ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതും ഡസൻ കണക്കിന് കുട്ടികളെ ഓൺലൈനിലൂടെ ചൂഷണം ചെയ്തതുമായ കുറ്റത്തിന് 22 വയസുകാരനായ സ്റ്റുവർട്ട് ലാത്താമിന് 14 വർഷത്തെ തടവുശിക്ഷ വിധിച്ചു. 22 കാരനായ പ്രതി 11 മുതൽ 13 വരെ പ്രായമുള്ള നൂറുകണക്കിന് പെൺകുട്ടികളിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ ആവശ്യപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇയാളുടെ ഉപകരണങ്ങളിൽ നിന്ന് 4,000-ലധികം അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തു. അതിൽ 1,000-ത്തിലധികം “കാറ്റഗറി എ” വിഭാഗത്തിൽപ്പെട്ടവയായിരുന്നു.
പ്രസ്റ്റൺ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ ലാത്താം 49 കുറ്റങ്ങൾക്കാണ് കുറ്റസമ്മതം നടത്തിയത്. കുറഞ്ഞത് 41 പേരാണ് ഇതുവരെ കണ്ടെത്തിയ ഇരകളെന്ന് പൊലീസ് പറഞ്ഞു. കുട്ടികളോട് “ജോഷ്” എന്ന 14 കാരനായിട്ടാണ് ഇയാൾ സോഷ്യൽ മീഡിയ വഴി ഇടപെട്ടത് . കുട്ടികളെ ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം ചെയ്തുമാണ് ഇയാൾ ലൈംഗിക ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നത്.
“അത്യന്തം അപകടകരമായ കുറ്റവാളി”യെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഉദ്യോഗസ്ഥൻ ഡിഎസ് സൈമൺ ഫ്രാൻസ് പ്രതിയെ വിശേഷിപ്പിച്ചത് . സാമൂഹ്യമാധ്യമങ്ങളിൽ പ്രായപരിശോധന ശക്തമാക്കണമെന്നും മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോടതി ലാത്താമിന്റെ പ്രവൃത്തികളെ ക്ഷമിക്കാനാവാത്തത് എന്നാണ് വിശേഷിപ്പിച്ചത്.
Leave a Reply