രാധാകൃഷ്ണൻ മാഞ്ഞൂർ
1987 ജൂൺ 31 നു ഗാന്ധിമതി ഫിലിംസ് പുറത്തിറക്കിയ “തൂവാനത്തുമ്പികൾ “എന്ന സിനിമ മുപ്പത്തെട്ട് വർഷം പിന്നിടുമ്പോഴും ഇന്നും ഒരു വിസ്മയമായി നിലനിൽക്കുന്നു . കഥയും, തിരക്കഥയും , സംവിധാനവും എല്ലാം പത്മരാജൻ എന്ന അതുല്യ പ്രതിഭയുടേതായിരുന്നു
ഇതിൽ ഒരുപാട് അഭിനയപ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞതാണ്. മോഹൻലാൽ,സുമലത,പാർവതി,ബാബു നമ്പൂതിരി, അശോകൻ ,ശ്രീനാഥ് അങ്ങനെ നിരവധി പേർ. ഇതിൽ പത്മരാജൻ സൃഷിടിച്ച ക്ലാര എന്ന കഥാപാത്രത്തോട് കിടപിടിക്കാൻ പറ്റുന്ന ഒരു നായികാജന്മങ്ങളും ഇക്കാലമത്രയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ആയതിനാൽ ക്ലാരയെ മുൻ നിർത്തി മണ്ണാറത്തൊടി ജയകൃഷ്ണനൊപ്പം അവർ സഞ്ചരിച്ച പ്രണയ പാതകളെ, സ്നേഹനിമിഷങ്ങളെ ,സ്നേഹബുദ്ധ്യാ അസൂയപ്പെടുകയും ,ആദരിക്കുകയും ചെയ്യുന്നു
ഇത് പ്രിയപ്പെട്ട പത്മരാജനുള്ള സ്മരണാഞ്ജലിയായി സമർപ്പിച്ചുകൊള്ളട്ടെ.
“മെല്ലെ തിരിഞ്ഞന്നു നോക്കിയ നീ / മതി
ചില്ലിട്ടു വെയ്ക്കുവാൻ എൻ ജീവ
ഭിത്തിയിൽ…
പ്രണയമില്ലാതെയായ നാൾ
സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു
ഞാൻ “
-റഫീഖ് അഹമ്മദ് –
ഇത് ക്ലാര …പെണ്മയുടെ പ്രണയ വിചാരങ്ങൾക്കു തീ പിടിപ്പിച്ചവൾ …. ഏതൊക്കെയോ നിഗൂഢ സ്ഥലികളിലേക്കു ഒരു വ്യവസ്ഥകളുമില്ലാത്തൊഴുകുന്ന പുഴ പോലൊരുവൾ ……….
ക്ലാരയുടെ പൂർവ ജീവിതത്തെപ്പറ്റി ജയകൃഷ്ണനോട് പറയുന്നത് തങ്ങൾ മാഷാണ് ( ബ്രോക്കർ കുരിക്കൾ ) കടപ്പുറം ദേശത്തു നിന്നും രണ്ടാനമ്മയുടെ പ്രേരണയിൽ പുറത്തു കടന്നവൾ …. ഓർമയുടെ തിരയിളക്കത്തിൽ ഉപ്പു കലർന്നൊരു ഭൂത കാലം ക്ലാര മറന്നു പോകുന്നു . മഠത്തിൽ ചേരാൻ പറഞ്ഞൊരു കത്തെഴുതാൻ തങ്ങൾ മാഷ് ജയകൃഷ്ണനെ ചുമതലയേല്പിക്കുന്നു അയാൾ ക്ലാരക്ക് “മദർ സുപ്പീരിയർ” എന്ന കള്ളപേരിൽ കത്തെഴുതുന്നു. ആ രാത്രിയിൽ മണ്ണാറത്തൊടിയിൽ മഴ പെയ്യുന്നുണ്ട്…..ആർത്തലച്ചു പെയ്യുന്ന മഴയും, ഇടിമിന്നലും എഴുത്തു പേപ്പർ നനക്കുന്നു ,മണ്ണാറത്തൊടിയിൽ പെയ്ത മഴയിൽ ഭൂമി ഉർവ്വരയായി കാത്തു കിടന്നു – ക്ലാരയുടെ വരവിനായി….. പക്ഷെ ക്ലാര ഒരിക്കലും മണ്ണാറത്തൊടിയിലേക്കു വന്നില്ല പകരം തീ പിടിക്കുന്ന സൗന്ദര്യവുമായി അവൾ അയാളിലേക്ക് ലയിച്ചു കഴിഞ്ഞിരുന്നു .
മണ്ണാറത്തൊടി ജയകൃഷ്ണൻ, ഗ്രാമത്തിൽ തനി കർഷകനും പിശുക്കനുമാണ് .പട്ടണത്തിൽ എത്തുമ്പോൾ അസ്സൽ പരിഷ്കാരി ആകുന്നു .രണ്ടു സ്വത്വ ബോധങ്ങൾ…. ,രണ്ടു വേഷ പകർച്ചകൾ …..ഇതുകൊണ്ടാവാം തങ്ങൾ മാഷ് ജയകൃഷ്ണനെക്കൊണ്ട് “മദർ സുപ്പീരിയർ” വേഷം കെട്ടിച്ചത്.
ഒരു പെണ്ണിൻ്റെ ചാരിത്ര്യം താൻ മൂലം തകരാൻ പാടില്ലെന്നു വിശ്വസിച്ചിരുന്ന അയാൾക്ക്ക്ലാരയുടെ കാര്യത്തിൽ അബദ്ധം പിണഞ്ഞു .
നഗരത്തിലെ ഹോട്ടൽ മുറിയിൽ വെച്ച് സംഭവിച്ച തെറ്റിന് അയാൾ തങ്ങൾ മാഷിനോട് മാപ്പിരന്നു ക്ലാരയെ വിവാഹം ചെയ്യുവാൻ താല്പര്യം ഉണ്ടെന്നു അറിയിച്ചു
ചരട് പൊട്ടിയ പട്ടം പോലെ അവൾ അയാളിൽ ആവേശിച്ചു നിന്നു . ക്ലാരയുടെ സർപ്പ സൗന്ദര്യത്തിൽ അയാൾ മുങ്ങി അമർന്നു .വിജനതയുടെ കുന്നുകളിൽ ,നഗരത്തിലെ ഹോട്ടൽ മുറിയിൽ ,കടൽ തീരങ്ങളിൽ,പ്രണയത്തിൻ്റെയും ,രതിയുടെയും ഉടൽപൂരങ്ങൾ അവർ അറിയുന്നു. ഇടക്കെപ്പോഴോ ഉള്ളിലെ മഹാ സങ്കടങ്ങൾ ഒളിപ്പിച്ചുകൊണ്ടു തൻ്റെ മടിയിൽ കിടക്കുന്ന “മദർ സുപ്പീരിയറിനോട്” അവൾ ചോദിക്കുന്നുണ്ട് “ശരിക്കും നീ ആരാ തടികൺട്രാക്റ്ററെ…? .” ഉള്ളുലക്കുന്ന ആ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം അയാൾ പതറി പോകുന്നുണ്ട് . തികച്ചും നിർവ്യാജമായ ഒരു ചിരിയിൽ ആ നിമിഷത്തെ അയാൾ മായ്ച്ചുകളഞ്ഞു .
ഒരു രാപ്പൊറുതിയിൽ ജന്മ രഹസ്യങ്ങളുടെ നിശ്ചല സമുദ്രങ്ങൾക്കു മുകളിൽ ക്ലാര അയാളെ ഒരു തൂവൽ പോലെ കൊണ്ടു നടന്നു … അനു നിമിഷം ഭ്രമ കല്പനകളുടെ രാജകുമാരിയായി സ്വയം വാഴുകയായിയിരുന്നു ..
ഏകാന്തതയുടെ മലഞ്ചെരുവിൽ ക്ലാരയുടെ മടിയിൽ ആകാശം നോക്കി കിടക്കുന്ന ഒരു കൊച്ചു കുട്ടിയായി അയാൾ പരിണമിച്ചു ( മലഞ്ചെരുവിലെ ഭ്രാന്തൻ്റെ നിലവിളി ക്ലാരയെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു).
മുറിഞ്ഞ വാക്കുകളുടെ തീരത്തു നിന്നാണ് അവർ വേർപിരിയുന്നത് നമ്മുടേത് മാത്രമെന്ന് വിശ്വസിച്ചു പോയ ഇടങ്ങളിൽ നേരിൻ്റെ ടൈം ആൻഡ് സ്പേസ് അന്യമാകുന്നതൊരു വേദന തന്നെയാണ് .
ആകസ്മികമായി ആരെയും നമ്മൾ കണ്ടുമുട്ടാറില്ല ഒരു പക്ഷെ തങ്ങൾ മാഷ് പറഞ്ഞതുകൊണ്ട് മാത്രമാവാം “മദർ സുപ്പീരിയറിൻ്റെയും തടി തടികൺട്രാക്റ്ററിൻ്റെയും” വേഷങ്ങൾ അണിയേണ്ടി വന്നത്. എല്ലാം തികച്ചും യാദൃഛികം എന്ന് മാത്രമേ ജയകൃഷ്ണൻ കരുതുന്നുള്ളു
പ്രണയം എത്ര ക്ഷണികമായിരുന്നുവെന്നു ക്ലാര തിരിച്ചറിയുന്നതിനൊപ്പം, കാല്പനിക ലോകത്തു നിന്നും ജീവിതത്തിൻ്റെ യഥാർത്ഥഭൂമിക തേടികണ്ടെത്താൻ കഴിഞ്ഞു. അതിനായിരുന്നു ജയകൃഷ്ണനിൽ നിന്നും അവൾ ഓടിയൊളിച്ചത് .
രാധ ( ജയകൃഷ്ണൻ്റെ പ്രതിശ്രുത വധു ) നല്ല കുട്ടിയാണെന്നും ആ കുട്ടിയെ സങ്കടപെടുത്തരുതെന്നും പറയുന്നിടത്താണ് ക്ലാരയുടെ മനസിൻ്റെ വിശാലത തിരിച്ചറിയുന്നത്. അയാൾക്കവൾ അറിയുന്തോറും ഒരു പ്രഹേളികയാവുന്നു.
ഒരു ജിബ്രാൻ കവിതയിൽ ( ലെബനൻ കവി) ഇങ്ങനെ കാണുന്നു
” മനുഷ്യർ തമ്മിലുള്ള ഒരു ബന്ധത്തിലും/ ഒരാൾ മറ്റൊരാളെ കൈവശപ്പെടുത്തരുത്/ രണ്ടു മനസുകൾ എപ്പോഴും വ്യത്യസ്തരായിരിക്കും സൗഹൃദത്തിലായാലും പ്രണയത്തിലായാലും”
കാലങ്ങൾക്കു മുൻപേ സഞ്ചരിച്ച ഈ കവിത അവരുടെ ജീവിതത്തിൽ തികച്ചും അന്വർത്ഥമായി .
അന്യരെ ആശ്രയിച്ചു നിൽക്കുന്ന എല്ലാ ആഹ്ളാദങ്ങളും ഇന്നോ നാളെയോ മാഞ്ഞു പോകും.എല്ലാം താല്കാലികമാണ് ….തികച്ചും നൈമിഷികമെന്ന ബുദ്ധിസ്റ് സിദ്ധാന്തത്തിലേക്കു മനസ്സ് പാകപ്പെടുത്തുന്നു
അതെ അയാൾ മാത്രം പ്രതീക്ഷിച്ചു ആ തീവണ്ടിയിൽ അവൾ എത്തുമെന്ന് ………..അവൾ വന്നു “മോനി ജോസഫ് ” എന്ന ധനികൻ്റെ രണ്ടാം ഭാര്യയുടെ വേഷത്തിൽ . നിലവിൽ അവളിപ്പോൾ അയാളുടെ ഭാര്യയാണ് ആദ്യ ഭാര്യയുടെ കൈക്കുഞ്ഞുമായി എത്തിയ “മോനി ജോസഫിനോട്” ” മദർ സുപ്പീരിയർ” എന്ന് പറഞ്ഞാണ് ജയകൃഷ്ണനെ പരിചയപ്പെടുത്തുന്നത്
മോനി ജോസഫിനോട് എല്ലാം തുറന്നു പറഞ്ഞ് ഒരു കുമ്പസാര കൂടിൻ്റെ ഹൃദയ വിശുദ്ധി അവൾ അനുഭവിക്കുന്നുണ്ടെന്ന നിർവൃതിയിലാണ് ജയകൃഷ്ണൻ ആ തീവണ്ടി നിലയത്തിൽ നിന്നത് .ഹൃദയത്തിൽ ,സ്വപ്നങ്ങളിൽ ,ചിന്തകളിൽ ,ഒരു ശ്യാമ ശൈത്യം സമ്മാനിച്ചവൾ ദാ ഇപ്പോൾ കടന്നു പോകുന്നു. തീവണ്ടിയുടെ വാതിൽക്കൽ കൈവീശി ചിരിച്ചവൾ ……… തൻ്റെ ഋതു ഭേദങ്ങളുടെ രാജകുമാരി …..
അയാൾക്കൊന്നുറക്കെ കരയണമെന്നു തോന്നി … സങ്കടം ഉള്ളിലൊതുക്കി… ചിലനിമിഷങ്ങളിൽ മനുഷ്യർ എത്ര നിസ്സഹായരാണ് …എത്ര ആലംബഹീനരാണ് ….
അനന്തരം ജയകൃഷ്ണൻ തീവണ്ടി സ്റ്റേഷനിലെ തിരക്കിൽ തൻ്റെ പ്രതി ശ്രുത വധു രാധയെ കാണുന്നു .
ജീവിതം പോലെ സമാന്തരമായി നീളുന്ന ആ തീവണ്ടിപ്പാളത്തിൽ ജയകൃഷ്ണനും ,രാധയും പരസ്പരം കൈകൾ കോർത്തു നിന്നു
രാധാകൃഷ്ണൻ മാഞ്ഞൂർ : – ഫ്രീലാൻസർ ,കോട്ടയം ജില്ലയിൽ ,വൈക്കം താലൂക്കിൽ ,മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി കെ കൃഷ്ണനാചാരിയുടെയും ഗൗരി കൃഷ്ണൻെയും മകനായി 1968 ലെ ഏപ്രിൽ വേനലിൽ ജനനം. മാഞ്ഞൂർ സൗത്ത് ഗവണ്മെൻ്റ് സ്കൂൾ ,മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് സ്കൂൾ ,കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സമചിന്ത, പിറവി, എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി. അക്ഷരകാഴ്ച മാസികയുടെ ചീഫ് എഡിറ്റർ ,കാഞ്ഞിരപ്പള്ളി സമ ചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .ഇപ്പോൾ ടാഗോർ സ്മാരക സാംസ്കാരിക സദസ്സ് ( കേരളം ) സംസ്ഥാന ജോയിൻ്റ് സെക്രെട്ടറി .
1986 ൽ ഭരതം കഥാ പുരസ്കാരം ,1997 ൽ അസീസ്സി ചെറുകഥാ പുരസ്കാരം ,സാംസ്കാര വേദിയുടെ 2023 ലെ അവാർഡ് എന്നിവ ലഭിച്ചു. രണ്ടു കഥാ പുസ്തകങ്ങൾ :- നിലാവിൻ്റെ ജാലകം ,പരസ്യപ്പലകയിലൊരു കുട്ടി .
രണ്ടു തിരക്കഥകൾ :- മഴ മരങ്ങൾ ,മുടിയേറ്റ്
ഭാര്യ :- ഗിരിജ , മകൾ :- ചന്ദന
ഇ മെയിൽ : [email protected]
മൊബൈൽ നമ്പർ :- 8075491785
Leave a Reply