ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാർലമെന്റ് തിരിച്ചെത്തിയതോടെ ഡൗണിംഗ് സ്ട്രീറ്റ് ടീമിൽ അഴിച്ചു പണി നടത്തിയിരിക്കുകയാണ് പ്രധാന മന്ത്രി കെയർ സ്റ്റാർമർ. പുതിയ മാറ്റത്തിൻെറ ഭാഗമായി ഡാരൻ ജോൺസിനെ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ വർഷം ട്രഷറിയിൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ജോൺസ് പുതിയ സ്ഥാനത്ത് മന്ത്രിസഭയിൽ തുടരും. ട്രഷറിയിൽ അദ്ദേഹത്തിന് പകരം മുൻ ട്രഷറി സെക്രട്ടറിയായിരുന്ന ജെയിംസ് മുറെ നിയമിക്കപ്പെടും. അതേസമയം കഴിഞ്ഞ വർഷം ലേബർ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഡാൻ ടോംലിൻസൺ ജെയിംസ് മുറെയുടെ മുൻ സ്ഥാനം ഏറ്റെടുക്കും.
ഈ വേനൽക്കാലം സർക്കാരിന് നിരവധി വെല്ലുവിളികൾ നിറഞ്ഞതാണ്. ചെറിയ ബോട്ടുകളിലും മറ്റുമായുള്ള അഭയാർഥികൾ ചാനൽ കടക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുക, കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക തുടങ്ങി നിരവധി അജണ്ടകൾ ഈ വേനൽക്കാലത്ത് സർക്കാരിനുണ്ട്. നിലവിൽ അഭയാർത്ഥികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന പദ്ധതി പ്രകാരമുള്ള പുതിയ അപേക്ഷകൾ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ താൽക്കാലികമായി നിർത്തിവച്ചു.
അധികാരത്തിലെത്തി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനാലാണ് ലേബർ പാർട്ടിയിൽ ഈ അഴിച്ചു പണിയെന്ന് പ്രധാനമന്ത്രി പറയുന്നു. നമ്പർ 10 ലെ കമ്മ്യൂണിക്കേഷൻസ് ടീമിലും അഴിച്ചു പണികൾ നടക്കുന്നുണ്ട്. സ്റ്റാർമറിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർമാരിൽ ഒരാളായ ജെയിംസ് ലിയോൺസ് നിയമിതനായി ഒരു വർഷത്തിനുള്ളിൽ സ്ഥാനമൊഴിയുകയാണ്. അതേസമയം,സഹ-ഡയറക്ടറായ സ്റ്റെഫ് ഡ്രൈവർ സ്ഥാനത്ത് തുടരും. ചീഫ് ഓഫ് സ്റ്റാഫ് സ്യൂ ഗ്രേയും കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മാത്യു ഡോയലും നേരത്തെ രാജിവച്ചതിനെ തുടർന്നാണ് ഈ പുനഃസംഘടന.
Leave a Reply