ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ആശുപത്രിയിൽ 2023 സെപ്റ്റംബർ 16-ന് ശസ്ത്രക്രിയയ്ക്കിടയിൽ ഡോക്ടർ നേഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായി കണ്ടെത്തപ്പെട്ട ഡോ. സുഹൈൽ അൻജുമിന് (44) വീണ്ടും ജോലി ചെയ്യാൻ മെഡിക്കൽ ട്രൈബ്യൂണൽ അനുമതി നൽകി. രോഗി ജനറൽ അനസ്തീഷ്യയിൽ കഴിയുമ്പോൾ അദ്ദേഹം പുറത്തേക്കു പോയെങ്കിലും മറ്റൊരു ഓപ്പറേറ്റിംഗ് തിയേറ്ററിൽ പ്രവേശിച്ച് നേഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഒരു സഹപ്രവർത്തക അപ്രതീക്ഷിതമായി ഇത് കണ്ടതാണ് സംഭവം പുറം ലോകത്ത് അറിയാൻ കാരണമായത് .
വിവരങ്ങൾ പുറത്തു വന്നതിനെ തുടർന്ന് 2024 ഫെബ്രുവരിയിൽ അൻജുമിനെ ആശുപത്രി പുറത്താക്കിയിരുന്നു. പിന്നീട് പാകിസ്താനിലേക്ക് കുടുംബത്തോടൊപ്പം മാറി അവിടെ ഡോക്ടറായി ജോലി ചെയ്തിരുന്ന അദ്ദേഹം ബ്രിട്ടനിൽ തിരിച്ചെത്തി കരിയർ തുടരണമെന്ന് ട്രൈബ്യൂണലിനോട് അപേ ക്ഷിക്കുകയിരുന്നു . ഇത് ഒരിക്കൽ മാത്രം സംഭവിച്ച ഗുരുതരമായ തെറ്റായിരുന്നുവെന്നും വളരെ ലജ്ജാകരമായ പ്രവൃത്തിയാണ് താൻ ചെയ്തതെന്നും അദ്ദേഹം മാപ്പപേക്ഷയിൽ പറഞ്ഞു.
രോഗിക്ക് പ്രശ്നങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും, സഹപ്രവർത്തകരുടെയും രോഗിയുടെയും ക്ഷേമത്തേക്കാൾ സ്വന്തം താത്പര്യങ്ങൾ മുൻനിർത്തിയ പ്രവൃത്തിയായിരുന്നു ഇതെന്നാണ് ട്രൈബ്യൂണൽ അധ്യക്ഷ റിബേക്ക മില്ലർ പറഞ്ഞത് . എന്നിരുന്നാലും ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ഡോക്ടർ ആവർത്തിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും വിധി വ്യക്തമാക്കുന്നു. ഡോക്ടറുടെ രജിസ്ട്രേഷനിൽ നേരിട്ട് ശിക്ഷ നൽകില്ലെങ്കിലും തുടർ നടപടികളുടെ കാര്യം തീരുമാനിക്കാൻ മാഞ്ചസ്റ്ററിൽ വീണ്ടും ട്രൈബ്യൂണൽ യോഗം ചേരും.
Leave a Reply