ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുടനീളം വരൾച്ച. ബ്രിസ്റ്റോൾ, സോമർസെറ്റ്, സൗത്ത് ഗ്ലൗസെസ്റ്റർഷയർ, ഡോർസെറ്റ്, വിൽറ്റ്ഷയറിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 90 വർഷത്തിനിടയിലെ ഏറ്റവും വരണ്ട കാലാവസ്ഥയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മറ്റ് 10 പ്രദേശങ്ങളിലും വരൾച്ച പ്രഖ്യാപിച്ചതിനെ തുടർന്നാണ് പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകിയത്. വേനൽക്കാലത്ത് വരൾച്ച കൂടുവാൻ സാഹചര്യം ഉള്ളതിനാൽ ജലം വിവേകത്തോടെ ഉപയോഗിക്കാൻ പരിസ്ഥിതി ഏജൻസി ജനങ്ങളോട് ആവശ്യപ്പെട്ടു. മഴ, നദികളുടെ ഒഴുക്ക്, സംഭരണികളുടെ ജലനിരപ്പ് , മണ്ണിൻറെ വരൾച്ച എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മേഖലയിലെ വളർച്ച പരിസ്ഥിതി ഏജൻസി സ്ഥിരീകരിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കനത്ത മഴ പെയ്തിട്ടും വേനലിലെ വരൾച്ചയ്ക്ക് പകരംവയ്ക്കാൻ ഇത് പര്യാപ്തമാവുകയില്ല എന്ന് പരിസ്ഥിതി ഏജൻസിയുടെ ലീഡായ ക്രിസ്പോള്‍ പറഞ്ഞു. വെസെക്‌സ് പ്രദേശത്തുള്ള നദികളിലെ ജലനിരപ്പ് വളരെ കുറവാണ്. ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടതിൽ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രദേശത്തുള്ള വന്യജീവികളിൽ വൻ സമ്മർദ്ദം ചെലുത്തുമെന്നും ഇത് വരൾച്ചയുടെ ആക്കം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത വരൾച്ചയെ തുടർന്ന് നദികളിൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുമെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. വരൾച്ചയെ തുടർന്ന് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ മറികടക്കും എന്നതും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.