കാഠ്മണ്ഡു ∙ നേപ്പാളിൽ ഭരണകൂടം തകർന്ന സാഹചര്യത്തിൽ സൈനിക മേധാവി അശോക് രാജ് സിഗ്ദെൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. സമാധാനവും സ്ഥിരതയും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രസംഗം. എന്നാൽ അദ്ദേഹത്തിന് പിന്നിലെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ടത് നേപ്പാളിന്റെ മുൻ ഹിന്ദു രാജാവായിരുന്ന പൃഥ്വി നാരായൺ ഷായുടെ ചിത്രമായിരുന്നു. ഇതാണ് സാമൂഹികമാധ്യമങ്ങളിൽ പുതിയ സംശയങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചത്.
നേപ്പാളിൽ 2008-ൽ രാജവാഴ്ച അവസാനിച്ചെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജവാഴ്ച തിരിച്ചുവരണമെന്ന ആവശ്യം ശക്തമാണ്. അഴിമതിയും രാഷ്ട്രീയ അസ്ഥിരതയും ജനങ്ങളെ നിരാശരാക്കിയ സാഹചര്യത്തിലാണ് സൈനിക മേധാവിയുടെ പ്രസംഗത്തിൽ രാജാവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. മുൻകാലത്ത് ഷാ രാജവംശം നയിച്ച ഭരണകാലത്താണ് ആധുനിക നേപ്പാളിന്റെ അടിത്തറ പാകപ്പെട്ടതെന്ന് ചരിത്രം പറയുന്നു.
പൃഥ്വി നാരായൺ ഷായുടെ പ്രതിമകൾക്കും രാജാവിൻെറ പേരിലുള്ള സ്ഥാപനങ്ങൾക്കും നേപ്പാളി സൈന്യം പ്രത്യേക സ്ഥാനം നൽകിയിരുന്നു . അതിനാൽ തന്നെ അദ്ദേഹത്തിന്റെ ചിത്രം പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ടത് ‘രാജവാഴ്ച തിരിച്ചുവരുമോ ’ എന്ന ചോദ്യം വീണ്ടും ചർച്ചയാകുന്നതിന് കാരണമായി . സാമൂഹികമാധ്യമങ്ങളിൽ പലരും ഇത് ‘വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ സൂചന’ എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത് .
Leave a Reply