ന്യൂസ് ഡെസ്ക് മലയാളം യുകെ

എന്‍എച്ച്എസ് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന കഷ്ടപ്പാടും പ്രയാസവും വാക്കുകൾക്കൊണ്ട് പറയാൻ സാധിക്കുന്നതിലും അതീതമാണ്. പ്രത്യേകിച്ച് കോവിഡിന് ശേഷമുള്ള ഉയർന്ന രോഗികളുടെ എണ്ണം നിലനിൽക്കെ. പലപ്പോഴും പന്ത്രണ്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ വെള്ളം പോലും കുടിക്കാതെയാണ് ജോലി ചെയ്യേണ്ടി വരുന്നത്. ജോലിയുടെ ഭാരം നാള്‍ക്ക് നാള്‍ കൂടുന്നു എന്നതിനാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനു യുകെയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ താല്‍പര്യം കുറഞ്ഞു വരുന്നത് വൻ വാർത്താ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തെ പാഷനായി കാണുന്ന നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ യുകെയിലെ എന്‍എച്ച്എസിൻെറ യുവത്വത്തിന്റെ മുഖവും പ്രസരിപ്പും നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അവരില്‍ ഒരാളായ സന്ദര്‍ലാന്റിലെ ഡോ. അഞ്ജന വര്‍ഗീസ് ഇപ്പോള്‍ ലോക മിസ് യൂണിവേഴ്സ് ഫൈനല്‍ റൗണ്ടിലേക്കുള്ള ബ്രിട്ടീഷ് സുന്ദരിമാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.

കുഞ്ഞു നാൾ മുതലേ ഡോക്ടറാകാനുള്ള നിശ്ചയ ദാര്‍ഢ്യം ഉറപ്പിച്ചു സെക്കൻഡറി സ്‌കൂള്‍ പഠന കാലം മുതലേ എല്ലാവർക്കും മാതൃകയായി മലയാളി സമൂഹത്തില്‍ ശ്രദ്ധ നേടിയ പെണ്‍കുട്ടിയാണ്. പഠന മികവിന് പല പുരസ്‌കാരങ്ങളും അഞ്ജനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇരുപത്തേഴുകാരിയായ ഈ ന്യൂറോസര്‍ജൻ ഇതിനോടകം തന്നെ ചിത്ര രചനയിലും ഫോട്ടോഗ്രഫിയിലും തൻെറ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. അഞ്ജനയുടെ ഈ നേട്ടം യുകെ മലയാളികൾ എല്ലാം ഉറ്റു നോക്കുന്ന ഒന്നാണ്. ഫൈനല്‍ റൗണ്ട് വരെ സ്വന്തം നിശ്ചയദാർഢ്യത്തോടെ എത്തിയ അഞ്ജനയ്ക്ക് ഇനി മുന്നേറാന്‍ പൊതു സമൂഹത്തിന്റെ പിന്തുണ കൂടി വേണം. ഫൈനല്‍ റൗണ്ടിലേയ്ക്ക് ലഭിക്കുന്ന പബ്ലിക് വോട്ടു കൂടി പരിഗണിച്ചാണ് അന്തിമ വിജയിയെ ഓരോ രാജ്യത്തു നിന്നും കണ്ടെത്തുന്നത്.

ചാലക്കുടി സ്വദേശികളായ വര്‍ഗീസിന്റെയും ഷീബയുടെയും മകളാണ് അഞ്ജന. കഴിഞ്ഞ 20 വര്‍ഷമായി യുകെയില്‍ താമസിച്ചു വരികയാണ്. യുകെ മലയാളികള്‍ക്ക് ലോക മത്സര വേദിയില്‍ നിന്നും തിളക്കമേറിയ ഒരു നേട്ടം പറന്നെത്തുമോ എന്ന ആകാംഷയിലാണ് ഇപ്പോൾ യുകെ മലയാളികൾ. ‘മിസ്സ് യൂണിവേഴ്‌സ് ഗ്രേറ്റ് ബ്രിട്ടന്‍’ സൗന്ദര്യ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 34 മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ഫൈനല്‍ റൗണ്ടില്‍, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് പിന്തുണയ്ക്കുവാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. എല്‍ സാല്‍വദോറില്‍ വെച്ച് നടക്കുന്ന എഴുപത്തി രണ്ടാമത് മിസ്സ് യൂണിവേഴ്‌സ് മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് വിജയകിരീടം ചൂടാൻ യുകെ മലയാളികളുടെ വോട്ടും പിന്തുണയും അഞ്ജനയും കുടുംബവും അഭ്യര്‍ത്ഥിക്കുകയാണ്. അഞ്ജനയ്ക്ക് വോട്ട് ചെയ്യാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ജൂലൈ ഏഴ് വെള്ളിയാഴ്ചവരെ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ട്