ശ്രീനാഥ് സദാനന്ദൻ
എന്റെ ആദ്യത്തെ ക്രഷ് നടി സുനിത ആയിരുന്നു. മൃഗയായിൽ ഒക്കെയുള്ള സുനിത. പീലി കണ്ണെഴുതി അഴകിൽ നിന്നവളെ എന്ന പാട്ടൊക്കെ ചിത്രഗീതത്തിൽ കണ്ടു തോന്നിയതാണ് ആ ഇഷ്ടം. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് സുനിതയുടെ ഏകദേശ രൂപമുള്ള ഒരു പെൺകുട്ടിയെ ഞാൻ കാണുന്നത്. ആ കുട്ടി നേരത്തെ അവിടെത്തന്നെ ഉണ്ടായിരുന്നു, പക്ഷേ സുനിതയുടെ രൂപം തോന്നുന്നത് ആ സമയത്തയായിരുന്നു. എന്റെ ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന വല്ലി.
വല്ലി സുബ്രഹ്മണ്യം. സിദ്ധി വിനായകന്റെ ചിത്രം കയ്യിൽ പച്ചകുത്തിയ വല്ലി.
ആ സമയത്ത് ഞങ്ങളുടെ സ്കൂളിൽ മുഴുവൻ തമിഴ് കുട്ടികളായിരുന്നു. ഞങ്ങളുടെ സ്കൂളിനടുത്ത് തമിഴ്നാട് സ്വദേശികളായവർ താമസിക്കുന്ന ഒരുപാട് പ്രദേശങ്ങൾ ഉണ്ടായിരുന്നു. അവർ ഒരു ഘട്ടം വരെ ഇവിടെ പഠിക്കും. പത്താം ക്ലാസ് വരെ അവരെ ജയിപ്പിച്ചു വിടും. പത്താം ക്ലാസ് ആകുമ്പോൾ മിക്കവരും തോറ്റു പോകും. കാരണം ഇവർക്ക് തമിഴ് മാത്രമാണ് അറിയാവുന്നത്. മലയാളം ഒന്നും എഴുതാൻ അറിയില്ല. ഈ തമിഴ് കുട്ടികളെ മലയാളം പഠിപ്പിക്കാൻ ടീച്ചർമാർ ഞങ്ങളെ ഏൽപ്പിക്കും. പക്ഷേ അതും പ്രായോഗികമായിരുന്നില്ല. പത്താം ക്ലാസ് കഴിയുമ്പോൾ ചിലര് അവരുടെ നാട്ടിലേക്ക് തിരിച്ചു പോകും. മറ്റു ചിലർ ഇവിടെത്തന്നെ കൂടും. എന്തെങ്കിലും കച്ചവടവും ബിസിനസ്സും ഒക്കെയായി അങ്ങ് പോകും.
ആദ്യമായിട്ട് ഒരാളോട് ഇഷ്ടം തോന്നിയ സമയത്ത്. അത് ഞാൻ വളരെ ആധികാരികമായി തന്നെ സമീപിക്കാൻ ശ്രമിച്ചു. ഞാൻ എട്ടാം ക്ലാസിലെ സെന്തിലിനെയാണ് കാണാൻ പോയത്.പറഞ്ഞുവന്നാൽ അവൻ വല്ലിയുടെ ലോക്കൽ ഗാർഡിയൻ പോലെയാണ്. അവര് കസിൻസോ മറ്റോ ആണ്.
സ്കൂളിൽ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അലക്സ് ആയിരുന്നു. വളരെ വിദഗ്ധമായി കഥ പറയാൻ കഴിവുള്ള ഒരാളായിരുന്നു അലക്സ്. ആ സമയത്താണ് നിറം സിനിമ ഇറങ്ങിയത്. നിറം തിയേറ്ററിൽ പോയി കണ്ട് അത് അവൻ കൂട്ടുകാരോട് പൊലിപ്പിച്ചു പറയുന്നത് കേട്ട് എനിക്ക് കൊതി തോന്നിയിട്ടുണ്ട്. കാരണം ഞാനും ആ സിനിമ തിയേറ്ററിൽ കണ്ടതാണ്. പക്ഷേ അതിന്റെ രസം ചോർന്നു പോകാതെ കഥ പറയാൻ എനിക്ക് സാധിച്ചിരുന്നില്ല. അവന്റെ ആ വാക്ചാതുരി കൊണ്ട് തന്നെയാണ് അല്പം ഗൗരവമായ കാര്യത്തിന് പോയപ്പോൾ അവനെ കൂട്ടാൻ ഞാൻ തീരുമാനിച്ചത്. ഗൗരവം എന്നു പറഞ്ഞാൽ. ഒരുതരത്തിൽ പെണ്ണ് ചോദിക്കൽ തന്നെയാണ്.
ആ ദിവസവും എനിക്ക് മറക്കാൻ സാധിക്കില്ല. അടികൊണ്ട് തൊലി പൊളിഞ്ഞ ഒരു ദിവസമായിരുന്നു അത്. ഞാൻ മാത്രമല്ല എന്റെ കൂടെയുള്ള സകല വീരന്മാരും ഉണ്ടായിരുന്നു. കാരണം ഒരു ഹാൻഡ്ബോൾ ആണ്. ഞങ്ങടെ സ്കൂളിലെ ആകെയുള്ള കളിയാണ് ഹാൻഡ് ബോൾ. ഒരു ദിവസം ബ്രേക്ക് ടൈമിൽ ഞങ്ങൾ സ്റ്റോർ റൂമിൽ നിന്ന് ഹാൻഡ് ബോൾ എടുത്ത് ഫുട്ബോൾ കളിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ച് ക്ലാസിൽ വന്നപ്പോൾ ഡ്രിൽ സാർ കാര്യം അറിഞ്ഞു. മറ്റെന്തും സാർ സഹിക്കും. പക്ഷേ ഹാൻഡ് ബോൾ ഉപയോഗിച്ച് ഫുട്ബോൾ കളിച്ചാൽ…അത് സഹിക്കില്ല. ചൂരലുകൊണ്ട് തോൽ ഉരിച്ചു വിട്ട ആ ദിവസം തന്നെയാണ് അലക്സിനെയും കൂട്ടി ഞാൻ സെന്തിലിനെ കാണാൻ പോയത്.
ബാത്റൂമിനോട് ചേർന്നു കിടക്കുന്ന ഒരു ക്ലാസ്റും ഉണ്ട്. അവിടെയായിരുന്നു ഞങ്ങളുടെ ചർച്ച. ആ റൂമിന്റെ ഒരു കോണിൽ ഒരു അസ്ഥികൂടം ചില്ലുകൂട്ടിൽ ഇരിപ്പുണ്ട്. എല്ലാത്തിനും മൂകസാക്ഷിയായി.
അലക്സാണ് കൂടുതൽ സംസാരിച്ചത്. എനിക്ക് വല്ലിയെ ഇഷ്ടമാണെന്നും. കല്യാണം കഴിക്കണം എന്നും ഒക്കെ അവൻ പറഞ്ഞു. എന്റെ അച്ഛൻ ഈ നാട്ടിലെ വലിയ കോടീശ്വരൻ ആണെന്നും. പറമ്പും സ്വത്തും ഒക്കെ ഉണ്ടെന്നും അവൻ ബെല്ലും ബ്രേക്കും ഇല്ലാതെ തട്ടിവിടുന്നുണ്ടായിരുന്നു. സെന്തിൽ ഒരു കാർന്നോരെ പോലെ ഇരുന്ന് എല്ലാം കേട്ടു. അവന് സമ്മതം പോലെ തന്നെ. ഒന്നാമത്തെ കാരണം ഞാൻ നന്നായിട്ട് പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. മറ്റൊന്ന്, ഞാൻ പെൺപിള്ളേരുമായി സംസാരിക്കാറില്ല. അത്രയും ഡീസന്റ് ആണ് ഞാൻ എന്ന് അവൻ കരുതി. അതൊരു ക്വാളിറ്റിയായി അന്ന് ചിലർ കരുതിയിരുന്നു.
പക്ഷേ ഞാൻ പെൺപിള്ളേരുമായി സംസാരിക്കാത്തത്തിന് പിന്നിൽ മറ്റൊരു കാരണം ഉണ്ടായിരുന്നു. എനിക്ക് ഹിന്ദി വളരെ ഇഷ്ടമാണ്. ഞാൻ ഹിന്ദി നന്നായിട്ട് പഠിക്കുകയും ചെയ്തിരുന്നു. നല്ല മാർക്കും വാങ്ങിയിരുന്നു. ഹിന്ദി ടീച്ചറിന് എന്നെ ഒത്തിരി ഇഷ്ടമാണ്. പക്ഷേ ടീച്ചറിന് ഒരു ചെറിയ പ്രശ്നം ഉണ്ട്. ആൺപിള്ളേരും പെൺപിള്ളേരും തമ്മിൽ വലിയ ബന്ധങ്ങൾ ഉണ്ടാക്കുന്നത് ടീച്ചറിന് ഇഷ്ടമല്ല. ആ വിഷയത്തിൽ ടീച്ചറുടെ ശകാരം മറ്റുള്ളവർ കേൾക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് ടീച്ചറിന്റെ ഇഷ്ടം സമ്പാദിക്കാൻ വേണ്ടി മനപ്പൂർവം പെൺപിള്ളേരുമായിട്ടുള്ള സൗഹൃദം അങ്ങ് വേണ്ടെന്നുവച്ചു. ആകെയുള്ളത് ഞങ്ങളുടെ ഇംഗ്ലീഷ് സാറിന്റെ മകളും ആയിട്ടുള്ള ചെറിയൊരു സൗഹൃദബന്ധം. ആ കുട്ടിയും ഞങ്ങളുടെ ക്ലാസ്സിൽ തന്നെ. അത് ഹിന്ദി ടീച്ചറിന് കുഴപ്പമില്ലായിരുന്നു.
അങ്ങനെ സെന്തിൽ എല്ലാം ഉറപ്പിച്ചു. വല്ലിയുടെ വരൻ ഞാൻ തന്നെ. ചിത്രഗീതത്തിൽ പീലി കണ്ണെഴുതി പാട്ട് വരുമ്പോൾ അതിൽ മനോജ് കെ ജയനും സുനിതയും ആയിരുന്നില്ല. ഞാനും വല്ലിയും ആയിരുന്നു.
2000 മാർച്ചിലെ വലിയ പരീക്ഷ കഴിഞ്ഞു. രണ്ടുമാസത്തോളം സ്കൂൾ വിട്ട് ഇരിക്കുന്നതൊക്കെ ആ സമയത്ത് വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നു. ജൂണിൽ തിരിച്ചെത്തിയപ്പോൾ എന്റെ ക്ലാസ്സിൽ വല്ലി ഇല്ലാ. എന്റെ സങ്കടം പറയാൻ അലക്സും കൂടെയില്ല. എട്ടാം ക്ലാസ് രണ്ടായി പിരിച്ചു. പഠിക്കുന്നവരും പഠിക്കാത്തവരും. അലക്സ് പഠിക്കാത്തവരുടെ ക്ലാസ്സിലേക്ക് മാറി. ആ ക്ലാസിലെങ്കിലും വല്ലി ഉണ്ടെന്ന് കരുതി. ഇല്ലാ.
അവൾ പോയെന്ന് സെന്തിൽ പറഞ്ഞു. അപ്പാ അവളെ നാട്ടിലേക്ക് കൊണ്ടുപോയി. അത്രയും പഠിപ്പ് മതിയത്രേ. എനിക്ക് വലിയ നിരാശ തോന്നി. ഒരിക്കൽ പോലും വല്ലി ഇങ്ങനെയൊരു ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞില്ലല്ലോ എന്നായിരുന്നു ആ നിരാശ. പറ്റിയ ഒരു സമയം എത്തുമ്പോൾ പറയാം എന്നായിരുന്നു സെന്തിലും കരുതിയത്. എട്ടാം ക്ലാസ് ഒക്കെ ആകുമ്പോ നമുക്ക് പക്വതയും ഒക്കെ വരുന്ന സമയം ആണല്ലോ. അപ്പോൾ പറയാമെന്ന് അവൻ കരുതി, നടന്നില്ല. പ്രിയപ്പെട്ടവളെ തേടി ഒരു സംസ്ഥാനം മറികടക്കാൻ ഒന്നും ചിന്തിക്കാൻ കഴിയുന്ന പ്രായം ആയിരുന്നില്ല. അത് അവിടെ മുറിഞ്ഞു..
ഇപ്പോൾ കൃത്യം 25 വർഷം കഴിഞ്ഞു. ഒന്നും ശരിയാകുന്നില്ല എന്നു തോന്നിയ ഒരു സമയത്ത് ഞാൻ എന്റെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് എടുത്തു നോക്കി. അത് ഒരു ശീലമാണ്. ഒരിത്തിരി മടുപ്പ് തോന്നുന്ന സമയത്ത് ഓർമ്മകളിലേക്ക് ഒരു മടങ്ങിപ്പോക്ക് നടത്തും. എന്റെ ഓട്ടോഗ്രാഫിന്റെ കവർ പേജിൽ മമ്മൂട്ടിയുടെയും അഭിരാമിയുടെയും പടമാണ്. കാർമേഘം എന്ന തമിഴ് സിനിമയിലെ ഒരു രംഗം. അത് കയ്യിൽ കിട്ടുമ്പോൾ പത്തോ ഇരുപതോ വർഷം പുറകോട്ട് പോകാൻ സാധിക്കും. അപ്പോഴാണ് അതിനും മുമ്പ് പിരിഞ്ഞുപോയ വല്ലിയെ ഓർത്തത്. ഒന്ന് കാണണം. എവിടെയാണെന്ന് അറിയില്ല. എങ്ങനെ ആണെന്ന് അറിയില്ല . ഞാൻ ആരാണെന്നോ എന്താണെന്നോ ഒന്നും അറിയിക്കണമെന്നില്ല. ഇത് പറയാൻ പറ്റുന്ന ഒരാൾ അലക്സ് ആയിരുന്നു. പക്ഷേ അലക്സ് മരിച്ചു. ഏഴുവർഷം മുമ്പ് ഒരു വലിയ അപകടം നടന്നു. അത് അലക്സിന്റെ ജീവൻ എടുത്തു. പിന്നീട് ഞാനും എന്റേതായിട്ടിട്ടുള്ള ലോകത്തിൽ മാത്രം കഴിയുകയായിരുന്നു.
ഈയടുത്ത് ഒരു ദിവസം ഇംഗ്ലീഷ് മീഡിയത്തിൽ ഉണ്ടായിരുന്ന മാത്യു ആണ് പറഞ്ഞത്. സെന്തിൽ നമ്മുടെ ടൗണിൽ തന്നെയുണ്ട്. ബേക്കർ ജംഗ്ഷന്റെ സമീപത്ത് ഉള്ള തുണിക്കട അവന്റേതാണ്. എല്ലാദിവസവും ടൗണിൽ വരുന്നുണ്ടെങ്കിലും.ഞാൻ അതിന്റെ പരിസരത്തേക്ക് അടുത്തിട്ടില്ല. കഞ്ഞിക്കുഴിയിൽ ഉള്ള തട്ടുകടയും അവന്റേതാണത്രേ. അടുത്ത ദിവസം തന്നെ അവനെ പോയി കാണാമെന്ന് വിചാരിച്ചു. എന്റെ ആഗ്രഹം ഒന്ന് പറയാം.
തട്ടുകടയോട് ചേർന്ന് ചെറിയൊരു കെട്ടിടമുണ്ട്.അവിടെയാണ് അവനിപ്പോൾ താമസം . വൈകിട്ട് തട്ടുകടയിലെ പരിപാടികൾ തുടങ്ങുന്നതുവരെ അവൻ അവിടെ ഉണ്ടാവും. അവൻ പതിനാലാം മൈലിൽ ഒരു വീട് പണിയുന്നുണ്ട് അതുകൊണ്ടാണ് തൽക്കാലം ഇവിടെ നിൽക്കുന്നത്. ഞാൻ അവിടെ ചെന്ന് അവനെ കണ്ടു. അവന് ആദ്യം എന്നെ പിടികിട്ടിയില്ല. പതിയെ പതിയെ മനസ്സിലായി.അവന്റെയും രൂപം നന്നായിട്ട് മാറിയിട്ടുണ്ട്. ചിലപ്പോൾ നഗരത്തിൽ ഞാൻ എന്നും കണ്ടിരുന്ന ഒരു മുഖം അവൻ ആയിരുന്നിരിക്കാം.
സ്കൂളിലെ വിശേഷങ്ങളൊക്കെ പങ്കുവെച്ചു. തിരൈമലർ കണ്ട് തമിഴ് പാട്ടുകൾ കാണാതെ പഠിച്ച് സെന്തിലിനും കൂട്ടുകാർക്കും ഒപ്പം ഇരുന്ന് പാടിയ ഓർമ്മകൾ ഒക്കെയായിരുന്നു അവന് പറയാനുണ്ടായിരുന്നത്. പതിയെ ഞാൻ വല്ലിയിലേക്ക് വന്നു.
അവളുടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ്. അവൾ തുടർന്നും പഠിച്ചിരുന്നു. അവിടെ പോസ്റ്റ് ഓഫീസിലോ മറ്റോ ജോലിയുണ്ട്. ഒന്നു കാണണമെന്നുള്ള ആവശ്യം ഞാൻ അറിയിച്ചു. പോകാമെന്ന് സെന്തിൽ ഉറപ്പ് പറഞ്ഞു. പുട്ടാലു എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചങ്ങാതിയുടെ വണ്ടി എടുത്തു പോകാമെന്ന് അവൻ പറഞ്ഞു. പക്ഷേ അത് ഇത്തിരി റിസ്ക് ഉള്ള കേസാണ്. പോലീസ് കേസ് സ്ഥിരമായിട്ടുള്ള അവനിപ്പോൾ എന്ത് കേസ് ഉണ്ടാക്കണം എന്ന് അന്വേഷിച്ച് നടക്കുകയാണ്. സാരമില്ല റിസ്ക് എടുക്കാം നമ്മുടെ ചങ്ങാതി അല്ലേ.
എനിക്ക് നല്ലൊരു കാപ്പി തരാൻ കഴിയാത്തതിൽ അവന് വിഷമം ഉണ്ടായിരുന്നു. അവന്റെ ഭാര്യ ഇളവേണിയും അവിടെയുണ്ട്. പക്ഷേ അവരുടെ ഫാമിലിയായിട്ട് ഒരു വലിയ യാത്ര കഴിഞ്ഞു വന്നിരിക്കുകയാണ്. ഒരു പനിക്കോളു കൊണ്ട് അവര് കിടക്കുകയായിരുന്നു. പനിച്ച് മൂടിപ്പുതച്ച് ഇരിക്കുകയായിരുന്നെങ്കിലും ഞാൻ ഇറങ്ങാൻ നേരത്ത് യാത്ര പറയാൻ അവരും വന്നു. സെന്തിലിനെ ഞാൻ ഒരിക്കൽ കൂടി ഓർമിപ്പിച്ചു.
നമുക്ക് ഓണത്തിന്റെ അവധിക്ക്.. കോയമ്പത്തൂർക്ക് പോയാലോ..
അവൻ ഒന്ന് പരുങ്ങിയെങ്കിലും പോകാം എന്ന് തലയാട്ടി..
അവന്റെ ഭാര്യയുടെ മുഖത്ത് ഒരു ഇഷ്ടക്കേട് ഞാൻ കണ്ടു. വല്ല വെള്ളമടി പരിപാടിയും ആയിരിക്കുമെന്ന് അവർ കരുതിക്കാണും.
പിന്നെ ഞാൻ നിന്നില്ല ഇറങ്ങി നടന്നു. വിളിക്കാം എന്ന് അവൻ ആംഗ്യം കാണിച്ചു.
ഇളവേണി സെന്തിലിന്റെ തോളിൽ തൊട്ട് വിളിച്ചു.. എന്നിട്ട് ചോദിച്ചു.
” എന്നാങ്ക.. യാര് അവര് ”
” നീ ഓർക്കുന്നില്ലായിരിക്കും, അവൻ നിന്റെ ക്ലാസ്മേറ്റ് ആയിരുന്നു..”
ഓർക്കുന്നില്ലെന്ന് തലയാട്ടി ഇളവേണി അകത്തേക്ക് പോയപ്പോൾ, അവളുടെ ശരീരത്തിൽ നിന്നും പുതപ്പ് അകന്നു..
ഇളവേണിയുടെ കയ്യിൽ പച്ച കുത്തിയിരുന്ന സിദ്ധിവിനായക രൂപത്തിലേക്ക് സെന്തിൽ വെറുതെ ഒരു നിമിഷം നോക്കി.
ശ്രീനാഥ് സദാനന്ദൻ :- എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA, M Phil ബിരുദങ്ങൾ നേടി. കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിലെ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്. ഇപ്പോൾ ഗ്രന്ഥപ്പുര വെബ്സൈറ്റിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
Leave a Reply