ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ജനറൽ പ്രാക്ടീഷണർ ഡോക്ടർമാർക്ക് ഇനി രോഗനിർണ്ണയത്തിൽ വീഴ്ച സംഭവിക്കാതിരിക്കാനായി ‘ജെസ്സ് റൂൾ ‘ എന്ന പുതിയ സുരക്ഷാനയം നടപ്പിലാക്കുന്നു. ഒരാൾ ഒരേ രോഗ ലക്ഷണങ്ങൾക്ക് ആവർത്തിച്ച് ചികിത്സ തേടുകയും സ്ഥിതി വഷളാവുകയും ചെയ്യുന്നുവെങ്കിൽ ജിപികൾ പഴയ രോഗനിർണ്ണയം പുനഃപരിശോധിക്കേണ്ടതും ആവശ്യമെങ്കിൽ രോഗിയെ വിദഗ്ധ ഡോക്ടർമാരുടെ പരിഗണനയ്ക്ക് വിടേണ്ടതുമാണ് എന്നതാണ് ഈ നിയമത്തിന്റെ അടിസ്ഥാന നിർദ്ദേശം.
2020-ൽ സ്റ്റീവനേജിൽ നിന്നുള്ള 27 കാരിയായ ജെസിക്ക ബ്രേഡി, വയറുവേദന, ഛർദ്ദി, ഭാരം കുറയൽ , ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി ആറുമാസത്തിലധികം ജി പികളെ സമീപിച്ചു. 20 തവണക്ക് മുകളിൽ ചികിത്സ തേടിയിട്ടും അവരെ “ലോംഗ് കോവിഡ്” ബാധിച്ചെന്നു തെറ്റായി വിലയിരുത്തുകയാണ് ഉണ്ടായത് . കോവിഡ് നിയന്ത്രണങ്ങളാൽ നേരിട്ടുള്ള പരിശോധനകൾ കിട്ടാതിരുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അഡീനോകാർസിനോമ (ക്യാൻസർ) കണ്ടെത്തിയത്. എന്നാൽ രോഗനിർണ്ണയത്തിന് വെറും മൂന്ന് ആഴ്ചയ്ക്കകം, ഓക്സിജൻ ചികിത്സയിൽ കഴിയവെ, ജെസിക്ക അന്തരിച്ചു.
ജെസ്സ് റൂൾ പ്രകാരം ഒരു രോഗി മൂന്നു തവണയ്ക്ക് മുകളിൽ ഒരേ ലക്ഷണങ്ങൾ പറഞ്ഞു വരുമ്പോഴും, നിലവിലെ ചികിത്സാഫലം ലഭിക്കാതിരിക്കുമ്പോഴും ജിപികൾ കേസ് വീണ്ടും പഠിക്കണം. വ്യക്തമായ രോഗനിർണ്ണയം നൽകാൻ കഴിയാത്ത പക്ഷം, രോഗിയെ വിദഗ്ധർക്കു കൈമാറുകയും വേണം. എൻഎച്ച്എസ്എസ് ഇംഗ്ലണ്ട്, റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് എന്നിവ ചേർന്നാണ് നിയമത്തിന് രൂപം നൽകിയത്. ജെസിക്കയുടെ അമ്മ ആൻഡ്രിയ ബ്രേഡി Change.org വഴി നടത്തിയ ഓൺലൈൻ പെറ്റീഷന് 5 ലക്ഷത്തോളം പേർ ഒപ്പുവെച്ചിരുന്നു . കോവിഡ് കാലത്തിനു ശേഷം ആരോഗ്യരംഗം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അത്. ജെസിക്കയുടെ ദുരന്തം മറ്റൊരു കുടുംബത്തിനും വരരുത് അത് തടയുകയാണ് എന്റെ ദൗത്യം എന്നാണ് ആൻഡ്രിയ ജെസ്സ് റൂൾ നടപ്പിലാക്കുന്നതിനെ കുറിച്ച് പ്രതികരിച്ചത്.
Leave a Reply