ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഹൃദയാഘാതവും സ്ട്രോക്കും തടയുന്നതിൽ പതിറ്റാണ്ടുകളായി പ്രാഥമികമായി ഉപയോഗിച്ചിരുന്ന ആസ്പിരിനിനേക്കാൾ ക്ലോപിഡോഗ്രെൽ എന്ന മരുന്ന് കൂടുതൽ ഫലപ്രദമാണെന്ന് പുതിയ പഠനം വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ ഹാർട്ട് കോൺഫറൻസ് ആയ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിൽ അവതരിപ്പിച്ച പഠനം, പ്രശസ്തമായ ലാൻസെറ്റ് മെഡിക്കൽ ജേർണലിലും പ്രസിദ്ധീകരിക്കപ്പെട്ടു. ലോകത്ത് ഏകദേശം 300 മില്യൺ ആളുകൾ ആണ് ഹൃദയ സമ്പന്ധമായ രോഗത്തോട് (CAD) ജീവിക്കുന്നത് . അതിൽ യുകെയിൽ മാത്രം 23 ലക്ഷത്തിലധികം രോഗികളുണ്ട്. ബ്രിട്ടനിൽ ഹൃദയാഘാതം വർഷം തോറും ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കുമ്പോൾ ഈ കണ്ടെത്തൽ ഭാവിയിൽ ചികിത്സാ മാർഗ്ഗങ്ങൾ തന്നെ മാറ്റിമറിക്കുമെന്നു വിദഗ്ധർ പറയുന്നു.
ആഗോള തലത്തിൽ 29,000 രോഗികളെ ഉൾപ്പെടുത്തി നടത്തിയ ഏഴ് പ്രധാന ക്ലിനിക്കൽ പരീക്ഷണങ്ങളാണ് പഠനത്തിന്റെ അടിസ്ഥാനം. ക്ലോപിഡോഗ്രെൽ ഉപയോഗിച്ചവർക്ക് ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസംബന്ധമായ മരണം തുടങ്ങിയവയുടെ അപകടസാധ്യത 14 ശതമാനം വരെ കുറവ് ഉണ്ടാകുന്നു എന്നാണ് കണ്ടെത്തിയത് . യുകെയിൽ മാത്രം വർഷംതോറും ഏകദേശം 64,000 പേർ ഹൃദയാഘാതം മൂലം മരിക്കുന്നുണ്ട് . രോഗികൾക്ക് ലഭ്യമായ മരുന്നുകളിൽ കൂടുതൽ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്ന കണ്ടെത്തലാണ് ഇത് എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . ക്ലോപിഡോഗ്രെൽ ഉപയോഗിക്കുന്നവർക്ക് ആസ്പിരിൻ ഉപയോഗിക്കുന്നവരേക്കാൾ കൂടുതൽ ഫലപ്രാപ്തി ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇത് ഈ മരുന്നിന്റെ വ്യാപക ഉപയാഗത്തിന് വഴിതെളിയിക്കുമെന്നാണ് വിലയിരുത്തുന്നത്.
“ആസ്പിരിൻ പതിവായി ഹൃദയാഘാതവും സ്ട്രോക്കും തടയാൻ നൽകിയിരുന്നുവെങ്കിലും, ഇപ്പോൾ ക്ലോപിഡോഗ്രെൽ കൂടുതൽ ഫലപ്രദമാണെന്ന് തെളിവുകൾ വ്യക്തമാക്കുന്നു എന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ ചീഫ് സയന്റിഫിക് ആൻഡ് മെഡിക്കൽ ഓഫീസർ പ്രൊഫ. ബ്രയാൻ വില്യംസ് പറഞ്ഞു. ഈ മരുന്ന് ഉപയോഗിക്കുന്നവരിൽ അധിക രക്തസ്രാവം ഉണ്ടാകുന്നില്ലെന്നതും ഗുണകരമാണെന്നാണ് ആതുര ചികിത്സാ മേഖലയിലുള്ളവർ അഭിപ്രായപ്പെട്ടു. യുകെയിൽ ഹൃദയരോഗം മൂലം വർഷംതോറും ഏകദേശം 1,70,000 പേർ മരിക്കുന്നു. ഇതിൽ വലിയൊരു വിഭാഗം ഹൃദയ സമ്പന്ധമായ രോഗമുള്ളവരാണ് . അതിനാൽ, ഈ പുതിയ കണ്ടെത്തൽ മരുന്ന് നൽകുന്നതിലും ചികിത്സാ മാനദണ്ഡങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താനിടയുണ്ട്. രോഗികൾക്ക് കൂടുതൽ സുരക്ഷിതവും ദീർഘകാല ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കാൻ ക്ലോപിഡോഗ്രെൽ ഉപകരിക്കുമെന്ന് പ്രൊഫ. ബ്രയാൻ വില്യംസ് പറഞ്ഞു.
Leave a Reply