ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ആശുപത്രിയിൽ 2013-ൽ നടന്ന സംഭവമാണ് ഇപ്പോൾ രോഗി സുരക്ഷയ്ക്ക് വൻ ചോദ്യ ചിഹ്നം ഉയർത്തി പുറത്തുവന്നത്. രോഗി അനസ്‌തീഷ്യയിൽ കഴിയുമ്പോൾ, അനസ്‌തീഷ്യ വിദഗ്ധനായ ഡോ. സുഹൈൽ അൻജും ശസ്ത്രക്രിയ നടന്നു കൊണ്ടിരിക്കെ മുറി വിട്ടിറങ്ങി സമീപത്തുള്ള മറ്റൊരു ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിച്ചു. അവിടെ ഒരു നേഴ്സിനോടൊപ്പം ലൈംഗിക ബന്ധത്തിൽ അദ്ദേഹം ഏർപ്പെട്ടതായി പിന്നീട് കണ്ടെത്തുകയായിരുന്നു. ഡോക്ടർ നേഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മറ്റൊരു നേഴ്സ് കണ്ടതാണ് സംഭവം പുറത്തുവരാൻ കാരണം.
സംഭവദിവസം ഡോ. സുഹൈലിന് അഞ്ചാം നമ്പർ ഓപ്പറേഷൻ തീയറ്ററിലെ അഞ്ച് ശസ്ത്രക്രിയകൾക്ക് അനസ്തേഷ്യ നൽകേണ്ട ചുമതലയുണ്ടായിരുന്നു. ഇതിൽ മൂന്നാമത്തെ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് അദ്ദേഹം മുറി വിട്ടിറങ്ങി മറ്റൊരു തിയറ്ററിലേക്ക് പോയത്. അവിടെ നേഴ്സിനൊപ്പം ലൈംഗിക ബന്ധത്തിൽ അദ്ദേഹം ഏർപ്പെട്ടതായി ജനറൽ മെഡിക്കൽ കൗൺസിലിനെ പ്രതിനിധീകരിച്ച ആൻഡ്രൂ മോല്ലോയ് മെഡിക്കൽ ട്രൈബ്യൂണലിൽ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിച്ച ട്രൈബ്യൂണലിന് മുന്നിൽ ഡോ. അൻജും കുറ്റം സമ്മതിച്ചു. കുടുംബപരമായ സമ്മർദ്ദങ്ങളും വ്യക്തിപരമായ വേദനകളും തന്നെയാണ് അന്ന് തെറ്റി നടക്കാൻ കാരണമായതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ രോഗിയുടെ ജീവൻ അപകടത്തിലാക്കിയ രീതിയിലുള്ള പ്രവൃത്തിയാണ് സംഭവിച്ചത് എന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലത്തിൽ ഡോ. അൻജും 2024-ൽ യുകെ വിട്ട് പാകിസ്ഥാനിലേക്ക് മടങ്ങുകയായിരുന്നു. വൈദ്യ വൃത്തിയിലേക്ക് തിരികെ പ്രവേശിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യതയെ കുറിച്ച് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യൂണൽ ഇപ്പോൾ പരിശോധിച്ചു വരുന്നു. സംഭവവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ആരോഗ്യരംഗത്തെ നൈതിക ചട്ടങ്ങൾക്കും രോഗി സുരക്ഷയ്ക്കും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
Leave a Reply