ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാതൃത്വ പരിചരണത്തിൽ സുരക്ഷ ഉറപ്പാക്കിയതായി തെറ്റായി റിപ്പോർട്ട് ചെയ്ത ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻ.എച്ച്.എസ്. ട്രസ്റ്റ് ഏകദേശം 5 മില്യൺ പൗണ്ട് തിരികെ പിഴയായി നൽകേണ്ടി വന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എൻ.എച്ച്.എസ്. റിസല്യൂഷന്റെ മറ്റേണിറ്റി ഇൻസെന്റീവ് സ്കീം പ്രകാരം 10 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് ട്രസ്റ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് £4.8 മില്യൺ അവർക്ക് ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ജൂണിൽ കെയർ ക്വാളിറ്റി കമ്മീഷൻ (CQC) പുറത്തിറക്കിയ റിപ്പോർട്ടിൽ ട്രസ്റ്റിന്റെ മാതൃത്വസേവനങ്ങൾ അപര്യാപ്തം എന്ന് വിലയിരുത്തുകയും അമ്മമാരെയും കുഞ്ഞുങ്ങളെയും ഗുരുതര അപകടത്തിൽ ആക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്രസ്റ്റ് തെറ്റായി റിപ്പോർട്ട് ചെയ്തുവെന്ന് കണ്ടെത്തിയതാണ് പിഴ ചുമത്തുന്നതിന് കാരണമായത് .
2020-ൽ തന്റെ മകൾ നഷ്ടപ്പെട്ട ഫിയോണ വിൻസർ-റാം ഉൾപ്പെടെ നിരവധി കുടുംബങ്ങൾ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വെസ് സ്ട്രീറ്റിംഗ് ഇതുവരെ അന്വേഷണത്തിന് ഉത്തരവിടാൻ വിസമ്മതിച്ചെങ്കിലും കുടുംബങ്ങൾ പ്രതീക്ഷ തുടരുന്നു. ലീഡ്സ് ട്രസ്റ്റിൽ തന്നെ മോശം പരിചരണം നേരിട്ടതായി നിരവധി മാതാപിതാക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു . സ്വയം വിലയിരുത്തലിനെ ആശ്രയിച്ചുള്ള മറ്റേണിറ്റി ഇൻസെന്റീവ് സ്കീമിൽ രാജ്യവ്യാപകമായി ഒട്ടേറെ വീഴ്ചകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകിയ 24 ട്രസ്റ്റുകൾ ഇതിനകം പണം തിരികെ നൽകേണ്ടി വന്നിട്ടുണ്ട് .
പൂർണ്ണമായും മാനദണ്ഡങ്ങൾ പാലിക്കാനായിട്ടില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞതായി ട്രസ്റ്റിന്റെ ചീഫ് മെഡിക്കൽ ഓഫീസർ മാഗ്നസ് ഹാരിസൺ കുറ്റസമ്മതം നടത്തിയിരുന്നു. മാതൃത്വ പരിചരണം മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി ലഭിച്ച ഈ തുക സേവനങ്ങൾ ശക്തിപ്പെടുത്താൻ ഉപയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കുടുംബങ്ങളും ആരോഗ്യ പ്രവർത്തകരും സിസ്റ്റത്തിലുണ്ടായിരുന്ന ദീർഘകാല വീഴ്ചകൾ അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിട്ടുണ്ട് .
Leave a Reply