ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെപ്യൂട്ടി പ്രധാനമന്ത്രി, ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ്, ഹൗസിങ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്നും ആഞ്ചല റെയ്നർ രാജിവെച്ചു . ഇതേ തുടർന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ മന്ത്രിസഭാ പുനഃസംഘടന നടത്തി . സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിലെ പിഴവ് ആണ് റെയ്നറിന്റെ രാജിയിലേയ്ക്ക് നയിച്ചത്. റെയ്നറുടെ രാജി സ്റ്റാർമറിന്റെ നേതൃത്വത്തിന് വലിയൊരു തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കാരണം, ഏതാനും ദിവസങ്ങൾക്കുമുമ്പ് മാത്രമാണ് സ്റ്റാർമർ സ്വന്തം ‘ഫേസ് ടു’ പദ്ധതിയുടെ ഭാഗമായി ചെറുതായൊരു പുനഃസംഘടന നടത്തിയത്. റെയ്നറുടെ പുറത്തുപോക്ക് പ്രധാനമന്ത്രിയെ കടുത്ത സമ്മർദ്ദത്തിലാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഡേവിഡ് ലാമി ഡെപ്യൂട്ടി പ്രധാനമന്ത്രിയായി എത്തി. ഷബാന മാഹ്മൂദ് ഹോം സെക്രട്ടറി പദവി ഏറ്റെടുത്തു. യവറ്റ് കൂപ്പർ വിദേശകാര്യ മന്ത്രിയായപ്പോൾ, റെയ്ചൽ റീവ്സ് ധനകാര്യ വകുപ്പിൽ തുടർന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആദ്യമായി മൂന്ന് സ്ത്രീകൾ പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. മറ്റു പ്രധാനപ്പെട്ട മാറ്റങ്ങളിൽ പീറ്റർ കൈൽ ബിസിനസ് സെക്രട്ടറിയായി, എമ്മ റെനോൾഡ്സ് പരിസ്ഥിതി മന്ത്രിയായി, ഡഗ്ലസ് അലക്സാണ്ടർ സ്കോട്ട് ലൻഡ് സെക്രട്ടറിയായി ചുമതലയേറ്റു.
റെയ്നറുടെ രാജിയെ തുടർന്ന് ലേബർ പാർട്ടിയിൽ ഡെപ്യൂട്ടി നേതൃ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അത് സ്റ്റാർമറുടെ നേതൃത്വത്തിന് വലിയൊരു വെല്ലുവിളിയാകാനാണ് സാധ്യത. പാർട്ടി അകത്തും പുറത്തും അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നേക്കും. കിയർ സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ സർക്കാർ 14 മാസം പൂർത്തിയാക്കിയിരിക്കുമ്പോൾ, ആഞ്ചല റെയ്നറുടെ രാജി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയൊരു ചോദ്യചിഹ്നമാണ്. നേതൃപാടവം തെളിയിക്കേണ്ട നിർണ്ണായക ഘട്ടത്തിലാണ് അദ്ദേഹം. ഡെപ്യൂട്ടി നേതൃ തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ വിമതർ വീണ്ടും തലപൊക്കുന്നതിന് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Leave a Reply