ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് അർജന്റീന ടീം മാനേജർ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര. മത്സരം നവംബറില്‍ തന്നെ നടക്കുമെന്നും കബ്രേര അറിയിച്ചു. കൂടുതല്‍ ഒരുക്കങ്ങള്‍ വിലയിരുത്താൻ കൂടുതല്‍ സംഘം ഉടൻ അർജന്റീനയില്‍ നിന്നെത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു .
ലിയോണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം നവംബര്‍ 15ന് കേരളത്തിലെത്തും. 17ന് നടക്കുന്ന മത്സരത്തില്‍ അര്‍ജിന്റീനയുടെ എതിരാളി ഓസ്ട്രേലിയ ആയിരിക്കും. ലോക റാങ്കിംഗില്‍ 50 താഴെയുള്ള ടീം വേണം എന്ന നിബന്ധനയില്‍ ചര്‍ച്ചകള്‍ ഏറെ നീണ്ടു. ഒടുവിലാണ് റാങ്കിംഗില്‍ 25 ആം സ്ഥനത്തുള്ള ഓസ്ട്രേലിയയെ തീരുമാനിച്ചത്.ഖത്തര്‍, സൗദി അറേബ്യ ടീമുകളേയും അര്‍ജന്റീനയുടെ എതിരാളികളായി പരിഗണിച്ചിരുന്നു. എന്നാല്‍ നറുക്ക് അവസാനം ഓസ്ട്രേലിയക്ക് വീഴുകയായിരുന്നു.സ്പോണ്സര് കമ്ബനിയും ഓസ്ട്രേലിയയും തമ്മില്‍ കരട് കരാര്‍ കൈമാറി. ഖത്തര്‍ ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിക്കുകയായിരുന്നു.
സന്ദർശനത്തില്‍ അദ്ദേഹം പൂർണ്ണ സംതൃപ്തനാണെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാനും പറഞ്ഞു. ആവശ്യമായ നവീകരണ പ്രവർത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നും സ്റ്റേഡിയം ഒരു മാസത്തിനകം പൂർണ്ണ സജ്ജമാകുമെന്നും അബ്ദുറഹിമാൻ പറഞ്ഞു. ടിക്കറ്റെടുത്ത് കളി കാണുന്നതിന് പുറമെ എല്ലാ മലയാളി കായിക പ്രേമികള്‍ക്കും മെസ്സിയെയും അർജന്റീന ടീമിനെയും കാണാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി പങ്കുവെച്ചു.
Leave a Reply