ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വർദ്ധിച്ചുവരുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി വിസ യുകെ. പലർക്കും തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു . “ഹായ് മോം” തട്ടിപ്പിലൂടെ തനിക്ക് 3600 പൗണ്ട് നഷ്ടമായതായി ഡെവോണിൽ നിന്നുള്ള അമൻഡ മാധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പ് സംഘം അവരുടെ സ്വന്തം മകനെന്ന വ്യാജേനയാണ് അമാൻഡയെ സമീപിച്ചത്. തട്ടിപ്പ് സംഘത്തിൽ ഒരാൾ തന്റെ (അമാൻഡയുടെ മകൻെറ) ഫോൺ വെള്ളത്തിൽ വീണെന്നും പ്രവർത്തിക്കുന്നില്ല എന്നും പറഞ്ഞ് വിളിക്കുകയായിരുന്നു. തൻറെ സുഹൃത്തുക്കൾ നൽകിയ പഴയ ഫോൺ ആണ് ഇപ്പോൾ കൈയ്യിലുള്ളതെന്നും പഴയ നമ്പർ പ്രവർത്തിക്കുന്നില്ല എന്നുമാണ് പറഞ്ഞത്. ഈ സന്ദേശം ലഭിച്ച അമാൻഡ മകനെ വിളിക്കുവാൻ ശ്രമിച്ചെങ്കിലും കോൾ എടുത്തിരുന്നില്ല. പിന്നാലെ “മിസ് യു”, “കാണാനായി കാത്തിരിക്കുന്നു” തുടങ്ങിയ മെസ്സേജുകളും അവർക്ക് ലഭിച്ചു.

ഇത്തരത്തിലുള്ള മെസ്സേജുകൾക്ക് തുടർക്കഥയായി ആണ് തട്ടിപ്പ് സംഘത്തിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. താൻ വളരെയധികം സമ്മർദ്ദത്തിൽ ആണെന്നും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണെന്നും സന്ദേശത്തിൽ പറയുന്നു. തൻെറ ബിസിനസ് തകർന്നെന്നതാണ് സന്ദേശത്തിൻെറ ഉള്ളടക്കം. ഇതിന് പിന്നാലെ വലിയൊരു തുക സഹായത്തിനായി ആവശ്യപ്പെടുകയായിരുന്നു. 1700 പൗണ്ടും 1900 പൗണ്ടും വീതം രണ്ടുതവണയായി അമാൻഡ മകന് എന്ന ധാരണയിൽ ഇവർക്ക് പണം നൽകി.

പലപ്പോഴും സുഹൃത്തുക്കളായും കുടുംബാംഗങ്ങളായും ആൾമാറാട്ടം നടത്തിയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ഇരകളെ സമീപിക്കുക. ഇതിന് പിന്നാലെയാണ് ഈ മാതൃദിനത്തിൽ അറിയാത്ത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾക്കും കോളുകൾക്കും എതിരെ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് യുകെ ആൻഡ് ഐ മാനേജിംഗ് ഡയറക്ടർ മാൻഡി ലാം രംഗത്ത് വന്നത്. സംശയം തോന്നുന്ന തരത്തിലുള്ള ഫോൺ കോളുകളും സന്ദേശങ്ങളും ശ്രദ്ധിക്കുക. നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന ടെക്സ്റ്റ് മെസ്സേജുകൾ ലഭിക്കുകയാണെങ്കിൽ ഇവയിലെ വസ്തുത ഉറപ്പുവരുത്തിയതിനുശേഷം മാത്രം ഇവയ്ക്ക് മറുപടി നൽകാൻ ശ്രമിക്കുക.

നിയമാനുസൃതമായ സ്ഥാപനങ്ങളും മറ്റും മുന്നറിയിപ്പില്ലാതെ വ്യക്തിപരമായ വിവരങ്ങളും വിശദാംശങ്ങളും ആവശ്യപ്പെടുകയില്ല എന്ന് പൊതുജനങ്ങൾ അറിഞ്ഞിരിക്കണമെന്നും വിസ യുകെ പറയുന്നു. ഏതെങ്കിലും തരത്തിൽ സംശയം തോന്നുന്ന സന്ദേശങ്ങൾ ലഭിച്ചാൽ നിങ്ങൾ വിശ്വസിക്കുന്ന ഒരാളുമായി ഇത് പങ്കുവയ്ക്കുക, ചിലപ്പോൾ അവർക്കും സമാന തരത്തിലുള്ള സന്ദേശം ലഭിച്ചിരിക്കാം. ഇത്തരം സാഹചര്യങ്ങളിൽ വിദഗ്ധോപദേശം സ്വീകരിക്കാനും ശ്രമിക്കണമെന്ന് വിസ യുകെ പറയുന്നു