ന്യൂസ് ഡെസ്ക്, മലയാളം യുകെ
റെക്സാമിൽ നായയുടെ ആക്രമണത്തിൽ മലയാളി യുവാവിന് ഗുരുതരമായി പരിക്കു പറ്റി . അയൽവാസി വളർത്തുന്ന രണ്ട് ബുൾഡോഗുകളാണ് ക്രൂരമായി യുവാവിനെ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ ഉടനെ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് നായയുടെ ഉടമയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ രണ്ട് പട്ടികളെയും പോലീസ് ഏറ്റെടുത്തു. ഇവയെ കൊല്ലും എന്നാണ് അറിയാൻ സാധിച്ചത്. പ്രാണരക്ഷാർത്ഥം വീട്ടിലേയ്ക്ക് ഓടി കയറിയ യുവാവിനെ പിന്തുടർന്ന് നായകൾ ആക്രമിക്കുകയായിരുന്നു.
XL ബുള്ളി ഉൾപ്പെടെയുള്ള വിഭാഗത്തിൽപ്പെട്ട നായ്ക്കളുടെ ആക്രമണം യുകെയിൽ വർദ്ധിച്ചു വരുന്നതായുള്ള ആശങ്കപ്പെടുത്തുന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ 20 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പട്ടിയുടെ കടിയേറ്റ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവങ്ങൾ 150 ശതമാനമാണ് കൂടിയത്. ഏകദേശം 23 ,600 കേസുകളാണ് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. XL ബുള്ളി ഇനത്തിൽപ്പെട്ട നായകളെ കുറിച്ച് കൂടുതൽ പരാതികൾ ഉയർന്നു വരുന്നതിന് തുടർന്ന് രാജ്യത്തെ ഈ ഇനത്തിൽ പെട്ട നായകളെ ഔദ്യോഗികമായി നിരോധിച്ചിരുന്നു.
Leave a Reply