ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ എട്ടുമാസത്തിലേറെയായി തടവിലായിരുന്ന ബ്രിട്ടീഷ് ദമ്പതികളായ പീറ്റർ റെയ്നൾഡ്സും (80) ഭാര്യ ബാർബിയും (76) ഒടുവിൽ മോചിതരായി. ഖത്തറിന്റെ ഇടപെടലിലൂടെയാണ് ഇവരെ വിട്ടയച്ചത് . ആദ്യം ഖത്തറിലേയ്ക്ക് കൊണ്ടുപോയി മെഡിക്കൽ പരിശോധനകൾക്ക് വിധേയരാക്കിയതിന് ശേഷം അവർ ബ്രിട്ടനിലേയ്ക്ക് മടങ്ങുമെന്നാണ് വിവരം. 2021-ൽ താലിബാൻ അധികാരം പിടിച്ചടക്കിയപ്പോൾ പല പാശ്ചാത്യരും രാജ്യം വിട്ടെങ്കിലും രണ്ടര പതിറ്റാണ്ടായി ബാമിയാൻ പ്രവിശ്യയിൽ ജീവിച്ചിരുന്ന ഇവർ ആഫ്ഗാനിസ്ഥാൻ വിട്ടുപോകാൻ തയാറായില്ലായിരുന്നു.
പീറ്ററും ബാർബിയും 1970-ൽ കാബൂളിൽ വെച്ചാണ് വിവാഹിതരായത് . കഴിഞ്ഞ 18 വർഷമായി അവർ ആഫ്ഗാനിസ്ഥാനിൽ പ്രാദേശികർക്കായി തൊഴിൽ പരിശീലന പരിപാടി നടത്തുകയായിരുന്നു. താലിബാൻ അധികാരം പിടിച്ച ശേഷവും പ്രാദേശിക അധികാരികളുടെ അംഗീകാരത്തോടെ സേവനം തുടരുകയായിരുന്നു. 2025 ഫെബ്രുവരി 1-ന് അവർ യാത്ര ചെയ്യുന്നതിനിടെ താലിബാൻ ഭരണകൂടം ഇവരെ തടവിലാക്കുകയായിരുന്നു . നിയമലംഘനമാണെന്നാരോപിച്ച് പിടികൂടിയെങ്കിലും വ്യക്തമായ കുറ്റപത്രം ഇതുവരെ നൽകിയിരുന്നില്ല . തടവിലിരിക്കെ ഇവർ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി മക്കളും യു.എന്നും വ്യക്തമാക്കിയിരുന്നു. മകൻ ജോനാഥൻ റെയ്നൾഡ്സ് പറഞ്ഞത് പ്രകാരം, പിതാവ് പലപ്പോഴും കുഴഞ്ഞു വീഴുകയും മാതാവ് ക്ഷയരോഗം, പോഷകാഹാര കുറവ് എന്നിവ മൂലവും അവശയായിരുന്നു.
കുടുംബാംഗങ്ങളും അന്താരാഷ്ട്ര സംഘടനകളും മാസങ്ങളായി നടത്തിയ ശക്തമായ ഇടപെടലോടെയാണ് മോചനം നടന്നത്. ഖത്തർ സ്ഥാനപതി ഇവർക്ക് മരുന്നും ഡോക്ടർ സഹായവും കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യവും തടവിനിടെ ഒരുക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാർ താലിബാനെ അംഗീകരിക്കുന്നില്ലെന്നും കാബൂളിലെ എംബസി അടച്ചിരിക്കുന്നതിനാൽ സഹായം പരിമിതമാണെന്നും വിദേശകാര്യ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവിൽ, ബ്രിട്ടീഷ് പ്രത്യേക പ്രതിനിധി റിച്ചാർഡ് ലിൻഡ്സിയ്ക്ക് കൈമാറിയാണ് ദമ്പതികളെ ഖത്തറിലേയ്ക്കുള്ള വിമാനത്തിൽ അയച്ചത്.
Leave a Reply