റ്റിജി തോമസ്
പുറത്ത് മഴ കനക്കുകയാണ്. തുലാവർഷവും കാലവർഷവും അല്ല. ന്യൂനമർദ്ദ മഴയാണ് . പ്രതീക്ഷിക്കാത്ത സമയത്ത് വന്ന വിരുന്നുകാരനെ പോലെ അയാൾ മഴയിലേയ്ക്ക് നോക്കി.
ഈ ഓണക്കാലം മഴ കുളമാക്കുമോ ? വളരെ കാലത്തിന് ശേഷമാണ് ഓണത്തിന് നാട്ടിലെത്തുന്നത്. പരിചയക്കാരെയെല്ലാം ഒന്നു കാണണം. അതിനു പറ്റിയ സമയം ഓണക്കാലമാണല്ലോ? പക്ഷേ മനസ്സിൽ ഒരു സങ്കടം അവശേഷിക്കുന്നു. ഇസ്പേഡ് എന്ന് വിളിപ്പേരുള്ള പാപ്പൻ ഇനിയില്ല. പാപ്പന് ഇസ്പേഡ് എന്ന വിളിപ്പേര് വന്നത് അവൻറെ അപ്പന്റെ പേരിൽ നിന്നായിരുന്നു. ഇസ്പേഡ് കുഞ്ഞൂഞ്ഞ് എന്നായിരുന്നു പാപ്പൻ്റെ അപ്പൻറെ വിളിപ്പേര്. പ്രത്യേകിച്ച് വീട്ടുപേരും മേൽവിലാസവും ഇല്ലാത്തവർ ആരെങ്കിലും കൊടുക്കുന്ന വിളിപ്പേരിൽ അറിയപ്പെടുന്നതു പോലെ ഇസ്പേഡ് പാപ്പൻ എന്ന പേര് നാടിൻറെ മനസ്സിൽ നാളുകളായി വേരുറച്ചു.
തന്റെ പേരിൻറെ പിന്നിലെ കാരണത്തെ കുറിച്ച് പാപ്പന് അറിയില്ല എന്ന് എനിക്ക് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ അവൻറെ ജീവിത കാലത്ത് ഒരിക്കലും ഞാൻ അതെ കുറിച്ച് ഒന്നും ചോദിച്ചിട്ടുമില്ല. പക്ഷേ അവൻറെ മരണശേഷം ഇസ്പേഡിൻ്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് സ്ഥലത്തെ മുതിർന്ന സ്ത്രീകളെ തേടിപ്പിടിച്ച് ഞാൻ ചോദിച്ചു. ആണുങ്ങളോട് ചോദിച്ചിട്ട് കാര്യമില്ല . അവർ വായിൽ തോന്നുന്നത് പോലെ പേരുകൾ ഇടുകയുള്ളൂ. അത് തന്നെയല്ല ഇത്തരം പഴം പുരാണങ്ങൾ പറയുന്നതിൽ അവർക്ക് ഒട്ടു താത്പര്യവും ഇല്ല . എന്നാൽ അവർ ഒരു കാരണവുമില്ലാതെ കുടിയാന്മാർക്ക് ഇത്തരം പേരുകൾ ആവർത്തിച്ചു വിളിച്ച് സ്വന്തമായി ആത്മ സംതൃപ്തി അടയും. സ്വയം പൊട്ടിച്ചിരിക്കും.
ഞാൻ സംസാരിച്ച ആർക്കും ഇസ്പേഡ് എന്ന പേരിന്റെ പിന്നിലെ കാരണം അറിയില്ലായിരുന്നു……
പാപ്പൻ്റെ അപ്പൻ കുഞ്ഞൂഞ്ഞ് കുടികിടപ്പുകാരനും റബർ വെട്ടുകാരനുമായിരുന്നു. അങ്ങനെ എങ്ങനെയോ വീണുകിട്ടിയ പേരാണ് ജോസിനും…
ഞാൻ സംസാരിച്ചവർക്ക് ആർക്കും ഇതിലപ്പുറം ഒന്നും പറയാനില്ലായിരുന്നു.
എന്തോ അവൻ ജീവിച്ചിരുന്നപ്പോൾ പ്രത്യേക സ്വഭാവമുള്ള അവൻറെ വിളിപ്പേരിനെ കുറിച്ച് എന്തെങ്കിലും ചോദിക്കാൻ എനിക്ക് ഒന്നും തോന്നിയിട്ടുമില്ല.
ചിലരൊക്കെ മരിച്ച് കഴിയുമ്പോൾ നമ്മൾക്ക് അവരോട് ഒരു പ്രത്യക അടുപ്പം തോന്നുമല്ലോ.. പത്രത്തിലെ മരണപേജിലെ ഫോട്ടോകളൊക്കെ തനിക്ക് എവിടെയോ കണ്ടു പരിചയമുള്ളവരാണ് എന്ന് തോന്നുന്നതുപോലെ..
പക്ഷെ ഇസ്പേഡ് പാപ്പൻ എനിക്ക് അങ്ങനെ ആയിരുന്നില്ല. അവൻ എന്റെ കളികൂട്ടുകാരനായിരുന്നു …
വർഷങ്ങൾക്കു മുൻപ് …
നാട്ടിൽ കടന്നു ചെല്ലാൻ പേടിയുള്ള സ്ഥലങ്ങളിൽ എന്റെ ധൈര്യം പാപ്പൻ ആയിരുന്നു. പേടിപ്പിക്കുന്ന കഥകൾ കിനാക്കളായി ഉറക്കം കളയുന്ന രാത്രികളിൽ അവൻറെ ധൈര്യം എന്നെ പാപ്പൻ്റെ ആരാധകനാക്കിയിരുന്നു.
സ്കൂളുകളിൽ നിന്ന് എല്ലാ കുട്ടികളെയും സിനിമയ്ക്ക് കൊണ്ടുപോകുന്ന സമയം. വഞ്ചിപ്പാറ കയറി സിനിമ തിയേറ്ററുള്ള സ്ഥലത്തേയ്ക്ക് നടക്കണം. ഇടയ്ക്ക് വഴിതെറ്റിയ എനിക്ക് രക്ഷകനായത് പാപ്പനായിരുന്നു.
എന്നെക്കാളും വളരെ പ്രായം കൂടിയ പാപ്പൻ മൂന്നിലോ നാലിലോ ആണ് എന്റെയൊപ്പം ചേർന്നത്. തോറ്റ് തുന്നംപാടി എന്ന് ആളുകൾ കളിയാക്കുമ്പോൾ പാപ്പൻ ചിരിച്ചു.
പാപ്പൻ്റെ സ്ഥായിയായ ഭാവം ചിരിയായിരുന്നു.
ദരിദ്രനായി ജനിച്ച് ചിരിച്ചു കൊണ്ട് ജീവിച്ച പാപ്പൻ ദരിദ്രനായി തന്നെ മരിച്ചു.
ഇസ്പേഡ് കുഞ്ഞൂഞ്ഞിന്റെ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ ഞാൻ അധികം പോയിട്ടില്ല.
പാപ്പനോട് എനിക്ക് ഒരു കടം വീട്ടുവാനുണ്ടായിരുന്നു. നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ കടം . എൻറെ പുസ്തകം കാണാതെ പോയപ്പോൾ ഞാൻ ആശ്രയിച്ചത് പാപ്പനെയാണ്. ചേച്ചിക്കൊപ്പം ഞാൻ അവന്റെ വീട്ടിലെത്തി. മേൽക്കൂര മാത്രമല്ല ഭിത്തിയും ഓലകൊണ്ട് മറച്ചിരിക്കുന്നു.
പാപ്പൻ എനിക്ക് പുസ്തകം തന്നു. പുത്തൻ പോലുള്ള പുസ്തകം. ക്ലാസുകൾ തുടങ്ങി മൂന്ന് നാല് മാസം കഴിഞ്ഞിട്ടും പുത്തൻ മണം മാറാത്ത പുസ്തകവുമായി വീട്ടിൽ ചെന്നപ്പോൾ എനിക്ക് കിട്ടിയ വഴക്കിന് കൈയും കണക്കുമില്ല.
എല്ലാവരും പാപ്പനെ പ്രശംസിച്ചു. എല്ലാവരുടെ മുന്നിലും പാപ്പൻ ഹീറോയായി. ചെളി പുരളാത്ത പുത്തൻ പോലെ പുസ്തകം സൂക്ഷിക്കുന്ന പാപ്പൻ എൻറെയും ആരാധനപാത്രമായി. പരീക്ഷ കഴിഞ്ഞ് പുസ്തകം തിരിച്ചു നൽകിയപ്പോൾ പാപ്പൻ മേടിച്ചില്ല .
കുഞ്ഞ് അതു മുഴുവൻ പഠിച്ച് നല്ല മാർക്ക് മേടിക്കണം.
പാപ്പൻ സ്നേഹം കൂടുമ്പോൾ എന്നെ വിളിച്ചിരുന്നത് അതായിരുന്നു കുഞ്ഞേ…
പുറം പോക്കിലെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പാപ്പൻ ഒന്നും പഠിച്ചില്ല. പുസ്തകം തുറന്നു പോലുമില്ല. പക്ഷേ അവയെല്ലാം പുത്തൻ മണം മാറാത്ത പുസ്തകമായി അവശേഷിച്ചു. ഇടയ്ക്കൊക്കെ അവയൊക്കെ തുറന്ന് താളു നിവർത്തി പുത്തൻ മണം ആസ്വദിച്ചു.
താന്നിക്കുഴിയും കടന്ന് വെള്ളപ്പാറമുറി കടവും നായ്ക്കൻ കടവും കടന്ന് കുട്ടൻ കടവിൽ എത്തുമ്പോൾ തോടിന് വീതി കൂടുതലാണ്. അലക്കാനുള്ള മിനുസമുള്ള കല്ലുകളിൽ നിന്ന് ഞങ്ങൾ പുഴയിലേയ്ക്ക് ചാടി മുങ്ങാംകുഴിയിട്ടു. തോട്ടിൽ കിടക്കുന്ന ചുള്ളി കമ്പുകൾ പാമ്പാണെന്ന് പേടിച്ച് കരയ്ക്കിരുന്ന ഞങ്ങളുടെ പേടി മാറ്റാൻ പാപ്പൻ വെള്ളത്തിലിറങ്ങി അവയെ എടുത്ത് പൊക്കി കാണിച്ചു .
പാപ്പൻ്റെ അപ്പൻ കുഞ്ഞൂഞ്ഞ് കുടികിടപ്പുകാരനായിരുന്നു. കുഞ്ഞൂഞ്ഞ് പണിക്ക് നിന്നിരുന്ന വീട്ടിലെ അടുക്കള പണിക്കാരിയായ സരോജിനിയുമായി ഇഷ്‌ടത്തിലായി കല്യാണം കഴിക്കുകയായിരുന്നു.
പ്രണയിക്കുന്ന സമയത്തൊന്നും മനസിലാക്കാത്ത ഒരു കാര്യം പീന്നീട് കുഞ്ഞൂഞ്ഞു കണ്ടെത്തി.
തന്റെ കെട്ട്യോള് തന്നെ സംസാരിക്കുന്നു… ചിരിക്കുന്നു….
നാട്ടിൽ അതൊരു വാർത്തയായി.
കുഞ്ഞൂഞ്ഞിന്റെ കെട്ട്യോൾ സരോജിനി കിറുക്കിയാണ്….
പിന്നീട് നാട്ടിലാകെ സരോജിനി എന്ന പേരുതന്നെ അലിഞ്ഞലിഞ്ഞു ഇല്ലാതായി . പകരം കിറുക്കി എന്ന ഒറ്റവാക്ക് സരോജിനിയുടെ പര്യായമായി മാറി…
കിറുക്കി സരോജിനി മരിച്ചു കഴിഞ്ഞപ്പോൾ പാപ്പന്റെ ഒറ്റയ്ക്കുള്ള നടപ്പും തന്നെയുള്ള വർത്തമാനങ്ങളും കൂടി…
അവസാനം പാപ്പനെ കണ്ടപ്പോൾ അവന്റെ ചിരിക്ക് ഒരു പ്രവാചക സ്വരം കൈ വന്നിരുന്നു. എന്തൊക്കെയോ പുലമ്പികൊണ്ട് അവൻ ഉറക്കെ ചിരിച്ചു. അരയിൽ തിരികിയ മദ്യ കുപ്പി കാണിച്ച് അവൻ എന്നെ ക്ഷണിച്ചു . ഞാൻ ഒഴിഞ്ഞുമാറി. ആരും കയറാൻ മടിക്കുന്ന മാവിന്റേയും പ്ലാവിന്റെയും ഉച്ചിയിലെ ഫലസമൃദ്ധി മറ്റുള്ളവർക്കായി അവൻ താഴെയെത്തിച്ചു…
മഴ ചെറുതായി ശമിച്ചു . വെറുതെ പുറത്തേക്കു നടന്നു. പരിചയക്കാരെ കണ്ട് സംസാരിച്ച് നടന്നു . അറിയാതെ ചെന്നെത്തിയത് നാലുകൂടുന്ന കവലയിലാണ്.
എല്ലാം പഴയതുപോലെതന്നെ. ചായകടയും പോസ്റ്റ് ഓഫീസും പിന്നെ പുതിയ ഒരു സ്റ്റേഷനറി കടയും. കട നടത്തുന്നത് ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച രാജുവാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ പരിചയമുള്ളവരെ കുറിച്ച് അവൻ ഒരു ചെറു വിവരണം നൽകി. ഒട്ടുമിക്കവരും സ്ഥലത്തില്ല. പണ്ടൊക്കെ ഇവിടെ നിന്ന് കിഴക്കൻ മേഖലയിലേയ്ക്കാക്കും മലബാറിലേയ്ക്കും ആയിരുന്നു ആൾക്കാർ കുടിയേറിയിരുന്നെങ്കിൽ ഇന്ന് യുകെയിലേയ്ക്കും കാനഡയിലേയ്ക്കും മറ്റുമാ …
സാധനങ്ങൾ ഒഴിഞ്ഞ മിഠായി ഭരണിയിലേയ്ക്ക് നിരാശയോടെ നോക്കിയാണ് അവനത് പറഞ്ഞത്. കവലയിൽ നിന്ന് ഇരുന്നൂറു മീറ്റർ പോലുമില്ല സ്കൂളിലേയ്ക്ക്. ഉച്ചയ്ക്ക് കിട്ടുന്ന ഇടവേളകളിൽ ഓടിവന്ന് 5 പൈസ മുട്ടായി മേടിക്കുമ്പോൾ കണ്ണുരുട്ടുന്ന കുഞ്ഞപ്പൻ സാറും ദേവസ്യ സാറും എവിടെയായിരിക്കും…
അവരൊക്കെ നേരത്തെ കടന്നുപോയി… സ്കൂൾ പഴയതുപോലെതന്നെ. വർഷങ്ങൾക്ക് അപ്പുറം ഒരു മാറ്റമില്ലാതെ സ്കൂളിനടുത്തുള്ള പാറയിൽ വരച്ച ഇന്ത്യയുടെ ഭൂപടം മങ്ങി മങ്ങി ഇല്ലാതായിരിക്കുന്നു. തൊട്ടപ്പുറത്ത് പ്രൗഢി ചോരാതെ പുലിക്കല്ല്. ഒരു ചെറിയ മാറ്റം മാത്രം തോന്നുന്നുണ്ട് . പൊക്കം ഇത്തിരി കുറഞ്ഞോ?
ആ ഭാഗത്തേയ്ക്ക് പോകരുതെന്ന് പറഞ്ഞ കുഞ്ഞപ്പൻ സാറിനെ ഓർത്തു. മഴക്കാലത്തെ പായല് പിടിച്ചു വഴക്കലുള്ള പുലിക്കല്ലിൽ കയറുക ദുഷ്കരമാണ്. നീണ്ട് തലയെടുപ്പോടെ നിൽക്കുന്ന കല്ലിനടിയിലെ വലിയ പൊത്തുകളുണ്ട്.
പണ്ട് അവിടെ പുലികൾ ഉണ്ടായിരുന്നത്രേ. അങ്ങനെ പാറയ്ക്ക് വന്ന പേരാണ് പുലിക്കല്ല്…പിന്നെ അത് ആ നാടിൻറെ വിളിപ്പേരായി..
മാഷുമാരുടെ ഉഗ്രശാസനയെ മറികടന്ന് അവിടെ പോയിരുന്നവർക്ക് നല്ലതല്ലു കിട്ടിയിരുന്നു.
പുലിക്കല്ലിൻറെ മുകളിൽ കയറിയാൽ ഒട്ടേറെ കാഴ്ചകൾ കാണാം. കുഞ്ഞിലെ ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലം ഏതാണെന്ന ചോദ്യത്തിന് പാപ്പന്റെ മറുപടി അതായിരുന്നു
-പുലിക്കല്ല്
പുലിക്കല്ലിന്റെ മുകളിലേക്ക് ഒന്ന് കയറിയാലോ ? ഒന്നു രണ്ടു പ്രാവശ്യം പാപ്പനൊപ്പം ഉച്ചിയിൽ കയറിയിട്ടുണ്ട്. അവിടെനിന്ന് നോക്കിയാൽ അങ്ങ് ദൂരെ പൂജ രാജാക്കന്മാരുടെ പള്ളിയും …. പിന്നെ മണിമലയാറും കാണാം.
പുലിക്കല്ല് കണ്ടപ്പോൾ വന്ന കാര്യം മറന്നു. പാപ്പനെ അടക്കിയത് ഇവിടെ എവിടെയോ ആണെന്നാണ് രാജു പറഞ്ഞത്. അവന് തന്നെ ഒരു ഉറപ്പുമില്ല. പേരറിയാത്ത ഒത്തിരി പേരുടെ ഒപ്പം ഇസ്പേഡ് പാപ്പന്റെ ശവകുടീരത്തിൽ ഏതെങ്കിലും ഒരു കാട്ടുപൂവെങ്കിലും സമർപ്പിക്കണമെന്ന എൻറെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല. കാടുകയറിയ ശ്മശാനത്തിന്റെ തിരിച്ചറിവിൻറെ അടയാളങ്ങൾ ഒന്നും അവശേഷിച്ചിരുന്നില്ല.
തിരിച്ചു നടക്കാനൊരുങ്ങുമ്പോൾ പുറകിൽ നിന്ന് ഒരു വിളി കേട്ടു ..
കുഞ്ഞേ ..
പാപ്പൻ വിളിക്കുന്ന അതെ വിളി…
ഞെട്ടി തിരിഞ്ഞു നോക്കി . ആദ്യം തിരിച്ചറിഞ്ഞില്ലങ്കിലും പിന്നെ മനസിലായി. യോശുവ മൂപ്പനാണ്.
എന്റെ മനസ് വായിച്ച പോലെ അയാൾ പറഞ്ഞു.
ഇവിടെയാ പാപ്പനെ അടക്കിയത്. ഒരു അടയാളപ്പെടുത്തലുമില്ലാത്ത മൺകൂന. ഒരു പക്ഷെ വേറെ അവകാശികളും ഉണ്ടായിരിക്കാം.
അയാൾ തുടർന്നു..
ഇവിടെയാ ഏലി , അവിടെ സാറ അപ്പുറം മാറി ശാമുവേൽ …
യോശുവ മൂപ്പന് ഒരു അടയാളം പോലുമില്ലാതെ എല്ലാവരുടെയും ശവകുടിരങ്ങൾ തിട്ടമാണ് .
അതിലുപരി എന്നെ അത്ഭുതപ്പെടുത്തിയത് ഞാൻ ഇത് വരെ ശ്രദ്ധിക്കാത്ത ഒരുകാര്യം ആയിരുന്നു.
മൂപ്പൻ പറഞ്ഞ പേരുകളിൽ ഒട്ടുമിക്കതിനും ഒരു സാമ്യം ഉണ്ടായിരുന്നു.
അവയിൽ പലതും പഴയ നിയമത്തിലേതായിരുന്നു…
റ്റിജി തോമസ് :റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
Leave a Reply