ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- 2022 ലെ എ ലെവൽ, ജി സി എസ്‌ പരീക്ഷകളെ സംബന്ധിച്ച് വ്യക്തത വേണമെന്ന് അധ്യാപകരും അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വർഷം കോവിഡ് മൂലം പരീക്ഷകൾ ഒഴിവാക്കിയിരുന്നു. സ്കൂളുകൾ തന്നെയായിരുന്നു തങ്ങളുടെ വിദ്യാർത്ഥികളുടെ ഗ്രേഡുകൾ നിർണയിച്ചത്. എന്നാൽ ഇത് തങ്ങൾക്ക് വളരെയധികം സമ്മർദം നൽകുന്നുണ്ടെന്നും, അതിനാൽ അടുത്തവർഷത്തെ തീരുമാനങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കണമെന്നുമാണ് അധ്യാപകർ ആവശ്യപ്പെട്ടിരിക്കുന്നത്. 2022 ലെ ക്വാളിഫിക്കേഷൻ പ്ലാനുകളെ സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് വെൽഷ് ഗവൺമെന്റ് അറിയിച്ചിട്ടുണ്ട്.

അധ്യാപകർ വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഒരു അധ്യാപിക ബിബിസി വെയിൽസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സ്കൂളിൽ അദ്ധ്യാപകർ തന്നെ ഗ്രേഡുകൾ നിശ്ചയിക്കുന്നതിനാൽ, വിദ്യാർഥികൾ ഉദ്ദേശിക്കുന്ന ഗ്രേഡ് കിട്ടിയില്ലെങ്കിൽ അധ്യാപകരെ കുറ്റപ്പെടുത്തുക എന്ന പ്രവണതയാണ് ഇപ്പോൾ ഉണ്ടാകുന്നത് എന്ന് അവർ പറഞ്ഞു. ഇതോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റി അഡ്മിഷൻ കിട്ടിയില്ലെങ്കിൽ, അധ്യാപകരുടെ കുറ്റമായാണ് അവർ വിലയിരുത്തുന്നത്. ഇത് അധ്യാപകർക്ക് മേൽ ഏൽപ്പിച്ച മാനസിക സമ്മർദ്ദം വളരെയധികം ആണ്.

2020 ന്റെ ഭൂരിഭാഗം സമയവും സ്കൂൾ അടച്ചിരുന്നതിനാലും, ഓൺലൈൻ ക്ലാസുകൾ ആയതിനാലും പരീക്ഷ നടത്തേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നിരുന്നു. അതിനു പകരമായി ഗ്രേഡുകൾ നൽകുക എന്ന മാർഗമാണ് അവലംബിച്ചത്. എന്നാൽ ഈ സിസ്റ്റം നടപ്പിലാക്കിയത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചു എന്നാണ് നിലവിൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനുശേഷം അധ്യാപകർ നൽകിയ റിസൾട്ടുകൾക്ക് മേൽ എക്സാമിനിങ് ഒഫീഷ്യൽസ് മേൽനോട്ടം വഹിച്ചിരുന്നു. എന്നാൽ ഇങ്ങനെ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർ അധ്യാപകർ നൽകിയ ഗ്രേഡുകൾ വളരെയധികം താഴ്ത്തിയതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതേതുടർന്ന് ഇത്തരത്തിൽ മേൽനോട്ട സംവിധാനം ഉപേക്ഷിച്ച്, അധ്യാപകർ നൽകിയ ഗ്രേഡുകൾക്ക് തന്നെ അംഗീകാരം നൽകിയിരുന്നു. ഇത്തരത്തിൽ വീഴ്ച സംഭവിച്ചതിന് വിദ്യാഭ്യാസമന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെയാണ് അടുത്തവർഷത്തെ സംവിധാനങ്ങളെ സംബന്ധിച്ച് വ്യക്തത വേണമെന്ന ആവശ്യം ഉയർന്നു വന്നിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി വർദ്ധിച്ചില്ലെങ്കിൽ പരീക്ഷകൾ നടത്തുവാൻ തന്നെയാണ് തീരുമാനം എന്നാണ് നിലവിൽ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വെൽഷ് ഗവൺമെന്റിനോട് ചേർന്ന് ഇത് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.