ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന കിഡോ നേഴ്സറി ശൃംഖലയിലെ ഏകദേശം 8,000 കുട്ടികളുടെ പേര്, ചിത്രങ്ങള്‍, വിലാസങ്ങള്‍ എന്നിവ സൈബര്‍ കുറ്റവാളികളുടെ ഒരു സംഘം കവർന്നെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു . ഹാക്കര്‍മാര്‍ കമ്പനിയോട് പണം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടെയും കെയര്‍ടേക്കര്‍മാരുടെയും വിവരങ്ങളും ഇവര്‍ക്ക് ലഭിച്ചതായാണ് ഇതുവരെ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . കുറ്റവാളികൾ ചിലരെ ഫോണ്‍ വഴി ബന്ധപ്പെട്ട് തട്ടിപ്പ് ശ്രമങ്ങള്‍ക്ക് വിധേയമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെട്രോപോളിറ്റന്‍ പോലീസ് റാന്‍സംവെയര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. കമ്പനി ഇതുവരെ ഹാക്കര്‍മാരുടെ ആരോപണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല, എന്നാല്‍ ഒരു നേഴ്സറിയിലെ ജീവനക്കാര്‍ ഡേറ്റാ ചോർന്നതിനെ സംബന്ധിച്ച് അറിയിച്ചതായി വാർത്തകൾ പുറത്ത് വന്നിട്ടുണ്ട് . ഇൻഫർമേഷൻ അതോറിറ്റിയുടെ ഓഫീസ് (ICO) സംഭവത്തെ കുറിച്ച് കിഡോ ഇന്റര്‍നാഷണല്‍ നിന്ന് ഔദ്യോഗിക റിപ്പോർട്ട് സ്വീകരിച്ചതായി സ്ഥിരീകരിച്ചു, ഐടി വിദഗ്ധര്‍ ഹാക്കര്‍മാര്‍ കുട്ടികളുടെ വിവരങ്ങള്‍ വിൽപ്പനയ്ക്കോ മറ്റൊരു ഓൺലൈൻ ദുരുപയോഗത്തിനോ ഉപയോഗിക്കുമോ എന്ന് പരിശോധിക്കുകയാണ്. രക്ഷിതാക്കളെ വിവരം പെട്ടെന്ന് അറിയിക്കുകയും, നേഴ്സറിയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യാന്‍ കമ്പനി നിർദ്ദേശങ്ങൾ സ്വീകരിച്ചു.
സമീപകാലത്ത് നിരവധി പ്രമുഖ കമ്പനികള്‍ സൈബര്‍ ആക്രമണങ്ങളുടെ ഇരകളായി മാറിയിരുന്നു . ഏപ്രില്‍ മാസത്തിലെ ഒരു ഹാക്കിംഗ് ശ്രമം കോ-ഓപ്പ് കമ്പനിക്ക് £80 മില്യണ്‍ ലാഭനഷ്ടത്തിന് കാരണമായിരുന്നു. ബ്രിട്ടനിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് കമ്പനിയുടെ ഉൽപാദനം താൽക്കാലികമായി നിലച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്നിന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സോളിഹൾ, വുൾവർഹാംപ്ടൺ, ഹാലിവുഡ് ഫാക്ടറികളിൽ നിന്നുള്ള ഉൽപാദനം ഒക്ടോബർ ഒന്നിന് മുമ്പ് പുനരാരംഭിക്കാനാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉൽപാദനം മുടങ്ങിയതിനെ തുടർന്ന് കമ്പനിക്ക് പ്രതിവാരം ഏകദേശം 50 മില്യൺ പൗണ്ട് നഷ്ടം സംഭവിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത് .
Leave a Reply