ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്ഗോയിലെ ബുക്കാനൻ സ്ട്രീറ്റിൽ ശനിയാഴ്ച കുടിയേറ്റ വിരുദ്ധരും വംശീയതയ്ക്കെതിരായ പ്രതിഷേധക്കാരും തമ്മിൽ കടുത്ത സംഘർഷം നടന്നു. “സ്റ്റോപ്പ് ദി ബോട്ട്സ്”, “യുണൈറ്റ് ദി കിംഗ്ഡം” എന്നീ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ എത്തിയപ്പോൾ, എതിർ പക്ഷമായി യൂണിയനുകളും പൗരാവകാശ സംഘടനകളും “ബെയേൺസ് നോട്ട് ബിഗോട്ട്സ്”, “റഫ്യൂജീസ് വെൽക്കം” തുടങ്ങിയ സന്ദേശങ്ങളുമായി റാലി നടത്തി.
സംഘർഷ സാധ്യതകൾ ഉയർന്നപ്പോൾ വ്യാപകമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കി ഇരു വിഭാഗവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ തടയുകയായിരുന്നു. വംശീയ വിരുദ്ധ പ്രവർത്തകർ സംഗീതവും മുദ്രാവാക്യങ്ങളും മുഴക്കിയപ്പോൾ കുടിയേറ്റ വിരുദ്ധരുടെ പ്രസംഗങ്ങൾ കേൾപ്പിക്കപ്പെടാൻ പോലും പ്രയാസമായി. മൂന്ന് മണിക്കൂറോടെ ‘യൂണിറ്റി റാലി’ പിരിഞ്ഞെങ്കിലും, പ്രതിരോധക്കാരിൽ ചിലർ സ്ഥലത്ത് തുടർന്നു. ഒരു പൊലീസ് ഓഫീസറെ ആക്രമിച്ച കേസിൽ 47-കാരനെ അറസ്റ്റ് ചെയ്തതായി സ്കോട്ട് ലാൻഡ് പൊലീസ് അറിയിച്ചു.
ബ്രിട്ടൻ മുഴുവനും കുടിയേറ്റ വിഷയം ശക്തമായ രാഷ്ട്രീയ-സാമൂഹിക ചർച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും നോർത്ത് അയർലണ്ടിലും വംശീയ അക്രമങ്ങൾ ഉണ്ടായപ്പോൾ സ്കോട്ട് ലൻഡിൽ സ്ഥിതി ശാന്തമായിരുന്നു. എന്നാൽ ഇപ്പോൾ അവിടേയ്ക്കും പ്രതിഷേധങ്ങൾ ശക്തമാകുന്നുവെന്നതാണ് ശ്രദ്ധേയമായ മാറ്റം. അഭയാർത്ഥി പാർപ്പിടം, ആരോഗ്യ സൗകര്യങ്ങളുടെ ക്ഷാമം, തൊഴിൽ പ്രശ്നങ്ങൾ എന്നിവയെല്ലാം ചേർന്ന് കുടിയേറ്റം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും വിവാദ വിഷയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.
Leave a Reply