല്ലാവരും ബന്ദികളാക്കപ്പെട്ടുവെന്ന തോന്നലുളവാക്കാനാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഹോം അഫയേഴ്‌സ് വക്താവ് എഡ് ഡേവി പറഞ്ഞു. രാജ്യത്തെക്കുറിച്ച് മോശം പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിലുണ്ടാക്കാന്‍ മാത്രമേ ഇത്തരം നയങ്ങള്‍ ഉപകരിക്കൂ എന്നും ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഇത് തിരിച്ചടിയുണ്ടാകുമെന്നും ഡേവി വ്യക്തമാക്കി.