പാലക്കാട്: ലൈംഗികാരോപണ വിവാദത്തെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍നിന്ന് വിട്ടുനിന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, 38 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ തിരിച്ചെത്തി. വളരെ അടുത്ത കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് യാത്രാ വിവരം അറിയിച്ചത്.
ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിൽ എം.എൽ.എ ബോർഡ് വെച്ചാണ് അദ്ദേഹം എത്തിയതെന്ന് പറയുന്നു. പാലക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സേവ്യറിന്റെ മരണത്തിൽ അനുശോചിക്കാൻ കുടുംബത്തെ സന്ദർശിച്ച ശേഷം മുൻ കോൺഗ്രസ് നേതാവ് പി.ജെ. പൗലോസിന്റെ മണ്ണാർക്കാട്ടെ വസതിയിലും പോയി.
ഇന്നും ജില്ലയിൽ ചില സ്വകാര്യ സന്ദർശനങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന. എന്നാൽ മാധ്യമങ്ങളെയോ പൊതുപരിപാടികളെയോ എം.എൽ.എ അറിയിക്കാതെ എത്തിയാൽ തടയും എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി. കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. കോൺഗ്രസിന് അനുകൂലമായി സഹതാപ തരംഗം ഉണ്ടാക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും അടുത്ത ഘട്ട നടപടികളെന്നും അവർ വ്യക്തമാക്കി.
എം.എൽ.എ എത്തുമെന്ന വിവരം പുറത്തു വന്നതോടെ, പുലർച്ചെ മുതൽ പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫീസിന് മുന്നിൽ പൊലീസ് കാവൽ ശക്തമാക്കിയിരുന്നു .
Leave a Reply