ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ന് നടക്കുന്ന ആംബുലൻസ് പണിമുടക്ക് എൻഎച്ച്എസിന്റെ താളം തെറ്റിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ക്രിസ്മസിന് മുമ്പ് നടന്ന ആംബുലൻസ് ഡ്രൈവർമാരുടെ പണിമുടക്കിനേക്കാൾ ഗുരുതരമായിരിക്കും ഇന്ന് നടക്കുന്ന പണിമുടക്കെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എൻഎച്ച്എസ് മാനേജർമാരാണ്. മെച്ചപ്പെട്ട സേവന വേതനങ്ങൾക്കായി രണ്ടാം തവണയാണ് ആയിരക്കണക്കിന് പാരാമെഡിക്കുകളും സപ്പോർട്ട് സ്റ്റാഫുകളും ഈ ശൈത്യകാലത്ത് പണിമുടക്കിന് ഇറങ്ങുന്നത്. അടിയന്തര പ്രാധാന്യമുള്ള ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ തടസ്സമുണ്ടാകില്ലെന്ന ഉറപ്പ് യൂണിയൻ നേതാക്കൾ നൽകിയിട്ടുണ്ട്.

യൂണിയനുകൾ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായില്ലെന്ന് പറയുമ്പോഴും ഇതിനെ സംബന്ധിച്ച് ഔപചാരികമായ ഒരു കരാറും നിലവിൽ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ജി എം ബി , യൂണിസൺ എന്നിവയാണ് ഇന്ന് സമരത്തിന് നേതൃത്വം കൊടുക്കുന്ന യൂണിയനുകൾ . അടിയന്തര കോളുകളെ സംബന്ധിച്ച് ധാരണയിലെത്താത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ .

പണിമുടക്കിനെ നേരിടാൻ സൈന്യത്തോടൊപ്പം സമര മുഖത്തിറങ്ങാത്ത എൻഎച്ച്എസ് ജീവനക്കാരുടെ സേവനവും ഉപയോഗിക്കാനാണ് അധികൃതർ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ ഇത്തവണ കൂടുതൽ ജീവനക്കാർ പണിമുടക്കുന്നതിനാൽ സ്ഥിതി ഗുരുതരമാകുമെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്സിലെ മിറിയം ഡീക്കിൻ പറഞ്ഞു. എൻ എച്ച് എസിലെ ചികിത്സാ കാത്തിരിപ്പിന്റെ സമയം വർധിച്ചതിനെ കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങൾ അടുത്തകാലത്ത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. നേരത്തെ 13 മണിക്കൂറോളം ആംബുലൻസിൽ തന്നെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ട വന്ന രോഗിയുടെ അനുഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴി വെച്ചത്.