ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത കന്‍ഹയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായ കന്‍ഹയ്യ കുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നില്‍ പോലീസിന്റെ അമിതാവേശമാണെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അഫ്‌സല്‍ഗുരു അനുസ്മരണച്ചടങ്ങില്‍ കന്‍ഹയ്യകുമാര്‍ പങ്കെടുത്തുവെങ്കിലും ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുകയോ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രം ദേശവിരുദ്ധമായി എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
തീവ്ര ഇടതുസംഘടനകളായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡിഎസ് യു), സിപിഐ (മാവോയിസ്റ്റ്) എന്നീ സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് നേതാവാണ് കന്‍ഹയ്യകുമാര്‍. ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതിന് വ്യക്തമായ തെളിവുകള്‍ നല്‍കാതെയാണ് ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തരമ ന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് കന്‍ഹയ്യയുടെ ദേശവിരുദ്ധ സ്വഭാവത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നിഗമനത്തിലെത്താന്‍ കാരണമെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. ജെഎന്‍യു സംഭവത്തിനു പിന്നില്‍ ലഷ്‌കര്‍ നേതാവായ ഹഫീസ് സഈദാണെന്ന് വ്യാജ ട്വീറ്റ് ഉദ്ധരിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസ്താവന പൊളിഞ്ഞതിനു പിന്നാലെയാണ് കന്‍ഹയ്യ കുമാറിന്റെ കാര്യത്തില്‍ മന്ത്രാലയം മലക്കം മറിഞ്ഞത്.