ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് രാജകുടുംബം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രഥമ വനിതയായ മെലാനിയ ട്രംപിനും നൽകിയ സ്വീകരണം ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു. രാജാവും റാണിയും പ്രിൻസ്, പ്രിൻസസ് ഓഫ് വെയിൽസ് എന്നിവർ ചേർന്ന് നടത്തിയ വരവേൽപ്പിൽ രഥയാത്ര മുതൽ സൈനിക ബഹുമതികൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ മുൻപ് ഒരിക്കലും ഒരു അമേരിക്കൻ പ്രസിഡന്റിനും ലഭിക്കാത്ത രീതിയിലായിരുന്നു.
ട്രംപിന്റെ രാജ കുടുംബത്തോടുള്ള ഇഷ്ടത്തിന് പിന്നിൽ അദ്ദേഹത്തിന്റെ ബാല്യകാലവും ന്യൂയോർക്കിലെ സമ്പന്നരുടെ ലോകത്തുണ്ടായിരുന്ന നിരാകരണവും വലിയ പങ്കുവഹിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. പഴയ പണക്കാരുടെ കൂട്ടായ്മയിൽ അംഗീകരിക്കപ്പെടാത്തതിന്റെ പ്രതികാരമായി തന്നെ ട്രംപ് സ്വന്തം അനുചര വൃത്തങ്ങൾ സൃഷ്ടിച്ചെങ്കിലും ബ്രിട്ടീഷ് രാജകുടുംബത്തെ പോലെ ചരിത്രപ്രാധാന്യമുള്ള കുടുംബങ്ങളെ അദ്ദേഹം എപ്പോഴും ആരാധിച്ചിരുന്നു എന്നാണ് അമേരിക്കൻ രാഷ്ട്രീയ വിദഗ്ധനായ ഡേവിഡ് ആൻഡേഴ്സൺ അഭിപ്രായപ്പെട്ടത് .
ട്രംപിൻ്റെ രാജകീയ സ്വീകരണത്തെ ബ്രിട്ടൻ വ്യാപാര, നയതന്ത്ര താല്പര്യങ്ങൾക്കായി വിജയകരമായി പ്രയോജനപ്പെടുത്തുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രംപിനെ യു.എസിലെ രാജാവ്’ എന്ന രീതിയിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആയിരം വർഷം പഴക്കമുള്ള പാരമ്പര്യവും കൊട്ടാരങ്ങളും കാഴ്ചകളുമാണ് ട്രംപിന് തന്റെ ജീവിതകാല സ്വപ്നം സഫലമായെന്ന അനുഭവം നൽകുന്നത്. അമേരിക്കക്കാർക്ക് സ്വന്തം രാജ്യത്ത് ഇല്ലാത്ത ‘രാജകീയ സ്വപ്നം’ ബ്രിട്ടീഷ് രാജകുടുംബത്തിലൂടെയാണ് കാണാൻ കഴിയുന്നത്, അതുകൊണ്ട് തന്നെ ട്രംപിന്റെ ഈ സ്വീകരണം അവർക്കും വലിയൊരു ആകർഷണമായി മാറുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ഉത്ഭവം നേരിട്ട് ബ്രിട്ടനോടാണ് ബന്ധിപ്പിക്കപ്പെടുന്നത്. 1607-ൽ ഇംഗ്ലീഷ് കുടിയേറ്റക്കാർ വെർജീനിയയിലെ ജേംസ്ടൗണിൽ താമസം ആരംഭിച്ചതോടെ 13 ഇംഗ്ലീഷ് കോളനികൾ രൂപപ്പെട്ടു. ബ്രിട്ടന്റെ കർശനമായ നികുതി നിയമങ്ങളും നിയന്ത്രണങ്ങളും കോളനികളിൽ പ്രതിഷേധങ്ങൾക്കിടയാക്കി, ഒടുവിൽ 1776-ൽ അമേരിക്ക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. എട്ടുവർഷത്തെ യുദ്ധത്തിന് ശേഷം 1783-ൽ ബ്രിട്ടൻ അമേരിക്കയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. അതിനുശേഷവും അമേരിക്കയുടെ ഭരണക്രമം, ഭാഷ, നിയമവ്യവസ്ഥ, സംസ്കാരം തുടങ്ങി പല മേഖലയിലും ബ്രിട്ടീഷ് സ്വാധീനം നിലനിൽക്കുന്നു.
Leave a Reply