ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മദ്യപിച്ച് ജോലിക്ക് എത്തിയ മലയാളിയായ കെയർ ഹോം ജീവനക്കാരിക്ക് ജോലി നഷ്ടമായ വാർത്ത പുറത്തു വന്നിരിക്കുന്നത് ബ്രിട്ടനിലെ മലയാളി സമൂഹത്തെ ആകെ ആശ്ചര്യപ്പെടുത്തുന്നതാണ്. സാധാരണ മലയാളികൾ ജോലി സ്ഥലങ്ങളിൽ പുലർത്തുന്ന പ്രൊഫഷണലിസത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള വാർത്തയാണ് ഇത്. ഇതിന് പുറമേ പിരിച്ചുവിട്ട യുവതി ആത്മഹത്യാശ്രമം നടത്തിയെന്ന് വ്യാജ വാർത്തഅവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജോലിക്കു പതിവായി മദ്യപിച്ച നിലയില്‍ എത്തിയ യുവതിക്ക് നിരന്തരം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിക്കുകയും, കൂടെ ജോലി ചെയ്തിരുന്ന മലയാളികള്‍ തന്നെ റിപ്പോര്‍ട്ടിങ്ങിനു തയ്യാറാവുകയും ചെയ്ത ഘട്ടത്തിലാണ് യുവതിയെ പിരിച്ചു വിടാന്‍ മാനേജമെന്റ് തീരുമാനിച്ചതെന്നാണ് കെയർ ഹോം നൽകിയ വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ ഇതൊന്നും തന്നെ പുറത്തു പറയാതെ, തന്നെ അകാരണമായാണ് പുറത്താക്കിയതെന്നും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ക്രോയ്‌ഡോണിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകയും കൗണ്‍സില്‍ ജീവനക്കാരിയുമായ വനിതയുമായി ബന്ധപ്പെടുകയും ചെയ്തതായി പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.

ജോലിസ്ഥലത്തു നിന്നും അകാരണമായി പിരിച്ചുവിട്ടതിനാൽ ഇവർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്ന വിവരമാണ് ഇവർ എല്ലാവരോടും വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് യുവതിയുടെ ഭാഗത്തുനിന്നും ബന്ധപ്പെട്ടവർ മാനേജ്മെന്റുമായി സംസാരിച്ചെങ്കിലും, പിന്നീട് അവർ അയച്ച കത്തിലാണ് ഈ വിവരങ്ങളെല്ലാം തന്നെ പുറത്തുവന്നത്. മാഞ്ചസ്റ്ററില്‍ ഉള്ള ഒരു ഏജന്റ് വഴി യുവതി പത്തു ലക്ഷം രൂപയിലേറെ നല്‍കിയാണ് യുകെയില്‍ എത്തിയത്. തലവേദന എടുത്തപ്പോള്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ വൈന്‍ മാത്രമാണ് കുടിച്ചു എന്നാണ് യുവതി ആവർത്തിച്ച് വ്യക്തമാക്കുന്നത്. തന്റെ ഭർത്താവ് മൂലമാണ് താൻ ഈയൊരു സാഹചര്യത്തിൽ എത്തപ്പെട്ടതെന്ന് അവർ പറയുന്നു.

ഇത്തരത്തിൽ എഡിന്‍ബറോയില്‍ മദ്യപിച്ചു ജോലിക്കെത്തിയ ഡെപ്യൂട്ടി മാനേജര്‍ക്ക് എതിരെ സ്‌കോട്ടിഷ് സോഷ്യല്‍ സര്‍വീസ് കൗണ്‍സില്‍ നടപടി എടുത്ത കാര്യം ഇന്നലെ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിരുന്നു. സമാനമായ തരത്തില്‍ കാര്‍ഡിഫില്‍ ഉള്ള കെയര്‍ ഹോമിലും മലയാളി യുവതികള്‍ നടപടി നേരിടുകയാണ്. ഇവര്‍ സൗജന്യമായി ജോലി ലഭിച്ച് എത്തിയ യുവതികളാണ്. രാത്രി വൈകി വരെ മദ്യസേവ തുടര്‍ന്ന് പിറ്റേന്നു ലഹരി വിടാതെ ജോലിക്ക് എത്തുന്ന സാഹചര്യമുണ്ടായതോടെയാണ് നിരവധി ഇടങ്ങളിൽ പരാതികൾ ഉയർന്നു വന്നിരിക്കുന്നത്. ഇത്രമൊരു സാഹചര്യത്തിൽ ബ്രിട്ടീഷ് മലയാളികൾക്ക് ആകെ നാണക്കേട് ഉണ്ടാകുന്ന തരത്തിലുള്ള പെരുമാറ്റമാണ് മലയാളികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.