സ്വന്തം ലേഖകന്‍
കൊച്ചി : ഒരാൾ വിശ്വസിക്കുന്ന പാർട്ടി തെറ്റ് ചെയ്താൽ അത് പറയരുത്. എല്ലാ രാഷ്ട്രീയ പാർട്ടിയുടേയും അവസ്ഥ ഇതാണ്. ഏതെങ്കിലുമൊരു പാർട്ടിയുടെ ആളല്ലെങ്കിൽ മിണ്ടാതിരുന്നോണം. എന്തൊരു കഷ്ടമാണിത് ?.  സിനിമ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിക്ക് എതിരെ കേരളത്തിലെ തരംതാണ രാഷ്ട്രീയ പ്രവര്‍ത്തകരുടെ വക മാനസിക ആക്രമണം. കേരളത്തില്‍ ഈ അടുത്ത കാലങ്ങളില്‍ ആയി നടന്നിട്ടുള്ള പല സ്ത്രീ പീഡനങ്ങള്‍ക്ക് എതിരെയും, സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിച്ച പല കൊല്ലരുതായ്മകള്‍ക്ക് എതിരെയും പ്രതികരിച്ച ഭാഗ്യലക്ഷ്മിയെ പല രീതിയില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത്. ഈ തെറ്റുകള്‍ക്ക് എതിരെ പ്രതികരിച്ച തന്നെ പല രിതീയിലും ആക്രമിക്കുന്നു എന്നാണ് സ്വന്തം ഫേസ്ബുക്കിലൂടെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നത്.

ജിഷയുടെ കൊലപാതകം, നോട്ട് നിരോധിക്കല്‍, ഭാവനയോടുള്ള ആക്രമണം തുടങ്ങിയ പല വിഷയങ്ങളിലും വളരെ ശക്തമായ ഭാഷയില്‍ സമൂഹ മനസാക്ഷിക്ക് ഒപ്പം നിന്ന് ഭാഗ്യലക്ഷ്മി ഇരകള്‍ക്ക് വേണ്ടി പ്രതികരിച്ചിരുന്നു. ഇതില്‍ കലിപൂണ്ട വിവിധ രാഷ്ട്രീയക്കാരും, അവരുടെ പക്ഷം താങ്ങികളുമാണ് ഭാഗ്യലക്ഷിക്ക് എതിരെ വിമര്‍ശനങ്ങളുമായി വരുന്നത്. ഭാഗ്യലക്ഷ്മിയെ പോലെയുള്ളവരുടെ സത്യസന്ധമായ പരസ്യ പ്രതികരണങ്ങള്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ദിനം പ്രതി അവരുടെ പ്രവര്‍ത്തകരെ നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുന്നു എന്നതാണ് സത്യം. കേരളത്തിലെ നിലവിലെ രാഷ്ട്രീയ‍ത്തില്‍ നിന്നും മാറി ചിന്തിക്കണം എന്ന് കരുതുന്ന ഒരു വലിയ കൂട്ടം ജനം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉത്തു കൂടുന്നു എന്നത് കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഒറക്കം കെടുത്തുന്നു എന്നതാണ് ഭാഗ്യലക്ഷിക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ നിന്നും വെളിവാകുന്നത്. ഏതായാലും നൂറുകണക്കിന് ആളുകളാണ് ഭാഗ്യലക്ഷിയുടെ നിലപാടികളെ പ്രകീര്‍ത്തിച്ച് എല്ലാവിധ പിന്തുണയും അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

ഭാഗ്യലക്ഷിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്

ഈ നാട്ടിൽ ഒന്നും ചെയ്യാനോ പറയാനോ അവകാശമില്ലാതായിരിക്കുന്നു ആർക്കൊക്കെയോ വേണ്ടി സംസാരിക്കണം ജീവിക്കണം, എഴുതണം… ഒരു പാർട്ടിയല്ലെങ്കിൽ മറ്റൊരു പാർട്ടി.. എല്ലാവരും ഏകപക്ഷീയമാണ്.. ഒരാൾ വിശ്വസിക്കുന്ന പാർട്ടി തെറ്റ് ചെയ്താൽ അത് പറയരുത്.. എല്ലാ രാഷ്ട്രീയ പാർട്ടിയുടേയും അവസ്ഥ ഇതാണ്.. ഏതെങ്കിലുമൊരു പാർട്ടിയുടെ ആളല്ലെങ്കിൽ മിണ്ടാതിരുന്നോണം.. എന്തൊരു കഷ്ടമാണിത്. നാല്പത് വർഷത്തെ സിനിമാ ജീവിതത്തിൽ നിന്ന് അല്പം മാറിനിന്ന്, കുട്ടിക്കാലത്ത് അനുഭവിച്ച അനാഥത്വവും ദാരിദ്ര്യവും വേദനയുമൊക്കെ ഒരു ആത്മകഥയായി എഴുതിയപ്പോൾ എന്തോ ഒരു സ്നേഹത്തിന്റേയോ വിശ്വാസത്തിന്റേയോ പേരിൽ പല പല സങ്കടങ്ങളുമായി എന്റെയരികിലേക്ക് വരുന്നവർക്ക് വേണ്ടിയാണ് സമൂഹത്തിലിറങ്ങി പ്രതികരിക്കാൻ തുടങ്ങിയത്. അതിന് കേൾക്കേണ്ടി വരുന്ന വിമർശനം കുറച്ചൊന്നുമല്ല.. നിങ്ങളാരാ?.. ഈ നാട്ടിലെ സ്ത്രീ സുരക്ഷിതത്വം മുഴുവൻ നിങ്ങൾ ഏറ്റെടുത്തിരിക്കുകയാണോ? 

ഇത്രയും കാലം എവിടെയായിരുന്നു?, മറ്റേ കേസിൽ ഒന്നും മിണ്ടാത്തതെന്താ?,
സിനിമയിലെ കാര്യം നോക്കിയാൽ പോരേ?. ടിവിയിൽ സംസാരിച്ചാലും എഫ് ബി പോസ്റ്റിട്ടാലും പബ്ളിസിറ്റിക്ക് വേണ്ടിയല്ലേ?. പുരുഷ വിദ്വേഷി,ഫെമിനിസ്റ്റ്,അഹങ്കാരം,ജാട…
ഹോ എന്തൊക്കെയാണ്.. അല്ലാ എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്യാ ഇതെങ്ങനെയാ? എത്ര കൊല്ലം മുമ്പ് മുതലാണ് പ്രതികരിച്ച് തുടങ്ങേണ്ടത്?, ഒരു കേസിലിടപെട്ടാൽ
എല്ലാ കേസിലും ഇടപെടണോ? എന്നിട്ട് കോടതിയിൽ തന്നെ താമസിച്ച് കേസിന്റ വിവരമിങ്ങനെ ചോദിക്കുന്നവരെ അറിയിച്ചു കൊണ്ടിരിക്കണോ? സിനിമാക്കാര് പൊതു പ്രശ്നത്തിൽ ഇടപെടരുതെന്ന് വല്ല നിയമവുമുണ്ടോ?. പീഡന വിഷയം പറയുമ്പോ ഈ പാർട്ടിക്കാർ തെറി വിളിക്കുന്നു ആയിരം രൂപ നോട്ടിന്റെ ബുദ്ധിമുട്ട് പറഞ്ഞപ്പൊ അവര് തെറി വിളിക്കുന്നു..
ഇനി സങ്കടം പറഞ്ഞ് വരുന്നവരോട് ഫേസ് ബുക്കിലുളളവരോട് ചോദിച്ചിട്ട് സഹായിക്കാമെന്ന് പറയണോ?


ആരെയാ സന്തോഷിപ്പിക്കേണ്ടത്? ആരെയാ സഹായിക്കേണ്ടത്?അതോ ആര് കരഞ്ഞാലും പീഡിപ്പിക്കപ്പെട്ടാലും എനിക്കെന്താണ് എന്റെ കാര്യം നോക്കി ജീവിച്ചാൽ പോരേന്നാണോ?.രാഷ്ട്രീയമില്ലാത്തവർ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ പാടില്ലേ?ഒന്നും മനസ്സിലാവുന്നില്ല..ഓരോ ചോദ്യത്തിനും മറുപടി പറയാൻ വയ്യ.പറഞ്ഞില്ലെങ്കിൽ എനിക്കുത്തരം മുട്ടി എന്ന് കരുതും. ഒന്നും ചെയ്യാതെ ഒരു വിഷയത്തിലും പ്രതികരിക്കാതിരിക്കാൻ ആവത് ശ്രമിച്ചു. പറ്റുന്നില്ല. മടുത്തു…അറിയാവുന്നവർ ഒന്നു പറഞ്ഞു തരൂ. അതുപോലെ ചെയ്യാം.

17078554_2241648999393027_935510014_n